തലായി തുറമുഖത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണും -മന്ത്രി

തലശ്ശേരി : തലായി മത്സ്യബന്ധ തുറമുഖത്തിന്റെയും ഗോപാലപ്പേട്ട ഫിഷ് ലാൻഡിങ് സെന്ററിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. തീരദേശമത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിയാൻ തലായി തുറമുഖവും തലശ്ശേരി മത്സ്യമാർക്കറ്റിലെ പ്രശ്‌നമറിയാൻ മത്സ്യമാർക്കറ്റും മന്ത്രി സന്ദർശിച്ചു.
തലായിതുറമുഖം തുടങ്ങുമ്പോൾ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
തലായി തുറമുഖത്തെ മണ്ണ് നീക്കി ഹാർബർ പ്രവർത്തനം സുഗമമാക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി സംഘടനകൾ മന്ത്രിയ്ക്ക് നിവേദനം നൽകി. ആധുനിക ഉണക്ക് മത്സ്യശാല ചാലിൽ സ്ഥാപിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. തലശ്ശേരിയിൽ ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. പരിശോധിച്ച് പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് സ്‌പെഷൽ സെക്രട്ടറി അബ്ദുൾനാസർ, ഉദ്യോഗസ്ഥരായ എൻ. ജുഗ്നു, പി. അനീഷ്, നഗരസഭാ കൗൺസിലർ ഷഹനാസ് മൻസൂർ, നേതാക്കളായ എം.പി. അരവിന്ദാക്ഷൻ, കെ.എ. ലത്തീഫ്, പാലക്കൽ സാഹിർ, എ.കെ. അബൂട്ടിഹാജി, സി.ജി. അരുൺ, എൻ. മഹമൂദ്, അനസ്ചാലിൽ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.