ദേശീയപാത-66: പെരുമ്പ ബൈപ്പാസ് വൈകും

പയ്യന്നൂർ : പെരുമ്പ ബൈപ്പാസ് പൂർത്തിയാക്കി ദേശീയപാത-66 തുറന്നു കൊടുക്കാൻ ഇനിയും വൈകും. പെരുമ്പ പാലത്തിന്റെ ഇരുവശവും 110 മീറ്റർ വീതം വയഡക്ട് പുതുതായി നിർമ്മിക്കേണ്ടതിനാലാണിതെന്ന് നിർമ്മാണ ഏജൻസിയായ മേഘ എൻജിനീറിങ് പ്രതിനിധി താലൂക്ക് വികസന യോഗത്തിൽ അറിയിച്ചു. രൂപരേഖ തയ്യാറാക്കിയ ശേഷമായിരിക്കും നിലവിലുള്ള മണ്ണ് മാറ്റി തൂണുകളിൽ നിർമ്മാണം തുടങ്ങുക. അതിനാൽ വാഹനം ഓടിക്കൽ ഇനിയും വൈകും.

3.82 കിലോമീറ്റർ ദൈർഘ്യമുള്ള പയ്യന്നൂർ ബൈപ്പാസിന്റെ പണി ഏതാണ്ട് പൂർത്തിയായെങ്കിലും പെരുമ്പ പാലത്തിന്റെ ഇരുഭാഗവും സജ്ജമായാൽ മാത്രമെ തുറന്നു കൊടുക്കു. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായ താലൂക്ക് വികസന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ് ആണ് പെരുമ്പ ബൈപ്പാസിന്റെ പ്രവൃത്തി നിലയെക്കുറിച്ച് ചോദിച്ചത്.

മലയോര മേഖലയിൽ അനധികൃത ചെങ്കൽപ്പണകൾ വർധിക്കുന്നത് യോഗത്തിൽ വിഷയമായി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യമുയർന്നു. റോഡരികിലെ ഓവുചാലിന് പലയിടത്തും സ്ലാബ് ഇല്ലാത്തതും അമൃത് കുടിവെള്ള പദ്ധതിക്ക് റോഡ് കുഴിച്ച ഭാഗം മൂടാത്ത പ്രശ്‌നവും ജനപ്രതിനിധികൾ അടക്കം ചൂണ്ടിക്കാട്ടി. പഴയ പെരുമ്പപ്പാലം അറ്റകുറ്റപ്പണി നടത്തണമെന്നും ചെറുപുഴ ജോസ്ഗിരി, രാജഗിരി റോഡുകൾ നന്നാക്കണമെന്നും ആവശ്യമുയർന്നു. സ്വകാര്യ കമ്പനി മലയോര റോഡരികെ കുഴികൾ എടുത്തത് ശ്രദ്ധിക്കണമെന്നും ബസ്‌ സ്റ്റോപ്പുകൾക്കരികെയുള്ള സീബ്രാവര മാറ്റി വരക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പയ്യന്നൂർ നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരം നല്ല രീതിയിൽ നടക്കുന്നത് യോഗം ചർച്ച ചെയ്തു. പുതിയ ബസ്റ്റാൻഡ് പ്രവൃത്തി തുടങ്ങിയിട്ടുണ്ടെന്ന് നഗരസഭ എൻജിനിയറിങ് വിഭാഗം അറിയിച്ചു. തെരുവുനായശല്യം യോഗത്തിൽ വിഷയമായി. കോറോത്ത് ഷെൽട്ടർ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് നഗരസഭാ പ്രതിനിധി അറിയിച്ചു. പുതിയ താലൂക്ക് കോംപ്ലക്‌സിലെ പ്രവൃത്തി ഈമാസം 30-നുള്ളിൽ പൂർത്തീകരിക്കുമെന്ന് തഹസിൽദാർ പി. സജീവൻ യോഗത്തെ അറിയിച്ചു.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് മേധാവികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു.

'നഷ്ടപരിഹാരം' ഇല്ലാതെ തീരദേശ പാത

പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിലെ കുന്നരു-പാലക്കോട് തീരദേശ ഹൈവേ റീച്ചിലെ നിവാസികൾക്ക് നഷ്ടപരിഹാരം ലഭിക്കാത്ത വിഷയം വീണ്ടും യോഗത്തിൽ ചർച്ചയായി.

നാനൂറോളം സ്ഥല ഉടമകൾക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. 35 കോടി രൂപ ഒരു വർഷം മുമ്പ് റവന്യൂവകുപ്പിന് കൈമാറിയിട്ടും സർക്കാർ ഉത്തരവ് വരാത്തതിനാൽ ഇതുവരെ കൊടുക്കാൻ നടപടിയായില്ല. കരാർ ഉൾപ്പെടെ പൂർത്തിയായെങ്കിലും സർക്കാർ ഉത്തരവ് ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് തഹസിൽദാർ (എൽ.എ.) യോഗത്തിൽ അറിയിച്ചു.