വീഴാറായ വീട് 10 ദിവസംകൊണ്ട് പുതുക്കി നൽകി വട്ടോളി സ്നേഹക്കൂട്ടായ്മ

ചിറ്റാരിപ്പറമ്പ് : തകർന്നുവീഴാറായ അവസ്ഥയിലായിരുന്ന വീട് 10 ദിവസംകൊണ്ട് പുതുക്കിപ്പണിതുനൽകി വട്ടോളി സ്നേഹക്കൂട്ടായ്മ. അക്കര വട്ടോളി കുഞ്ഞിപ്പൈതൽ വൈദ്യർ റോഡിന് സമീപം എളമ്പേരിയിൽ സഹോദരങ്ങളായ കോട്ടായി ഗീതയും രാജേഷും താമസിക്കുന്ന വീടാണ് വട്ടോളി കൂട്ടായ്മ വാസയോഗ്യമാക്കി നൽകിയത്.
പരേതരായ കോട്ടായി അച്യുതന്റെയും ആലക്കണ്ടി മാതുവിന്റെയും മക്കളാണ് ഗീതയും രാജേഷും. കൂലിപ്പണിയായിരുന്നു ഏക ജീവിതമാർഗം. അസുഖങ്ങൾ കാരണം രണ്ടുപേർക്കും സ്ഥിരമായി ജോലിക്ക് പോകാൻ കഴിയാറില്ല. നിർധനരായ ഇവർക്ക് ബ്ലോക്ക് പഞ്ചായത്താണ് വർഷങ്ങൾക്ക് മുൻപ് സ്വന്തം സ്ഥലത്ത് വീട് നിർമിക്കാൻ സഹായധനം നൽകിയത്. നിർമാണം പൂർത്തിയാകാത്ത വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു ഇവരുടെ ജീവിതം. വീട്ടിലെത്തിയ സ്നേഹക്കൂട്ടായ്മ പ്രവർത്തകർ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
തറ മണ്ണിട്ട് നികത്താത്ത മൂന്നു മുറികളായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. വാതിലുകളും ജനലുകളും ദ്രവിച്ച് നശിച്ചിരുന്നു. കക്കൂസിന് വാതിലും മേൽക്കൂരയും ഉണ്ടായിരുന്നില്ല. ഇത് ചർച്ചയായതോടെ പലരും സഹായം നൽകാൻ മുന്നിട്ടിറങ്ങി. പണമായും കെട്ടിടനിർമാണ സാമഗ്രികളായും സഹായം ലഭിച്ചു. കൂലി വാങ്ങാതെ നിർമാണത്തൊഴിലാളികളും പങ്കാളികളായി. വട്ടോളി സ്നേഹക്കൂട്ടായ്മ വാട്സാപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. മൂന്നുലക്ഷം രൂപ ചെലവിലാണ് പണികൾ നടത്തിയത്.
വീട്ടുമുറ്റത്തേക്ക് റോഡ് നിർമിച്ചു. മുറികൾ മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്തു. ചുമരുകളിൽ സിമന്റ് തേച്ചു. അടുക്കളമുറിയും കിണറിന്റെ ആൾമറയും നിർമിച്ചു. നശിച്ചുപോയ കട്ടിളകളും ജനലുകളും മാറ്റിസ്ഥാപിച്ചു. ചുമരിൽ പെയിന്റടിച്ചു. കക്കൂസിന് മേൽക്കൂര സ്ഥാപിച്ചു. പുതിയ ജനലുകൾക്കും വാതിലുകൾക്കും കതകുകൾ സ്ഥാപിച്ചതോടെ വീട് പുത്തനായി
കെ.ദിനേശൻ, കെ.വി.വിനീഷ്, ആർ.ബിജു, പി.രജേഷ്, പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കൂട്ടായ്മയിലെ പ്രവർത്തകരും നാട്ടുകാരും ശ്രമദാനത്തിലൂടെയാണ് പണി പൂർത്തിയാക്കിയത്.
പുതുക്കിയ സ്നേഹവീടിന്റെ പാലുകാച്ചൽ ഞായറാഴ്ച രാവിലെ ജനപങ്കാളിത്തത്തോടെ നടക്കും. വീടിന്റെ കെ.ദിനേശൻ താക്കോൽ കൈമാറും.