അയ്യപ്പൻതോട് അനുബന്ധറോഡ് എന്നുതീരും പ്രവൃത്തി

കൂത്തുപറമ്പ് : മാങ്ങാട്ടിടം അയ്യപ്പൻതോട് അനുബന്ധ റോഡിന്റെ നിർമാണപ്രവൃത്തി പൂർത്തിയാകാത്തത് യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടാകുന്നു. കിണവക്കൽ-വേങ്ങാട് റോഡിൽ അയ്യപ്പൻതോട് പഴയ പാലം പൂർണമായും പൊളിച്ചുനീക്കി പുതിയപാലം നിർമി​െച്ചങ്കിലും അനുബന്ധ റോഡ് പ്രവൃത്തി നീളുകയാണ്.

ഫെബ്രുവരിയിൽ ആരംഭിച്ച പാലം നിർമാണം മേയ് അവസാനത്തോടെ പൂർത്തിയായിരുന്നു. വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. നിലവിൽ റോഡിലെ മെറ്റൽ ഇളകിയിരിക്കുന്നതിനാൽ ഇവ തെറിച്ച് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും പരിക്ക് പറ്റുന്നത് പതിവാണ്. കൂടാതെ പൊടിശല്യവും അതിരൂക്ഷമാണ്.

റോഡിന്റെ വശങ്ങളിലായി കടകളിലെ വ്യാപാരികളാണ് പൊടിശല്യത്താൽ ബുദ്ധിമുട്ടുന്നത്. റോഡിലെ പൊടികാരണം കടകളിൽ ആളുകൾ എത്തുന്നത് കുറവാണെന്നും മാസ്ക്‌ ധരിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണെന്നും സമീപത്തെ കച്ചവടക്കാർ പറയുന്നു. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും പറയുന്നു. റോഡ് ശരിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊടിയും ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മാസങ്ങളായി ഈ പാലത്തിന്റെ പ്രവൃത്തി കഴിഞ്ഞിട്ട്. 200 മീറ്ററോളം റോഡിന്റെ പണിയാണ് നീണ്ടുനിൽക്കുന്നത്. ഇത് വഴി വാഹനങ്ങൾ വളരെ വേഗത്തിൽ പോകുമ്പോൾ കല്ല് തെറിക്കുന്നത് പതിവാ​െണന്ന്‌ ഓട്ടോ ഡ്രൈവറായ ടി.പി.ഷംസീർ പറഞ്ഞു. ഒന്നുരണ്ട് വാഹനത്തിന്റെ ഗ്ലാസ് തകർന്നിട്ടുണ്ട്. അതുപോലെ മൂന്നുപേരുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഈ മാസം 30-നകം ടാർചെയ്യാമെന്നാണ് കരാറുകാരൻ പറയുന്നത്. പ്രവൃത്തി വേഗത്തിലാക്കിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ടി.പി.ഷംസീർ പറഞ്ഞു.

ഒക്ടോബർ 15-ഓടെ പണി തുടങ്ങാനാകും

അയ്യപ്പൻതോട് പാലം പ്രവൃത്തി മേയ് മാസത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഇരുവശത്തുമായി 200 മീറ്റർ അങ്ങോട്ടുമിങ്ങോട്ടുമുള്ള റോഡ് ടാറിങ് മുഴുവനാക്കാൻ പറ്റിയിട്ടില്ല. അപ്പോ​േഴക്കും മഴ കാരണം നിർത്തിവെക്കേണ്ടി വന്നു. ഇപ്പോൾ കല്ല് തെറിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എൻജിനിയറിങ് വിഭാഗവുമായും കരാറുകാരനുമായും സംസാരിച്ചിട്ടുണ്ട്. ടാർ ലഭ്യമാകാത്തതിനാലാണ്‌ പ്രവൃത്തി നീളുന്നത്. ഒക്ടോബർ 15-ഓടെ റോഡുപണി തുടങ്ങാൻ സാധിക്കും

സന്ധ്യാലക്ഷ്മി,

മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ്