കിഴക്കുംഭാഗം-എസ്.എൻ.പുരം പാലം; നിർമാണം അവസാനഘട്ടത്തിൽ

പിണറായി : പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കിഴക്കുംഭാഗം–എസ്.എൻ.പുരം പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ഉമ്മഞ്ചിറ പുഴയ്ക്ക് കുറുകെയാണ് പുതിയ പാലം പണിയുന്നത്. ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ പുഴയ്ക്ക് കുറുകെയുള്ള അണക്കെട്ടിന് മുകളിലൂടെ കാൽനട യാത്രാസൗകര്യം മാത്രമാണുള്ളത്. പാലം യാഥാർഥ്യമാകുന്നതോടെ വർഷങ്ങളായുള്ള ഈ യാത്രക്ലേശത്തിന് പരിഹാരമാകും. ഇരുപഞ്ചായത്തുകളിലെയും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാമാർഗം ലഭിക്കുന്നതിനൊപ്പം പ്രദേശങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാകും.

ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 9.75 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. 167 മീറ്റർ നീളവും 9.75 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി. ഇരുവശങ്ങളിലെയും സമീപനറോഡുകളുടെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡ് ടാറിങ്ങും പൂർത്തിയാകാനുണ്ട്. രാത്രിയാത്ര സുരക്ഷിതമാക്കുന്നതിനായി 20 വൈദ്യുത വിളക്കുകളും സ്ഥാപിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. വെള്ളക്കെട്ടും സാങ്കേതിക തടസ്സങ്ങളും നേരത്തേ നിർമാണത്തെ ബാധിച്ചിരുന്നു.

രണ്ടുപതിറ്റാണ്ടിലേറെ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനാണ് പാലം പൂർത്തിയാകുന്നതോടെ വിരാമമാകുന്നത്. അണക്കെട്ടിന് മുകളിലൂടെയുള്ള കാൽനടയാത്രയ്ക്ക് പകരം സുരക്ഷിത യാത്രാമാർഗം ലഭിക്കുന്നതോടെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പാലത്തിലൂടെ ഗതാഗതസൗകര്യം കൂടി യാഥാർഥ്യമാകുന്നത് പ്രദേശത്തിന്റെ വികസനത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.