ധർമശാലയിൽ ബസ്‌ബേ യാഥാർഥ്യത്തിലേക്ക്

കെ. സുധാകരൻ എം.പി.യുടെ ഫണ്ടിൽ നിന്ന് 15 ലക്ഷത്തിന്റെ അനുമതി

ധർമശാല : ആന്തൂർ നഗരസഭാ ആസ്ഥാനമായ ധർമശാലയിൽ ബസ്‌ബേ യാഥാർഥ്യത്തിലേക്ക്. നഗരസഭാ ആസ്ഥാനമായിട്ടും ഒരു ബസ്‌ബേപോലും ഇവിടെ ഉണ്ടായിരുന്നില്ല. അഞ്ചുമാസമായി ധർമശാലയിൽ ഒരു ബസ്‌ബേയെങ്കിലും ഒരുക്കണമെന്നാവശ്യപ്പെട്ട് ‘മാതൃഭൂമി’ നിരന്തരം വാർത്ത നൽകിയിരുന്നു. തുടർന്ന് കെ.എ.പി. നാലിലെ ഉന്നത ഉദ്യോഗസ്ഥരും പ്രശ്നത്തിൽ സജീവമായി ഇടപെടുകയും ദേശീയപാതയോരത്ത് പോലീസ് ആസ്ഥാനത്തിന് സമീപത്തെ സ്ഥലം വിട്ടുനൽകാൻ സമ്മതം ആഭ്യന്തരവകുപ്പിന് കൈമാറുകയും ചെയ്തതോടെയാണ് കെ. സുധാകരൻ എം.പി.യും പ്രശ്നത്തിൽ ഇടപെട്ട് ഫണ്ട് അനുവദിച്ചത്.

ബസ്‌ബേ പ്രശ്നം നിരന്തരം വാർത്തയായതോടെ ആന്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രജോഷ് പൊയ്യിലിന്റെ നേതൃത്വത്തിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് നിവേദനവും നൽകിയിരുന്നു. അതിനുപിന്നാലെയാണ് എട്ട് സെന്റ് സ്ഥലം ബസ്‌ബേക്ക് നൽകാൻ കെ.എ.പി. അധികൃതർ തീരുമാനം അറിയിച്ചത്. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജും ഇടപ്പെട്ടതോടെയാണ് എം.പി.യുടെ പ്രാദേശികവികസനഫണ്ടിൽനിന്ന്‌ തുകയും അനുവദിച്ച് ഉത്തരാവായത്.

ബസ്‌ബേ യാഥാർഥ്യമാകുന്നത് തളിപ്പറമ്പ്-പയ്യന്നൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വലിയ അനുഗ്രഹമാകും. ഒരേസമയത്ത് മൂന്ന് ബസുകൾക്ക് എങ്കിലും നിർത്തിയിടാൻ സാധിക്കുന്നരീതിയിൽ നിർമാണം നടത്താനാണ് ധാരണ. കെ.എ.പി. വിട്ടുകൊടുത്ത സ്ഥലം ഒരാഴ്ച മുൻപ് ടി.കെ. ഗോവിന്ദൻ എം.എൽ.എയും ആന്തൂർ നഗരസഭാ അധ്യക്ഷ വി. സതീദേവിയും ഉന്നത പോലീസ് ഉദ്യേഗസ്ഥരും സന്ദർശിച്ചിരുന്നു. എത്രയുംവേഗം ബസ്‌ബേ നിർമിക്കാൻ സമ്മർദം ചെലുത്തുമെന്ന് എം.എൽ.എയും ആവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കാൻ സന്നദ്ധമാണെന്ന് നഗരസഭാ അധ്യക്ഷയും സന്ദർശനവേളയിൽ വ്യക്തമാക്കിയിരുന്നു.