'ഹൃദയതാളം': ജില്ലയിൽ 10,000 പേർക്ക് സി.പി.ആർ. പരിശീലനം നൽകും

കണ്ണൂർ: ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 'ഹൃദയതാളം' പദ്ധതിയുടെ ഭാഗമായി 10,000 പേർക്ക് ജീവൻരക്ഷാ പരിശീലനം
നൽകുന്ന പരിപാടിക്ക് തുടക്കമായി. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ യൂത്ത് ബ്രിഗേഡ് വൊളന്റിയർമാർക്ക് വിദഗ്ധ പരിശീലനം നൽകി അവരെ പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മുൻ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ അധ്യക്ഷനായി.
ആദ്യഘട്ടമെന്ന നിലയിൽ ഓരോ മേഖലാ കമ്മിറ്റിയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ബ്രിഗേഡ് പ്രതിനിധികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിലേക്കും പരിശീലന പരിപാടി വ്യാപിപ്പിക്കും. ഡോ. സി.ഒ. അനൂപ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എം.അഖിൽ, പി.പി. സിധിൻ, എ.പി. അൻവീർ, ഷിബിൻ കാനായി, യൂത്ത് ബ്രിഗേഡ് ജില്ലാ കൺവീനർ പി. സനീഷ്, സി.പി. ഷിജു, പി. അഖിൽ, സരീഷ് പൂമരം എന്നിവർ സംസാരിച്ചു.
Content Highlights: DYFI Kannur district committee launches Hridayathalam project to provide CPR life-saving training to 10,000 people.