കരിങ്കല്ലുകൾക്കിടയിൽ പൂഴിനിറച്ച് തൈ നട്ടു; കടൽഭിത്തിക്കിടയിൽ കുലച്ച തെങ്ങുകൾ; സുന്ദരകാഴ്ചയൊരുക്കി കിഴുന്ന തീരം

എടക്കാട് : തീരപ്രദേശത്ത് തെങ്ങിൻകൂട്ടങ്ങൾ സാധാരണമാണ്. എന്നാൽ തീരസംരക്ഷണത്തിന്റെ ഭാഗമായി കെട്ടിയ കരിങ്കൽഭിത്തിക്കിടയിൽ നിരനിരയായി തെങ്ങുകൾ വളർന്നുനിൽക്കുന്ന കാഴ്ച പ്രദേശത്തെ ജനങ്ങളെ മാത്രമല്ല തീരംതേടി വരുന്ന സഞ്ചാരികളെയും അദ്ഭുതപ്പെടുത്തുകയാണ്.
എടക്കാടിനടുത്ത് കിഴുന്ന ബീച്ചിലാണ് ഈ മനോഹര കാഴ്ച. പച്ചപിടിച്ച ഓലകളും നിറഞ്ഞുകായ്ച തെങ്ങുകളും ഇവിടെയെത്തുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റും. കിഴുന്ന ആശാൻ സ്മാരക വായനശാല പ്രവർത്തകനായ സി.എം. അജിത്തിന്റെ നേതൃത്വത്തിൽ 15 വർഷം മുൻപ് നാല് തൈ നട്ട് കൊണ്ടാണ് തുടക്കം. കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ തേങ്ങ മുളച്ച് വളർന്നതാണ് തൈ നടാൻ പ്രേരണയായതെന്ന് അജിത്ത് പറയുന്നു. കല്ലുകൾക്കിടയിലെ വിടവിൽ പൂഴിനിറച്ചാണ് തൈ നടുന്നത്. കിഴുന്നയിലെ റിസോർട്ടിൽ താമസിച്ചിരുന്നയാളാണ് ആദ്യം തെങ്ങിൻതൈകൾ നൽകിയത്. തുടർന്ന് പലയിടങ്ങളിൽനിന്ന് ലഭിക്കുന്ന തൈകൾ നട്ടുവളർത്തി. വളർച്ചയുടെ ആദ്യ ഘട്ടത്തിൽ വീട്ടിൽനിന്ന് വെള്ളം കോരിക്കൊണ്ടുവന്നൊഴിക്കും. വളങ്ങളൊന്നും ചേർക്കേണ്ടതില്ല. കടൽ കാറ്റേറ്റ് വളരുകയാണവ. ഇപ്പോൾ ചെറുതും വലുതുമായ 28 തെങ്ങുകളുണ്ട് .
ചെറിയ കാലത്തിനുള്ളിൽ ആരോഗ്യത്തോടെ തൈകൾ വളർന്നു. നല്ല വിളവും തരുന്നു. വായനശാല പ്രവർത്തകരായ കെ.സുധാകരൻ, വി.കെ. മനോഹരൻ, പി.കെ. ജയശീലൻ, കെ. സജീവൻ, പി.പി. വിനോദ്, കെ. ഷൈജു, എം. അമർജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം. കിഴുന്ന പാറക്കണ്ടി ക്ഷേത്രത്തിലും പെരുംതൃക്കോവിൽ ക്ഷേത്രത്തിലും വായനശാലയിലും നടക്കുന്ന വിവിധ പരിപാടികളിലേക്കാണ് തേങ്ങകൾ ഉപയോഗിക്കുന്നത്. തെങ്ങിൻതൈക്കൊപ്പം ബദാംചെടികളും ഇവർ നട്ടുവളർത്തിയിട്ടുണ്ട്. വെയിലിൽ സഞ്ചാരികൾക്ക് തണലും തണുപ്പുമാണിവ.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് നവീകരണത്തോടനുബന്ധിച്ച് നട്ട പനമരങ്ങൾ ഉപ്പുകാറ്റേറ്റ് ഉണങ്ങിയത് കഴിഞ്ഞദിവസം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. ബീച്ചിൽ തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കുന്നത് ബീച്ചിനെ മനോഹരമാക്കുന്നതിനൊപ്പം അവിടെയെത്തുന്ന സഞ്ചാരികൾക്കുൾപ്പെടെ സന്തോഷം പകരുന്നതാണെന്നും ആശാൻ വായനശാല പ്രവർത്തകർ പറഞ്ഞു.