വടക്കെ പുരയിൽ കുടുംബത്തിന് ബിഗ് സല്യൂട്ട്

കാടും പായലും മൂടിക്കിടന്ന പഞ്ചായത്ത് കുളം 13 ദിവസം കൊണ്ട് വൃത്തിയാക്കി

കരിവെള്ളൂർ : കാടും പായലും മൂടിക്കിടന്ന വലിയ പഞ്ചായത്ത് കുളം 13 ദിവസം കൊണ്ട് വൃത്തിയാക്കിയ കുണിയനിലെ റിട്ട. അധ്യാപകൻ വി.പി.ദാമോദരന്റെ കുടുംബത്തിന് നൽകാം ബിഗ് സല്യൂട്ട്.കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ കുണിയൻ പുഴക്കര കുളമാണ് ദാമോദരൻ, ഭാര്യ വൈക്കത്ത് തമ്പായി, മക്കളായ സിൽജ, സിബി, ചെറുമക്കളായ സനിക, ഋതുനാഥ് എന്നിവർ ചേർന്ന് വൃത്തിയാക്കിയത്.

കൃണിയൻ കുട്ടം വഴി പാടശേഖരത്തിലെ രണ്ടാം വിള നെൽകൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നത് 52 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള പുഴക്കര കുളത്തിൽനിന്നാണ്. എല്ലാ വർഷവും കുളത്തിൽ പായൽ നിറയും. തൊഴിലുറപ്പ് തൊഴിലാളികളോ സന്നദ്ധസംഘടനകളോ ആഴ്ചകളോളം പ്രവൃത്തി ചെയ്താണ് കുളം വൃത്തിയാക്കാറ്. എന്നാൽ ഈ വർഷം രണ്ടാംവിള കൃഷിയിറക്കേണ്ട സമയമായിട്ടും കുളം വൃത്തിയാക്കിയില്ല. പായൽ ചീഞ്ഞുതുടങ്ങിയാൽ വെള്ളം കുഴമ്പുരൂപത്തിലാകുകയും വയലുകളിലേക്ക് ഒഴുക്കി കൊണ്ടുപോകാൻ സാധിക്കാതെ വരികയും ചെയ്യും

ഈ സാഹചര്യത്തിലാണ് വീടിനടുത്തുള്ള കുളം വൃത്തിയാക്കാൻ ദാമോദരനും കുടുംബവും രംഗത്തിറങ്ങിയത്. ദിവസവും വൈകിട്ട്‌ 4.30 മുതൽ രണ്ടുമണിക്കൂർ ആറുപേരടങ്ങുന്ന കുടുംബാംഗങ്ങൾ കുളത്തിലിറങ്ങും ആദ്യം കാട് മുഴുവൻ വെട്ടിത്തെളിച്ചു. പിന്നീട് പായൽ മുഴുവൻ കരയിലെത്തിച്ചു.