തിരുവങ്ങാട് - ചമ്പാട് റോഡ് നവീകരണം വീണ്ടും ജീവൻ വെക്കുന്നു

ചമ്പാട് : തിരുവങ്ങാട് - ചമ്പാട് റോഡ് നവീകരണത്തിനായുള്ള നടപടിക്രമങ്ങൾക്ക് വീണ്ടും ജീവൻ വെക്കുന്നു. ഭൂമിയുടെ മൂല്യനിർണയത്തിനായുള്ള നടപടികൾ വേഗം കൂടി. 200 സ്ഥലങ്ങളുടെ മഹസ്സർ പൂർത്തിയാക്കി റവന്യു വിഭാഗം നിർവ്വഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ന് കൈമാറിയിട്ടുണ്ട്.
തലശ്ശേരി മണവാട്ടി ജംങ്ഷൻ- കോപ്പാലം- ചമ്പാട് റോഡ് 5.480 കി.മീ. നീളത്തിൽ 13.6 മീറ്റർ വീതിയിൽ പുതുക്കിപ്പണിയാനാണ് പദ്ധതി. സർവേ നടപടികൾ വേഗത്തിലാക്കി ഓരോ ഉടമയ്ക്കും നൽകേണ്ട നഷ്ടപരിഹാരം കണക്കാക്കുന്നതിന് ഭൂമിയിലെ ഉഭയങ്ങൾ, കെട്ടിടങ്ങൾ എന്നിവ മഹസ്സറാക്കി റവന്യൂവകുപ്പ് നൽകുകയാണ് ചെയ്യുക. തെങ്ങ്, കവുങ്ങ് ഉൾപ്പടെ കാർഷികവിളകളെ കുറിച്ചും മറ്റ് വൃക്ഷങ്ങളെ കുറിച്ചും എണ്ണി തിട്ടപ്പെടുത്തുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഓരോരുത്തർക്കും നഷ്ടപ്പെടുന്നത് സംബന്ധിച്ച മഹസ്സർ ലഭ്യമാക്കിയാൽ കെട്ടിടങ്ങളുടെ നഷ്ടം കെ.ആർ.എഫ്.ബിയും കൃഷി നഷ്ടം കാർഷിക വകുപ്പും വൃക്ഷങ്ങളെ കുറിച്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗവും മൂല്യനിർണയം നടത്തും. മുഴുവൻ മഹസ്സറും ലഭ്യമാക്കി മൂല്യനിർണയം പൂർത്തിയാക്കി നൽകിയാൽ പദ്ധതിയ്ക്കായി ആകെ വകയിരുത്തേണ്ട തുക റവന്യൂ വിഭാഗം കണക്കാക്കി ഏജൻസിക്ക് നൽകുന്നതോടെ
കിഫ്ബിയോട് തുക ലഭ്യമാക്കാൻ ആവശ്യപ്പെടും. അഞ്ഞൂറിലധികം മഹസ്സർ ഉണ്ടാവുമെന്നാണ് നിഗമനം.
നേരത്തെ സ്ഥലം എം.എൽ.എ യായ സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭ്യർത്ഥന മാനിച്ച് സർവ്വേ ഉദ്യോഗസ്ഥരായി ആറുപേരെ നിയോഗിക്കുകയായിരുന്നു. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) 68.6 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്. തലശ്ശേരി എം.എൽ.എ. കാരായി രാജൻ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ ഈ പ്രവൃത്തിയുടെ വേഗം കൂട്ടാൻ നിർദ്ദേശിച്ചിരുന്നു.
റോഡിന്റെ ഇരുഭാഗത്തും സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാരം കണക്കാക്കി നൽകുന്ന നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.
സ്ഥലം നഷ്ടപ്പെടുന്ന ഭൂഉടമകൾക്കായുള്ള പബ്ലിക്ക് ഹിയറിങ് മൂന്നിടങ്ങളിലായി നേരത്തെ നടത്തിയിരുന്നു.
തിരുവങ്ങാട്, കോടിയേരി, പന്ന്യന്നൂർ വില്ലേജുകളിലായി 2.364 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. തിരുവങ്ങാട് വില്ലേജിലെ സബ് ഡിവിഷനൽ സർവ്വേ പൂർത്തിയായിട്ടുണ്ട്.