കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരേ പള്ളൂർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം

മയ്യഴി : പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സ്ത്രീകളുടെ വാർഡിലെ ശൗചാലയത്തിൽ വൈദ്യുത ബൾബ് പ്രകാശിക്കാത്തതിനാൽ വെളിച്ചക്കുറവുള്ളത് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചയാളെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറും കോൺഗ്രസ് പ്രവർത്തകനുമായ ബിജു എന്ന പറമ്പത്ത് ഗിജേഷിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പള്ളൂർ പോലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചു.
രണ്ടാഴ്ച മുമ്പാണ് സംഭവമുണ്ടായത്. പള്ളൂർ ആശുപത്രി മേധാവി ഇത് സംബന്ധിച്ച് പോലീസിന് പരാതി നൽകിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. ചൊവ്വാഴ്ച പോലീസ് പൊടുന്നനെ കേസെടുത്ത് ബിജുവിനെ രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ബിജുവിന്റെ പ്രായമായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമ്മയോടൊപ്പം ആശുപത്രിയിൽ കൂട്ടിനുണ്ടായിരുന്ന ബിജു വീഡിയോ ചിത്രീകരിച്ചതായാണ് പരാതി.
പള്ളൂർ പോലീസ് കള്ളക്കേസിൽ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്നാരോപിച്ചാണ്കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചത്. നടക്കാൻ പ്രയാസമുള്ള അമ്മയെ ശൗചാലയത്തിച്ചപ്പോൾ വെളിച്ചക്കുറവുകാരണം അമ്മ വീഴുകയുണ്ടായെന്നും ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു.
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലാത്തതിനാലാണ് ബിജു ശൗചാലയത്തിന്റെ ശോച്യാവസ്ഥ മൊബൈൽ ക്യാമറയിൽ പകർത്തി മേലധികാരികളെ അറിയിച്ചത്. മാഹി ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബിജുവിനെ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടയച്ചു.