ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ കിടത്തിച്ചികിത്സ അത്യാസന്നനിലയിൽ

16 ഡോക്ടർമാർ​ വേണ്ടിടത്ത്‌ ആറുപേർ

ഇരിട്ടി : മലയോര മേഖലയിൽ രോഗങ്ങൾ പടരുമ്പോഴും ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ഡോക്ടർമാരുടെ കുറവ് കിടത്തി ചികിത്സയുൾപ്പെടെ പ്രതിസന്ധിയിലാക്കുന്നു. 16 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് ആറുപേർ മാത്രമാണുള്ളത്. 42 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിട്ടും പത്ത് പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഡോക്ടർമാർ കൂട്ടത്തോടെ ആസ്പത്രി വിട്ടതോടെ പാതിവഴിയിൽ ചികിത്സ അവസാനിപ്പിച്ച് മറ്റ് വഴികൾ തേടുകയാണ് ആളുകൾ.

ദിവസേന 900-ത്തോളം രോഗികളാണ് ഒ.പി.യിൽ ചികിത്സ തേടിയെത്തുന്നത്. എന്നാൽ, ഇത്രയും രോഗികളെ പരിശോധിക്കാൻ ആവശ്യമായത്ര ഡോക്ടർമാരില്ല. ഇതുകാരണം കിടത്തി ചികിത്സാ സൗകര്യമുണ്ടായിട്ടും രോഗികളെ ആസ്പത്രിയിൽ പ്രവേശിപ്പിക്കാതെ കണ്ണൂർ, പരിയാരം തുടങ്ങിയ ആസ്പത്രികളിലേക്ക് നിർദേശിക്കുന്നതായും ആരോപണമുണ്ട്. ഇതോടെ വാർഡുകളിൽ കട്ടിലുകൾ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ഏതൊക്കെ വിഭാഗത്തിൽ ഡോക്ടർമാരുണ്ടെന്ന് പൊതുജനത്തെ അറിയിക്കാനുള്ള സംവിധാനം പല ആസ്പത്രികളിലും ഉണ്ടെങ്കിലും ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ അത്തരമൊരു സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ ഒഴിവും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ മൂന്നും നേത്രരോഗ വിഭാഗത്തിൽ ഒന്നും അനസ്തീസ്യ വിഭാഗത്തിൽ ഒന്നും ഒഴിവുണ്ട്. ആസ്പത്രിയിൽ സൂപ്രണ്ടിന്റെ തസ്തികയും സ്ഥലം മാറ്റത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം ഫിസിഷ്യൻ കൂടി സ്ഥലം മാറിപ്പോയതോടെ കിടത്തിച്ചികിത്സാ വിഭാഗത്തിൽ രോഗികളെ പരിശോധിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ഇതോടെയാണ് തുടർ ചികിത്സയ്ക്കായി ആസ്പത്രിയിൽ പ്രവേശിച്ചവർ കൂട്ടത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ ആസ്പത്രി വിട്ടത്.

ഇതിന് പുറമെ നഗരസഭ മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ദേശീയ ആരോഗ്യ ദൗത്യം (എൻ.ആർ.എച്ച്.എം.) മുഖേന നിയമിക്കുന്ന ഒരു ഡോക്ടറുടെയും ഒഴിവുകളുമുണ്ട്. നിലവിൽ ആസ്പത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, രണ്ട് ജൂനിയർ കൺസൾട്ടന്റ്, ഒരു ശിശുരോഗ വിദഗ്ധർ, ഒരു അസിസ്റ്റന്റ് സർജൻ എന്നിവരാണുള്ളത്. ഇതോടൊപ്പം ഒരു ദന്ത ഡോക്ടറുടെ സേവനവുമുണ്ട്. സ്ഥലം മാറി പോയവർക്ക് പകരം നിയമനം നടത്തിയ തസ്തികയിൽ നിയമിക്കപ്പെട്ടവർ ജോലിയിൽ ഹാജരായിട്ടുമില്ല. താലൂക്ക് ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുകയും നിലവിലുള്ള കിടത്തി ചികിത്സാ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തിപ്പിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.