കൂട്ടുപുഴ അതിർത്തിയിൽ പരിശോധന ശക്തം; അടവുകൾ മാറ്റി ലഹരിസംഘം

ഇരിട്ടി : അതിർത്തി കടന്നെത്തുന്ന ലഹരിസംഘങ്ങളെ പൂട്ടാൻ കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പരിശോധന ശക്തമാക്കിയെങ്കിലും എക്സൈസിനെയും പോലീസിനെയും കബിളിപ്പിച്ചുള്ള കടത്തുസംഘങ്ങളുടെ നീക്കം അന്വേഷണസംഘത്തിന് തലവേദനായാകുന്നു. ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിവേട്ട ശക്തമാക്കിയതോടെ കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘങ്ങൾ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതായുള്ള സൂചനയാണ് അന്വേഷണസംഘത്തിന് ലഭിക്കുന്നത്.
കടത്തുസംഘങ്ങൾ പലരും കേരളത്തിന് പുറത്തുകടന്നുള്ള രഹസ്യനീക്കമാണ് നടത്തുന്നതെന്ന് അന്വേഷണം കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥനത്തിൽ നടക്കുന്ന പരിശോധനപോലും അടുത്തിടെയായി പാളിപ്പോകുന്നു.
ലഹരിസംഘത്തിലുള്ളവർ എല്ലാംതന്നെ കേരളത്തിന് പുറത്ത് ബെംഗളുരു ഉൾപ്പെടെ വൻ നഗരങ്ങളിലേക്ക് നീങ്ങി എന്നാണ് പോലീസ് സംശയിക്കുന്നത്. പോലിസിനും എക്സൈസിനും ലഭിക്കുന്ന രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന വാഹനപരിശോധനയിൽപ്പോലും മയക്കുമരുന്ന് പിടികൂടാൻ കഴിയുന്നില്ല. കർണാടകയിൽനിന്നാണ് കൂടുതലായും എംഡിഎംഎ എത്തുന്നത്.
കഴിഞ്ഞദിവസം കൂട്ടുപുഴയിൽ പോലിസിനും എക്സൈസിനും വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വാഹനത്തിൽ ഉണ്ടായിരുന്നവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പരിശോധിക്കുമ്പോൾ രഹസ്യവിവരം ശരിയായിരുന്നെങ്കിലും ലഹരിവസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിയാത്തത് സംഘം പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ തെളിവായി പോലിസും എക്സൈസും കരുതുന്നു. ഇടയ്ക്കുവെച്ച് സംഘം വാഹനം മാറുന്നതായും അധികൃതർ സംശയിക്കുന്നുണ്ട്.
രഹസ്യവിവരം ലഭിച്ച വാഹനം കണ്ടെത്തി പരിശോധിക്കുന്ന സമയത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെപടാതെ മാറ്റു വാഹനങ്ങളിൽ ലഹരി എത്തിക്കുന്നതായും സംശയിക്കുന്നു. പൊതുഗതാഗതസംവിധാനം ഉപയോഗിച്ചും ഇടനിലക്കാരെ ഉപയോഗിച്ചും പുതിയ മാർഗങ്ങൾ ഇവർ സ്വീകരിക്കുന്നതായി നേരത്തെതന്നെ കണ്ടെത്തിയിരുന്നു . അതിർത്തിയിൽനിന്ന് നടന്നുവരുന്നവരുടെ കൈവശവും ലോറി ഉൾപ്പെടെ വാഹനങ്ങളിൽ കയറിവരുന്നവരുടെ കൈവശവും ലഹരി കേരളത്തിലേക്ക് എത്തിക്കുന്നതായി സംശയിക്കുന്നുണ്ട്.
ലഹരിസംഘത്തിന്റെ പുതിയ മാർഗങ്ങൾ അന്വേഷിച്ച് കണ്ടെത്താനായുള്ള നീക്കത്തിലാണ് പോലിസും എക്സൈസും.