കോപ്പാലം-കൊപ്പരക്കളം റോഡ് പണിപാതിവഴിയിൽ; യാത്രക്കാർ പ്രയാസത്തിൽ

പന്തക്കൽ : കോപ്പാലം ബസ് സ്റ്റോപ്പിൽനിന്ന്‌ കോടിയേരി റോഡിലേക്ക് ചേരുന്ന കൊപ്പരക്കളം റോഡ് പ്രവൃത്തി പാതിവഴിയിൽ നിർത്തിയത് യാത്രക്കാർക്ക് ദുരിതമാകുന്നു. അഞ്ച് മാസം മുൻപ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിരപ്പാക്കിയിരുന്നു. മഴ പെയ്തതോടെ നിരപ്പാക്കിയ റോഡിൽ കല്ലുകൾ പൊങ്ങി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ കല്ലുകളിൽ തട്ടി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. കോപ്പാലം ഭാഗത്ത് നിന്ന് മലബാർ കാൻസർ സെന്ററിലേക്ക് പോകുന്ന റോഡാണിത്. ഓട്ടം വിളിച്ചാൽ ടാക്സി വാഹനങ്ങൾ വരാൻ മടിക്കുകയാണ്. നടന്നുപോകുന്നവർക്കും റോഡിന് സമീപം താമസിക്കുന്നവർക്കും വാഹനങ്ങൾ കടന്നുപോകുമ്പോൾ കരിങ്കൽച്ചീളുകൾ ഏൽക്കുന്നതായും പരാതിയുണ്ട്. പൊടിശല്യവും രൂക്ഷമാണ്. റോഡിന്റെ ഇരുവശവും റോഡ് പണിക്ക് ആവശ്യമായ സാമഗ്രികൾ കൂട്ടിയിട്ടിട്ടുണ്ട്. അധികൃതർ ഇടപെട്ട് റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.