പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും തൃപ്രങ്ങോട്ടൂരിലെ റോഡുകൾ

പാനൂർ : തൃപ്രങ്ങോട്ടൂരിലെ മലയോരമേഖലയായ നരിക്കോട്ട് മല, വാഴമല പ്രദേശങ്ങളിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും കാടുകൾ തഴച്ചുവളർന്ന്

അപകടഭീഷണിയായി. വടക്കെ പൊയിലൂരിൽനിന്ന് നരിക്കോട്ട് മല റോഡുമായി ചേരുന്ന തൊണ്ണൂറാം മാക്കൂൽ മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ കൂട്ടക്കെട്ട് വരെയുള്ള ഏഴുകിലോമീറ്റർ ദൂരത്തിൽ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലെയും അവസ്ഥയാണിത്.

പാറമടകളിൽനിന്നും ക്രഷറുകളിൽനിന്നും നിരന്തരം ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ്. ജില്ലാ അതിർത്തിയായ കൂട്ടക്കെട്ടുവരെയുള്ള റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കിയതോടെ കോഴിക്കോട് ജില്ലയിലെ കാലിക്കൊളുമ്പ്, വളയം പ്രദേശങ്ങളിലേക്കടക്കമുള്ള നിരവധി യാത്രക്കാർ ഇതുവഴി പോകുന്നുണ്ട്. അഞ്ചുമീറ്ററിൽ താഴെ വീതിയിലാണ്

ടാർചെയ്ത ഭാഗം. റോഡിലേക്ക് കാട് വ്യാപിച്ചതോടെ രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

റോഡിന്റെ വശങ്ങൾ പലയിടത്തും കുണ്ടുംകുഴിയുമായി. ഇത് തിരിച്ചറിയാൻ സാധിക്കാത്തവിധം പുല്ലും കാടും വ്യാപിച്ചത് അപകടസാധ്യത വർധിപ്പിക്കുന്നു.

മലയോരമേഖലയിലായതുകൊണ്ടുതന്നെ റോഡിൽ വളവും തിരിവും കൂടുതലാണ്. കാടുവളർന്നതുകാരണം ഇത്തരം വളവുകളിൽ മറുഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ആനയടക്കമുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ നാശം വരുത്തുന്ന പ്രദേശംകൂടിയാണിത്. അടിയന്തരമായി കാട് വെട്ടിത്തെളിക്കാൻ നടപടികൾ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.