ആറളം ശലഭോദ്യാനത്തിന്റെ കാനനഭംഗി ആസ്വദിച്ച് ഗവർണർ

ആറളം ശലഭോദ്ധ്യാനത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ കേരളാ ഗവർണ്ണർ ഓം പ്രകാശ് മാഥൂർ കാനനഭംഗി ആസ്വദിക്കുന്നു.
ആറളം ശലഭോദ്ധ്യാനത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ കേരളാ ഗവർണ്ണർ ഓം പ്രകാശ് മാഥൂർ കാനനഭംഗി ആസ്വദിക്കുന്നു.

ഇരിട്ടി: ആറളം ശലഭസങ്കേതത്തിലെ കാനനഭംഗി ആസ്വദിക്കാൻ ഗവർണർ ഓം പ്രകാശ് മാഥൂർ എത്തി. ഏഴിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷമാണ് ഗവർണർ ആറളത്തെത്തിയത്.

രാവിലെ 11.45 ഓടെ ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ ആസ്ഥാനത്തെത്തിയ ഗവർണറെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. സ്വകാര്യ സന്ദർശനമായിരുന്നതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

മൂന്നരമണിക്കൂറോളം ആറളം ശലഭസങ്കേതത്തിൽ ചെലവഴിച്ച ഗവർണർ പൂക്കുണ്ട് വരെ സന്ദർശിച്ച് വനത്തിന്റെ മനോഹാരിത ആസ്വദിച്ചു. തുടർന്ന് ഡ്രോൺ മുഖേന ആറളം ഫാമിന്റെയും ആറളം ശലഭസങ്കേതത്തിന്റെയും ആകാശദൃശ്യങ്ങളും വീക്ഷിച്ചു.

വളയഞ്ചാലിൽ വനം ഉത്തരമേഖല സി.സി.എഫ്. അഞ്ജൽ കുമാർ, കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് എ.സി.എഫ്. എ സജന, ആറളം ശലഭസങ്കേതം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, സ്ക്വാഡ് റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശൻ എന്നിവർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്.

ഇരിട്ടി ഡിവൈ.എസ്.പി. പി.കെ. ധനഞ്ജയ ബാബു, കാസർകോട് ജില്ല സ്പെഷ്യൽ മെബൈൽ സ്ക്വാഡ് ഡിവൈഎസ്‌.പി. ടി. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

ഗവർണറുടെ എ.ഡി.സി. രാജേഷ് കുമാർ ഉൾപ്പെടെയുള്ള സ്റ്റാഫ് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

Content Highlights: Governor Om Prakash Mathur visited the Aralam Wildlife Sanctuary in Kannur and spent over three hours enjoying its natural beauty.