ഓറഞ്ച് ദ വേൾഡ് പ്രചാരണം; ശില്പശാല സംഘടിപ്പിച്ചു

കണ്ണൂർ : സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വനിതാശിശുവികസന വകുപ്പിന്റെ 'ഓറഞ്ച് ദ വേൾഡ്' പ്രചാരണം തുടങ്ങി. ജില്ലയിലെ വിവിധവകുപ്പ് പ്രതിനിധികൾക്കായി സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര സ്ത്രീ അതിക്രമ നിർമാർജന ദിനമായ നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ 16 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ബോധവത്കരണ പരിപാടികളാണ് പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്നത്.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന വിഷയത്തിൽ ഗവ. പരിയാരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ.കെ. ജയശ്രീ വിഷയാവതരണം നടത്തി.
ജില്ലാവനിതാ ശിശുവികസനഓഫീസർ പി. ഡീന ഭരതൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് പി. രാജീവൻ, ജില്ലാ മിഷൻ കോഡിനേറ്റർ ആര്യ സുകുമാരൻ എന്നിവർ സംസാരിച്ചു.