ഭാരതിയാർ പൽകലൈക്കൂടത്തിന്റെ ശാഖ മാഹിയിൽ തുടങ്ങും

മയ്യഴി : മാഹിയുടെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാനുള്ള കലാസ്ഥാപനം മാഹിയിൽ തുടങ്ങാൻ കളമൊരുങ്ങുന്നു. പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള പ്രശസ്ത കലാസ്ഥാപനമായ ഭാരതിയാർ പൽകലൈക്കൂടത്തിന്റെ ശാഖ മാഹിയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ശാസ്ത്രീയനൃത്തങ്ങൾ, സംഗീതം, ചിത്രകല എന്നിവയിൽ വിദഗ്ധമായ പരിശീലനം നൽകുന്നതിനുള്ള സ്ഥാപനമാണിത്. അഡ്വ. ടി. അശോക്‌കുമാർ എം.എൽ.എ.യുടെ നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് ഏറെക്കാലമായുള്ള ഈ ആവശ്യത്തിന് അനുകൂലതീരുമാനമായത്. മാഹിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്ന എം.എൽ.എ.യുടെ ആവശ്യത്തെ തുടർന്ന് സ്ഥലം കണ്ടെത്തുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. പള്ളൂർ കരീക്കുന്നിലാണ് ഒരേക്കറോളം സ്ഥലം കണ്ടെത്തിയത്.

മന്ത്രി സ്ഥലം സന്ദർശിച്ചു

പുതുച്ചേരി കലാ-സാംസ്കാരികമന്ത്രി രാജവേലു, ഭാരതിയാർ പൽകലൈക്കൂടം പ്രിൻസിപ്പൽ ഡോ. ബോസ് എന്നിവർ മാഹിയിലെത്തി പള്ളൂർ കരീക്കുന്നിലെ സ്ഥലം സന്ദർശിച്ചു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത്ത്‌കുമാർ, അഡ്വ. ടി. അശോക്‌കുമാർ എം.എൽ.എ. എന്നിവർക്കൊപ്പമാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. നിർദിഷ്ട സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. പൽകലൈക്കൂടത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

ആദ്യഘട്ടത്തിൽ ചിത്രകല, നൃത്തം, സംഗീതം എന്നീ മേഖലകളിലായിരിക്കും പഠനപരിശീലന സൗകര്യങ്ങൾ തുടങ്ങുക. മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് സ്വന്തം നാട്ടിൽത്തന്നെ കലാപഠനത്തിന് അവസരം ലഭ്യമാക്കുന്ന ഈ പദ്ധതി മാഹിയുടെ കലാ-സാംസ്കാരിക വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകും.

കേരളവിദ്യാർഥികൾക്കും പ്രവേശനം

പുതുച്ചേരി സംസ്ഥാനത്തുള്ളവർക്ക് മാത്രമല്ല, കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും ഭാരതിയാർ പൽകലൈക്കൂടത്തിൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. 60-ഓളം വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുക.