ആഡൂരിൽ തെരുവുനായശല്യം രൂക്ഷം

കാടാച്ചിറ : കടമ്പൂർ പഞ്ചായത്തിലെ ആഡൂരിൽ തെരുവുനായശല്യം രൂക്ഷമായി. റോഡുകളിലും പൊതുസ്ഥലങ്ങളിലും നായ്ക്കൾ കൂട്ടംകൂടിനിൽക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായി.
രാത്രിയിൽ കൂട്ടമായെത്തുന്ന നായ്ക്കൾ ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രക്കാരന് നായ കുറുകെചാടിയതിനെത്തുടർന്ന് സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റിരുന്നു. വിദ്യാർഥികൾ ഏറെ ഭയപ്പാടോടെയാണ് സ്കൂളുകളിലേക്ക് പോകുന്നത്. അതിരാവിലെയും രാത്രിയിലും ജോലിക്ക് പോകുന്നവർ, പത്രവിതരണക്കാർ, പ്രഭാതസവാരിക്കാർ എന്നിവരെല്ലാം ഭയപ്പാടോടെയാണ് പോകുന്നുത്.
രാത്രികാലങ്ങളിൽ വീടുകളുടെ മുറ്റത്ത് സൂക്ഷിക്കുന്ന ചെരിപ്പുകളും മറ്റ് സാധനങ്ങളും കടിച്ചുകീറി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കൂടാതെ, രാത്രിയിൽ നായ്ക്കൾ കൂട്ടമായി കുരച്ച് ബഹളം വെക്കുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നുണ്ട്.
തെരുവുനായശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.