പയ്യാവൂരിൽ തൂക്കുവേലിയും തകർത്ത് കാട്ടാനകളെത്തുന്നു

ശ്രീകണ്ഠപുരം : പയ്യാവൂർ പഞ്ചായത്തിന്റെ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി നിർമിച്ചിട്ടും കാട്ടാനശല്യത്തിന് പരിഹാരമായില്ല. 14 കിലോമീറ്ററാണ് പയ്യാവൂർ പഞ്ചായത്തിന്റെ വനാതിർത്തി. ഇതിൽ 11 കിലോമീറ്റർ ഭാഗത്താണ് തൂക്കുവേലി ഒരുക്കിയത്.
മൂന്ന് കിലോമീറ്റർ ഭാഗത്ത് നേരത്തേ വനംവകുപ്പ് പണിത ആനവേലിയുണ്ട്. 80 ലക്ഷം രൂപ ചെലവിലാണ് നാലുവർഷം മുൻപ് തൂക്കുവേലികൾ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂർ ഗ്രാമപ്പഞ്ചായത്ത് 35 ലക്ഷം രൂപയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും ഇതിനായി ചെലവഴിച്ചു.
അന്ന് ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാതെ വേലി ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ ടാസ്ക് ഫോഴ്സ് സ്ഥലത്തെത്തി പത്തോളം ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. ഇതിനുശേഷം കഴിഞ്ഞ കുറച്ചുനാളുകളായി ജനവാസമേഖലയിൽ കാട്ടാനശല്യം ഇല്ലായിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ചന്ദനക്കാംപാറ മേഖലകളിൽ കാട്ടാനക്കൂട്ടമെത്തി വിളകൾ നശിപ്പിച്ചു. എട്ട് കാട്ടാനകളാണ് കൂട്ടത്തോയെത്തി തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, കുരുമുളക് തുടങ്ങിയ കൃഷികൾ നശിപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
തൂക്കുവേലികൾ ആനകൾക്ക് തകർക്കാൻ കഴിയില്ലെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. തൂങ്ങിക്കിടക്കുന്നതിനാൽ മരങ്ങൾ ഉപയോഗിച്ച് തകർക്കാൻ കഴിയില്ലെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ, മതിലേരി ഭാഗത്ത് ആനകൾ തൂക്കുവേലിയുടെ പോസ്റ്റുകൾ മരംതള്ളിമറിച്ച് തകർത്താണ് ജനവാസമേഖലയിൽ എത്തിയത്.
പോസ്റ്റുകൾ മരമിട്ട് തകർത്തതോടെ വേലിയും തകർന്നുവീണു. പോസ്റ്റിൽ മരമിട്ടാൽ വേലി തകർക്കാമെന്ന് കാട്ടാനകൾ മനസ്സിലാക്കിയതിനാൽ ഭാവിൽ പഴയപോലെ കൂടുതൽ ആനകൾ ജനവാസമേഖലയിറങ്ങാൻ സാധ്യതയുണ്ടെന്ന് കർഷകർ പറഞ്ഞു.
തകർന്ന തൂക്കുവേലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചെങ്കിലും കേരളത്തിലെ വനത്തിലുള്ള കാട്ടാനകളെ വേലിക്കപ്പുറത്തുള്ള കർണാടക വനത്തിലേക്ക് തുരത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ വനത്തിലുണ്ടായിരുന്ന കാട്ടാനകൾ ഇപ്പോഴും ഇവിടെതന്നെയാണെന്ന് നാട്ടുകാരും പറയുന്നു. നിലവിൽ തൂക്കുവേലി ചാർജ് ചെയ്തതോടെ ആനകൾക്ക് ഷോക്കേൽക്കുന്നതിനാൽ തിരിച്ച് കർണാടക വനത്തിലേക്ക് പോകാനും സാധിക്കില്ല. വനാതിർത്തിയിലെ കാടുവെട്ടിത്തെളിക്കാത്ത ഏക്കർക്കണക്കിന് സ്വകാര്യഭൂമിയിൽ ആനകൾ തമ്പടിക്കുകയാണെന്ന് പറയുന്നു. ദൗത്യസംഘം തിരച്ചിൽ തുടരുന്നു
ചന്ദനക്കാംപാറ മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താൻ സ്ഥലത്തെത്തിയ പ്രത്യേക ദൗത്യസംഘം വനാതിർത്തികളിൽ തിരച്ചിൽ തുടരുകയാണ്.
ഡ്രോണിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ശശിപ്പാറയ്ക്ക് മുകൾഭാഗത്തായി ആനകളെ കണ്ടെത്തി. ചെറിയ കുട്ടിആനയുള്ളതിനാൽ വനത്തിലേക്ക് കയറ്റിവിടാൻ കഴിയാത്ത സാഹചര്യമാണ്. എല്ലാ ആനകളെയും സൗരോർജവേലിക്ക് അരികിൽ എത്തിച്ചശേഷം ഷോക്കേൽക്കാതെ അതിർത്തി കടത്തി വീണ്ടും വേലി ചാർജ്ചെയ്യാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ ആനകൾ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പിന്റെ രാത്രിപട്രോളിങ്ങും ഉണ്ട്.