നന്നാക്കിയ കെ.എസ്.ടി.പി. റോഡ് പൊളിഞ്ഞുതുടങ്ങി

പഴയങ്ങാടി : പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ നവീകരണപ്രവൃത്തി നടന്ന സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിയാൻ തുടങ്ങി. രാമപുരം കൊത്തിക്കുഴിച്ച പാറയ്ക്കടുത്തുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞത്.
ജനുവരി ആദ്യവാരം തുടങ്ങിയ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡ് പ്രവൃത്തി പൂർത്തിയാകാത്തത് ഇതുവഴിയുള്ള യാത്രാദുരിതത്തിന് പരിഹാരമായില്ല.പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെയുള്ള 21 കി.മീ. മെക്കാഡം ടാറിങ് ചെയ്ത് നവീകരിക്കുന്നതിന് മുൻ സർക്കാർ 18 കോടി രൂപയാണ് അനുവദിച്ചത്.
ഇതിന്റെ ഭാഗമായി പീര ക്കാംതടം മുതൽ പഴയങ്ങാടി പാലം വരെയുള്ള ഭാഗത്തെ പണിയാണ് ആദ്യം പൂർത്തിയാക്കിയത്. പിന്നീട് കുറേക്കഴിഞ്ഞാണ് താവം മുതലുള്ള പ്രവൃത്തി തുടങ്ങിയത്. ടാർവില വർധനയും ലഭ്യതക്കുറവുമാണ് വൈകാനിടയായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങൾ പൂർണമായും അടച്ചിട്ട സമയം റോഡിന്റെ നവീകരണം നല്ല രീതിയിൽ നടത്താൻ സാധിക്കുമെന്നിരിക്കെ അന്നത് നടത്താത്തതാണ് പിന്നീടുണ്ടായ കാലതാമസത്തിന് കാരണമെന്നാണ് ആക്ഷേപം. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി കെ.എസ്.ടി.പി. റോഡുവഴി കടന്നുപോകുന്നുണ്ട്.