കനാലുകൾ കാടുമൂടുന്നു; വന്യമൃഗങ്ങൾ താവളമാക്കുന്നു

പാട്യം : പഴശ്ശി മാഹിശാഖാ കനാലുകളിൽ കാടുമൂടിക്കിടക്കുന്നത് കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും മറ്റും ശല്യം വർധിക്കുന്നതിനും മാലിന്യം തള്ളുന്നതിനും യാത്രാപ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി പരാതി. സമയബന്ധിതമായി കാടുവെട്ടിത്തെളിക്കാത്തതിനാൽ കനാലിന്റെ ഭൂരിഭാഗവും കാട് കൈയടക്കിക്കഴിഞ്ഞു. ഇടതൂർന്ന് കാട് വളരുന്നതിനാൽ കാട്ടുപന്നികളും മുള്ളൻപന്നികളും പെരുമ്പാമ്പ് ഉൾപ്പെടെയുള്ള ജീവികളും ഇവിടങ്ങളിൽ താവളമാക്കുന്നു. കുറുനരി ശല്യവുമുണ്ട്. കനാൽ അനുബന്ധ റോഡുകളുടെ ഇരുവശവും പലയിടങ്ങളിൽ കാടുമൂടിക്കിടക്കുന്നത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്നു

പാട്യം പഞ്ചായത്തിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള വാർഡുകളിലൂടെയും 16, 17 വാർഡുകളിലൂടെയും കടന്നുപോകുന്ന കനാലിന്റെ ഭൂരിഭാഗവും കാടുമൂടിക്കിടക്കുകയാണ്.

മാലിന്യം വലിച്ചെറിയുന്നത് പ്രശ്നമാകുന്നു

കനാലുകൾ കാടുമൂടിക്കിടക്കുന്നതിനാൽ മാലിന്യംകൊണ്ടുതള്ളുന്ന അവസ്ഥയുമുണ്ട്. കനാൽ അനുബന്ധറോഡിൽ പൊതുവേ ആൾത്തിരക്ക് കുറവായതിനാൽ, പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ചിലർ കാടുമൂടിയ കനാലിലേക്ക് മാലിന്യം വലിച്ചെറിയുന്നുണ്ട്. പൂക്കോട് ഏഴാംമൈൽ ഭാഗത്തെയും കൊട്ടയോടി കെ.എസ്.ഇ.ബി. ഓഫീസ് പരിസരത്തെയും കനാലിൽ ആഴ്ചകൾക്ക് മുമ്പേ ഹോട്ടൽമാലിന്യം തള്ളിയത് പിടിക്കപ്പെട്ടിരുന്നു. പാട്യം പഞ്ചായത്ത് അധികൃതർ ഇടപെട്ട് മാലിന്യം തള്ളിയവരെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ചിരുന്നു. ഹോട്ടലുകളുൾപ്പെടെ അഞ്ചുപേരിൽനിന്ന് നിയമാനുസൃതമായി പിഴയും ഇടാക്കിയിരുന്നു. കെട്ടിടം പൊളിച്ച മാലിന്യവും തെങ്ങിന്റെയും മറ്റ് വൃക്ഷങ്ങളുടെയും കുറ്റികളും കനാലിൽ തളളിയത് പിടിച്ചിട്ടുണ്ട്. കുപ്പികളുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യം കനാലിൽ വലിച്ചെറിയുന്നുണ്ട്. കനാൽ അനുബന്ധറോഡരികിൽ കാടുമൂടി മരങ്ങൾ വളർന്നുനില്ക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ മരക്കൊമ്പുകൾ തട്ടി സ്കൂൾ വാഹനങ്ങൾക്കുൾപ്പെടെ പ്രയാസമുണ്ടാക്കുന്നു.

പ്രശ്നം സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി പലതവണ പഴശ്ശിപദ്ധതി അധികൃതർക്ക് കത്തെഴുതിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കനാലിലെ കാട് വെട്ടുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് പഴശ്ശിപദ്ധതി അധികൃതർ അറിയിച്ചു.