സൂചനാ ബോർഡുകളില്ല; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കരിവെള്ളൂർ : ‘പുതിയ ദേശീയപാതയുടെ ഇടതുഭാഗത്തുകൂടി വരികയായിരുന്നു. വളരെ അടുത്തെത്തിയപ്പോഴാണ് റോഡിന്റെ ഒരു ഭാഗം അവസാനിച്ച് വീതി കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടത്. വലത്തോട്ട് വെട്ടിക്കാൻ ശ്രമിച്ചപ്പോൾ പിറകിൽനിന്ന് കാർ വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു’. കരിവെള്ളൂർ പാലത്തരയിൽ പുഴയിലേക്ക് മറിഞ്ഞ ലോറിയുടെ ഡ്രൈവർ മലപ്പുറം തലപ്പറമ്പ് സ്വദേശി അശോകന്റെ വാക്കുകളാണിത്. തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രണ്ട് ഡ്രൈവർമാരും രക്ഷപ്പെട്ടത്.

കൃത്യമായ സൂചനാബോർഡുകളോ ബാരിക്കേഡോ ഇല്ലാതെ നിർമാണപ്രവർത്തനം നടത്തുന്നത് മൂലമാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തരയിൽ ദേശീയപാതയിൽ ഒരു പഴയ പാലവും അതിന്റെ ഇരുവശങ്ങളിലുമായി രണ്ട് പുതിയ പാലങ്ങളുമാണുള്ളത്. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും പുതിയ പാലങ്ങളിലൂടെയും വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവാണ് വ്യാഴാഴ്ചത്തെ അപകടകാരണം. വിടവ് നേരെ പുഴയിലാണ് അവസാനിക്കുന്നത്.

സാധാരണയായി റോഡ് വീതികുറയുമ്പോൾ സൂചനാ ബോർഡുകളും തടസ്സങ്ങളും സ്ഥാപിക്കാറുണ്ട്. ഒരു കോൺക്രീറ്റ് കട്ട കൊണ്ട് പാലങ്ങൾക്കിടയിലെ വിടവ് മറച്ചുവെന്നല്ലാതെ മറ്റൊന്നും ഇവിടെ ചെയ്തിരുന്നില്ല. ലോറിയുടെ മുൻചക്രങ്ങൾ ചെളിയിൽ താഴ്ന്നു പോയിരുന്നില്ലെങ്കിൽ തലകീഴായി മറിഞ്ഞ് പുഴയിൽ മുങ്ങുമായിരുന്നു.

ഇതേ രീതിയിലുള്ള അപകടം ഒന്നര വർഷം മുമ്പ് കരിവെള്ളൂർ ബസാറിലും ഉണ്ടായിരുന്നു. നിർമാണം പൂർത്തിയാകാത്ത മേൽപ്പാലത്തിലൂടെ വന്ന ലോറി പാലത്തിന്റെ അവസാനഭാഗത്ത് താഴേക്ക് വീഴാതെ കുടുങ്ങിക്കിടക്കുകയായിരുന്നു

അപകടത്തിനുശേഷം റോഡ് വീതികുറയുന്ന ഭാഗത്ത് സൂചനകളും തടസ്സങ്ങളും സ്ഥാപിച്ചിട്ടുണ്ട്. നിർമാണം നടക്കുന്ന എല്ലാ ഭാഗത്തും കൃത്യമായ സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.