ജനവാസമേഖലയിൽ കാട്ടാനയുടെ സഞ്ചാരം; വനം വകുപ്പ് അറിഞ്ഞില്ല

പൂക്കുണ്ട് : നിരവധി വീടുകളും കൃഷിയിടങ്ങളുമുള്ള പ്രദേശത്ത് കാട്ടാനയുടെ മണിക്കൂറുകൾ നീണ്ട സഞ്ചാരം ജനങ്ങളെ ആശങ്കയിലാക്കി. കേളകം പഞ്ചായത്തിലെ വളയംചാൽ, പൂക്കുണ്ട്, നരിക്കടവ് ഭാഗങ്ങളിലാണ് ബുധനാഴ്ച പുലർച്ചെ നാലോടെ കാട്ടാനയെത്തിയത്. അർധരാത്രി ആറളം ഫാമിലെ തളിപ്പാറ, ആനമുക്ക് ഭാഗങ്ങളിൽ കണ്ട ആനയാണ് വളയംചാൽ പാലത്തിലൂടെ കേളകം പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിലെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

വളയംചാലിലെ ആറളം വന്യജീവിസങ്കേതത്തിന്റെ ഓഫീസിന് മുന്നിലുള്ള പാലത്തിൽ ആനയെത്തിയിട്ടും ഇവിടുത്തെ വനംവകുപ്പുകാർ അറിഞ്ഞില്ല.തുള്ളൽ ഭാഗത്ത് ഒരു വീട്ടിലെ സി.സി.ടി.വിയിൽ ആനയുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അവർ വിവരം വിളിച്ചറിയിച്ചപ്പോൾ മാത്രമാണ് വനംവകുപ്പ് ഉണർന്നത്. പാലം കടന്ന് അടയ്ക്കാത്തോട്-കണിച്ചാർ റോഡിലേക്ക് കയറിയ ആന, റോഡിലൂടെയും കൃഷിയിടത്തിലൂടെയും കിലോമീറ്ററുകൾ സഞ്ചരിച്ചു. രാവിലെ ആറോടെ പൂക്കുണ്ട് ഭാഗത്ത് റബ്ബർ ടാപ്പിങ് നടത്തിയിരുന്നവർ തോട്ടത്തിൽ ആനയെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കടന്നുപോയ ഇടങ്ങളിൽ ഉണ്ടായിരുന്ന വാഴകളും തെങ്ങും ആന നശിപ്പിച്ചു. നരിക്കടവ് ഭാഗത്ത് എത്തിയ ആനയെ രാവിലെ ഏഴരയോടെയാണ് വനം വകുപ്പും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് ഓടിച്ചത്.

കാട്ടാന ജനവാസകേന്ദ്രത്തിൽ എത്തിയിട്ടും വനം വകുപ്പ് ജാഗ്രതാനിർദേശം നൽകിയില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കാട്ടാന ജനവാസമേഖലയിലേക്ക് കയറിയത് വനംവകുപ്പിന്റെ വീഴ്ചയാണെന്നാണ് ‌ആരോപണം​.