പഴശ്ശി പദ്ധതിയിൽ വളരും ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ

ഇരിട്ടി : പൊതുജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പഴശ്ശി പദ്ധതിയിൽ ഒരുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു. ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധജലാശയങ്ങളിൽ കാർപ്പ് ഇനത്തിലുള്ള മത്സ്യക്കുഞ്ഞുങ്ങളെയും ഉപ്പുവെള്ള ജലാശയങ്ങളിൽ കരിമീൻ, ചെമ്മീൻ എന്നിവയെയുമാണ് നിക്ഷേപിക്കുന്നത്. പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പൂവ്വംകടവിലാണ് ഒരുലക്ഷം കുഞ്ഞുങ്ങളെ തുറന്നുവിട്ടത്.
10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. പടിയൂർ പൂവ്വംകടവിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബോബി എണ്ണച്ചേരിയിൽ അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ. ജുഗ്നു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. പ്രദീപൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബി. ഷംസുദ്ദീൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാജീവ്, അംഗങ്ങളായ കെ.വി. മനോഹരൻ, ഷഹനാ രാജീവ്, പി.കെ. പ്രദീപൻ, ടി. മുഹമ്മദ് സജീർ എന്നിവർ സംസാരിച്ചു.