എന്തിന് നശിപ്പിക്കുന്നു

മട്ടന്നൂർ : പമ്പിങ്ങ് നിലച്ചിട്ട് വർഷങ്ങളായതോടെ കീഴല്ലൂർ അണക്കെട്ടും പരിസരത്തെ കെട്ടിടങ്ങളും ഉപയോഗശൂന്യമായി നശിക്കുന്നു. തലശ്ശേരി-മാഹി ഭാഗങ്ങളിൽ കുടിവെള്ളമെത്തിച്ചിരുന്ന കീഴല്ലൂർ അണക്കെട്ടിലെ പമ്പിങ്ങ് സ്റ്റേഷന്റെ പ്രവർത്തനം നാലുമാസം മുമ്പാണ് നിലച്ചത്.

പെരളശ്ശേരി പദ്ധതിയിൽ നിന്നാണ് തലശ്ശേരി ഭാഗങ്ങളിൽ ഇപ്പോൾ കുടിവെള്ളമെത്തിക്കുന്നത്. 1972-ലാണ് കീഴല്ലൂർ അണക്കെട്ടിന്റെ പ്രവർത്തനം തുടങ്ങിയത്. ആറു ഷട്ടറുകളോടെ നിർമിച്ച അണക്കെട്ടിൽ നിന്ന് നിരവധി ലിറ്റർ വെള്ളമാണ് ദിവസവും പമ്പ് ചെയ്തിരുന്നത്. എല്ലാ വർഷവും വേനൽക്കാലത്ത് ഡാമിൽ നിന്നുള്ള പമ്പിങ്ങ് തടസ്സപ്പെടാറുണ്ടായിരുന്നു. നവീകരണ പ്രവൃത്തി നടത്താതെ വന്നതോടെ പമ്പിങ്ങിനുള്ള ശേഷി കുറഞ്ഞു.

2022 നവംബറിലാണ് പമ്പിങ്ങ് നിർത്തിയത്. വെളിയമ്പ്ര ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നാണ് കീഴല്ലൂരിൽനിന്ന് വെള്ളമെത്തിച്ചിരുന്ന ഭാഗങ്ങളിൽ ഇപ്പോൾ ജലവിതരണം നടത്തുന്നത്. അണക്കെട്ടിന്റെ സംഭരണിയുടെ ഭിത്തികളും മതിലും മറ്റും തകർന്നിരുന്നു. ഷട്ടർ അടച്ച് ജലം സംഭരിക്കുമ്പോൾ സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറുന്ന പ്രശ്നമുണ്ടായതിനാൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചു. വലിയ തോതിൽ ചോർച്ചയുമുണ്ട്. മഴ ഇല്ലാത്ത സമയത്ത് ഷട്ടറുകൾ അടച്ചു വെള്ളം സംഭരിക്കാറുണ്ടെങ്കിലും ഇപ്പോൾ ഷട്ടറുകൾ അടക്കാതെ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുകയാണ്. പമ്പിങ്ങ് സ്റ്റേഷൻ അടച്ചിട്ടതോടെ മോട്ടോറുകളും മറ്റും തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണ്.

വർഷങ്ങൾക്ക് മുമ്പ് വെള്ളം സംഭരിക്കുന്നതിനായി ഷട്ടറിനോട് ചേർന്ന് മൺചാക്കുകളിട്ട് വെള്ളം സംഭരിക്കുകയും പിന്നീട് ഇവ മാറ്റാതിരിക്കുയും ചെയ്തത് പുഴയുടെ സംഭരണശേഷി കുറക്കാൻ ഇടയാക്കി. കീഴല്ലൂരിലെ ജലഅതോറിറ്റിയുടെ ക്വാർട്ടേഴ്സുകളും കാടുകയറി നശിച്ചുകഴിഞ്ഞു. വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ പല കെട്ടിടങ്ങളും തകർന്നു. കുടിവെള്ളം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുമ്പോൾ ജലവിതരണ പദ്ധതികൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. അണക്കെട്ട് സംരക്ഷിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.

18 ക്വാർട്ടേഴ്സുകൾ

:കീഴല്ലൂർ ശുദ്ധജല പദ്ധതി നടപ്പാക്കിയപ്പോഴാണ് ജലഅതോറിറ്റി ജീവനക്കാർക്ക് താമസിക്കുന്നതിനായി 18 ക്വാർട്ടേഴ്സുകൾ നിർമിച്ചത്. ജലഅതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയരുടെ ഓഫീസ് കീഴല്ലൂരിൽ നിന്ന് മാറ്റിയതോടെയാണ് കെട്ടിടങ്ങൾ അനാഥമായത്. പല കെട്ടിടങ്ങളുടെയും മേൽക്കൂരയടക്കം തകർന്നു വീണു. ജനവാസമില്ലാത്തതിനാൽ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ് ക്വാർട്ടേഴ്സുകൾ.