കാട് കയറി വളപട്ടണം റെയിൽവേ സ്റ്റേഷൻ

വളപട്ടണം : റെയിൽവേ സ്റ്റേഷന്റെ കിഴക്കും പടിഞ്ഞാറും വെളിച്ചംകടക്കാത്ത കാടുകൾ. പ്ലാറ്റ്ഫോമിലടക്കം കാടുകയറി. രാത്രിയിൽ വെളിച്ചക്കുറവ്.
ഒരുകാലത്ത് മലഞ്ചരക്ക്, മരം, സിമൻറ് കയറ്റുമതിയുടെ ഈറ്റില്ലമായ വളപട്ടണത്തെ റെയിൽവേ സ്‌റ്റേഷന്റെ അവസ്ഥ പരിതാപകരം. പ്രതിമാസം 12,000 യാത്രക്കാരും ഏഴ് ലക്ഷം രൂപ വരുമാനവുമുള്ള സ്‌റ്റേഷനായിരുന്നു. മരം, മലഞ്ചരക്ക് മേഖല തകർന്നു. യാത്രക്കാരും വരുമാനവും പകുതിയോളം കുറഞ്ഞു. 1980-ൽ വളപട്ടണം റോഡ് പാലം തുറന്നു. ഗതാഗതം വഴിമാറി. അതോടെ വളപട്ടണം അങ്ങാടിയുടെ പ്രതാപം കുറഞ്ഞു.
മലഞ്ചരക്ക് ഗോഡൗണകൾ കാലപ്പഴക്കത്താൽ തകർന്നു. വളപട്ടണം പുഴയിൽ കൂട്ടിയിട്ട മരത്തടികളും പഴയപോലെ ഇല്ല. തമിഴ് നാട്ടിൽനിന്ന് സിമൻറ് എത്തുന്ന വാഗണുകൾ എപ്പോഴെങ്കിലും മാത്രം. വ്യാപാരികൾ ലോറികളിൽ നേരേ ഗൊഡൗണിൽ സിമൻറ് എത്തിക്കുകയാണ്. റെയിൽവേക്കുള്ള വരുമാനവും കുറഞ്ഞു.
മലബാർ, ഏറനാട് എക്സ്പ്രസ് വണ്ടികൾക്ക് പുറമെ എട്ടോളം പാസഞ്ചർ വണ്ടികളും നിർത്തുന്ന സ്റ്റേഷനാണിത്. തിരുവന്തപുരത്തേക്ക് റിസർവേഷൻ സൗകര്യമുണ്ടായിരുന്നു. എല്ലാ ഓൺലൈനായതോടെ ആരും ആ വിഭാഗത്തിൽ എത്തുന്നില്ല. പ്ലാറ്റ് ഫോമിന്റെ മേൽക്കൂര പേരിനുമാത്രം. യാത്രക്കാർ മഴയും വെയിലും കൊള്ളണം. പ്ലാറ്റ്ഫോമിൽ ഇറങ്ങുന്ന സ്ഥലത്ത് ഇഴജീവിയുണ്ടോയെന്ന് ടോർച്ചടിച്ചുനോക്കണം. അത്രക്കുണ്ട് കാട്. ഇരിപ്പിടങ്ങളും കുറവുതന്നെ. മിൽ റോഡിൽനിന്ന് അങ്ങാടിയിലേക്ക് പാത മുറിച്ചുകടന്നാണ് പലരും എത്തുന്നത്. ഈ എളുപ്പവഴി അധികൃതർ അടച്ചു.
പകരം മേൽനടപ്പാത വേണമെന്ന് മുറവിളികൂട്ടുന്നുണ്ട്. ആരും കനിയുന്നില്ല. അതുപോലെ പ്ലൈവുഡ് തൊഴിലാളികളുടെ പ്രത്യേകിച്ച് മറുനാടൻ തൊഴിലാളികളുടെ സൗകര്യാർഥം രാവിലെ 6.45-ന് തിരുവനന്തപുരത്തേക്കുള്ള പരശുരാം എക്പ്രസ് വണ്ടിക്ക് സ്‌റ്റോപ്പ് വളപട്ടണത്ത് വേണമെന്നതും ചിരകാലാഭിലാഷമാണ്.