അപകട വളവ്; ശ്രദ്ധ തെറ്റരുത്

കണ്ണൂർ : നഗരത്തിലെ തിരക്കേറിയ നാല് റോഡുകൾ ചേരുന്ന കവല, കുത്തനെയുള്ള ഇറക്കം, ബസ്‌സ്റ്റാൻഡിൽ സമയത്തിനെത്താൻ അമിതവേഗത്തിൽ വളഞ്ഞെത്തുന്ന ബസുകൾ, വൺവേ ആയ തിനാൽ ഒന്നും നോക്കാതെയുള്ള മറികടക്കൽ ഇങ്ങനെ അപകടസാധ്യതങ്ങൾ ഏറെയുള്ള ഇടം. അതാണ് ടൗൺസ്റ്റേ ഷന് സമീപത്തെ ബി.എസ്.എൻ.എൽ. ജങ്ഷനിൽനിന്ന് താവക്കരയിലേക്കുള്ള വൺവേ. വ്യാഴാഴ്ച റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റതും ഇവിടെവെച്ചാണ്.

കാൽനടയാത്രക്കാർ പലപ്പോഴും പേടിയോടെയാണ് ഈ റോഡിലൂടെ നടക്കാറുള്ളത്. ഒരുഭാഗത്ത് മാത്രമാണ് നടപ്പാതയുള്ളത്. ഈ റോഡരികിൽ നിരവധി സ്ഥാപനങ്ങളുള്ളതിനാൽ പലയിടങ്ങളിലും നടപ്പാത പാതിവെച്ച് മുറിയും. സ്ഥാപനങ്ങളിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ വാഹനങ്ങളും ഏറെയാണ്. അതിനാൽ കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ടിവരും. വൺവേ ആയതിനാൽ വീതിയുള്ള റോഡിൽ പലപ്പോഴും രണ്ടുനിരയായി വാഹനങ്ങളുണ്ടാകും. റോഡ് മുറിച്ചുകടക്കാനും ഏറെ പ്രയാസപ്പെടണം. ഗതാഗതക്കുരുക്കാണെങ്കിലും കിട്ടിയ സ്ഥലത്തിലൂടെ വാഹനങ്ങൾ കയറ്റുന്നതിനാൽ പലപ്പോഴും ബുദ്ധിമുട്ടുന്നത് കാൽനടയാത്രക്കാരാണ്.

കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലേക്കുള്ള ബസുകളെല്ലാം എത്തുന്നത് ഈ വഴിയിലൂടെയാണ്. കളക്ടറേറ്റിന് മുൻവശത്തൂടെ വരുന്നവയും പഴയ ബസ്‌സ്റ്റാൻഡ് ചുറ്റി വരുന്ന ബസുകളുമെല്ലാം ഇരുറോഡുകളിലും നിന്നായി ഈ റോഡിലേക്കാണ് കയറുന്നത്. പലപ്പോഴും അമിതവേഗം കാരണം സൈഡ് നൽകാതെയും മുന്നിലെത്താനുമായെല്ലാം മത്സരയോട്ടമാണ്. ഇതുകാരണം ബസ്‌യാത്രക്കാർപോലും ഈ റോഡിലെത്തുമ്പോൾ പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. പഴയ ബസ്‌സ്റ്റാൻഡിലേക്ക് പോകാതെ പുതിയ ബസ്‌സ്റ്റാൻഡിലേക്ക് കയറാനുള്ള ശ്രമത്തിനിടെ പലപ്പോഴും ചില ബസുകാർ ഈ കൊടുംവളവിലാണ് യാത്രക്കാരെ ഇറക്കാറുള്ളതും. വളവിലിറങ്ങുന്ന യാത്രക്കാർ ഒന്നും നോക്കാതെ നാലുറോഡുകൾ ചേരുന്ന ഈ കവലയിൽനിന്നുതന്നെ റോഡുമുറിച്ച് കടക്കാനും ശ്രമിക്കും. എല്ലാ ഭാഗത്തുനിന്നും വാഹനങ്ങൾ വേഗത്തിലെത്തുന്നതിനാൽ അപകടത്തിനുള്ള സാധ്യതയും കൂടുതലാണ്. വളവും ഇറക്കവും കാരണം പലപ്പോഴും ഡ്രൈവർമാർക്കും റോഡിലുള്ളവരെ കാണാനായെന്ന് വരില്ല.

വൺവേ തെറ്റിക്കരുത്, വേണം നടപ്പാതയും

ഈ റോഡിൽ ചെറിയ ദൂരത്താണ് വൺവേ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നിരവധി സ്ഥാപനങ്ങൾ റോഡിനിരുവശവും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെയെത്തുന്ന ഇരുചക്രവാഹനയാത്രക്കാർ പലപ്പോഴും വൺവേ തെറ്റിച്ച് കയറുന്നതും അപകടം വിളിച്ചുവരുത്തുന്നതാണ്. രാത്രി മിക്ക വാഹനങ്ങളും വൺവേ പാലിക്കാറുമില്ല. തിരക്കേറുന്ന സമയങ്ങളിൽ ഇതുവഴിയുള്ള കാൽനടയാത്രയും ദുഷ്കരമാണ്. റോഡിലെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞുകിടക്കുകയുമാണ്. ഇത് ഒഴിവാക്കാൻ വാഹനങ്ങൾ വളച്ചെടുക്കുന്നതും യാത്ര ദുഷ്കരമാക്കും.

നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പല റോഡുകളും നടപ്പാതകളും മോടികൂട്ടിയെങ്കിലും നഗരത്തിലെ തിരക്കേറിയ ഈ റോഡിൽ ഒരുമാറ്റവുമുണ്ടായിട്ടില്ല. അറ്റകുറ്റപ്പണി നടത്തി ഇരുഭാഗത്തും നടപ്പാത പണിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തിരക്കേറിയ സമയങ്ങളിൽ പോലും ഈ പ്രധാന ജങ്ഷനിൽ ട്രാഫിക് പോലീസ് ഉണ്ടാവാറില്ല. ടൗൺ പോലീസ് സ്റ്റേഷൻ അടുത്തായിട്ടും അപകടം നടന്ന് ഏറെനേരം കഴിഞ്ഞാണ് കൺട്രോൾറൂമിൽനിന്ന് പോലീസുകാർ ഇവിടെയെത്തിയത്.