പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതി; ജൂൺ ആദ്യവാരം ഉത്പാദനം തുടങ്ങും

ഇന്ന് മന്ത്രിതല അവലോകന യോഗം

ഇരിട്ടി : പ്രതിസന്ധികാലത്ത് വൈദ്യുതിവകുപ്പിന് അല്പം ആശ്വാസമായി പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതി സമയബന്ധിതമായി പൂർത്തീകരണത്തിലേക്ക്. നിർമാണം മേയ് 31-നുള്ളിൽ പൂർത്തീകരിക്കണമെന്ന വകുപ്പുമന്ത്രിയുടെ നിർദേശം പാലിക്കുന്നവിധം പുരോഗമിക്കുകയാണ്. 7.5 മെഗാവാട്ട് പദ്ധതിയുടെ 70 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. അടുത്ത കാലവർഷത്തിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി പദ്ധതിപ്രദേശത്ത് ശനിയാഴ്ച മന്ത്രിതല അവലോകന യോഗം ചേരും. വൈദ്യുതിമന്ത്രി സണ്ണി ജോസഫിന് പുറമേ ജലവിഭവമന്ത്രി മോൺസ് ജോസഫും പങ്കെടുക്കും. പദ്ധതിയുടെ പൂർത്തീകരണം ഒന്നോ രണ്ടോ മാസം വൈകിയാൽ ഒരു സീസണിലെ ഉത്പാദനം പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

നീരൊഴുക്കിനെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കുന്ന പദ്ധതിയാണ് പഴശ്ശി സാഗർ. കാലവർഷത്തിൽ പദ്ധതിയിൽനിന്ന് വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന വെള്ളത്തെ പ്രയോജനപ്പെടുത്തിയാണ് വൈദ്യുതോത്പാദനം. പ്രധാനതുരങ്കം വഴി മൂന്ന് തുരങ്കങ്ങളിലേക്ക് വെള്ളം കടത്തിവിട്ട് 2.5 മെഗാവാട്ടിന്റെ മൂന്ന് ടെർബൈനുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. പ്രധാന തുരങ്കത്തിന്റെയും ഉപ തുരങ്കങ്ങളുടെയും നിർമാണം പൂർത്തിയായി.

പവർഹൗസിന്റെ നിർമാണവും 70 ശതമാനം പൂർത്തിയായി. ക്രെയിൻ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത മാസം ആരംഭിക്കും. വേനൽക്കാലത്ത് കുടിവെള്ളത്തിനായി

വെള്ളം സംഭരിക്കുമ്പോൾ തുരങ്കത്തിലെയും പവർ ഹൗസിലെയും പ്രവൃത്തികളെ ബാധിക്കാതിരിക്കാൻ തുരങ്കത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്ന വഴിയിൽ താത്കാലിക ബാരേജിന്റെ നിർമാണവും പൂർത്തിയായി വരുന്നു. പദ്ധതിയിൽ 19 മീറ്റർ വെള്ളമുണ്ടെങ്കിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് നിർമാണം. പദ്ധതിയുടെ ഫുൾ റിസർവേയർ ലെവർ (എഫ്.ആർ.എൽ.) 26.52 മീറ്ററാണ്. മഴക്കാലത്ത് 23.5 മീറ്റർ സംഭരണശേഷി നിലനിർത്തി ആറുമാസം 7.5 മെഗാവാട്ട് ഉത്പാദനശേഷി കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺമുതൽ നവംബർവരെയാണ് പൂർണതോതിലുള്ള ഉത്പാദനം സാധ്യമാകുക.

കുടിവെള്ളത്തിനുള്ള സംഭരണശേഷി നിലനിർത്തി ഡിസംബർ, ജനുവരി മാസങ്ങളിലും ഉത്പാദനം നടത്താൻ കഴിഞ്ഞാൽ പദ്ധതി വലിയ വിജയമായി മാറും. വൈദ്യുതി ഉത്പാദനത്തിനുശേഷം വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടും.