മാഹിയിൽ ജില്ലാ കോടതി സ്ഥാപിക്കാൻ നിവേദനം നൽകി

മാഹിയിൽ ജില്ലാ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശ്ശിവായം കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളിന് നിവേദനം നൽകുന്നു
മാഹിയിൽ ജില്ലാ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശ്ശിവായം കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളിന് നിവേദനം നൽകുന്നു

മയ്യഴി: ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും പുതുച്ചേരിയിൽനിന്നുള്ള മാഹിയിലേക്കുള്ള ദൂരവും കണക്കിലെടുത്ത് മാഹിയിൽ നിലവിലുള്ള സബ് കോടതി ഉയർത്തി ജില്ലാ കോടതി സ്ഥാപിക്കണമെന്ന് പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശ്ശിവായം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാളിന് സമർപ്പിച്ച നിവേദനത്തിലാണ് മാഹിയിൽ സമ്പൂർണ അധികാരങ്ങളോടുകൂടിയ ജില്ലാ കോടതി സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹി, പുതുച്ചേരിയിൽനിന്ന് 640 കിലോമീറ്റർ അകലെയാണ്. നിലവിൽ മാഹിയിൽ സബ് കോടതിയും ജില്ലാ മുൻസിഫ് കം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സബ് കോടതിക്ക് കുടുംബകോടതിയുടെ അധികാരങ്ങളും നിലവിലുണ്ട്. എന്നാൽ റിവിഷൻ ഹർജികൾ, വാടക നിയന്ത്രണവുമായി ബന്ധപ്പെട്ട അപ്പീലുകൾ, ക്രിമിനൽ അപ്പീലുകൾ തുടങ്ങി പ്രധാനപ്പെട്ട നിരവധി കേസുകൾ പുതുച്ചേരിയിലെ ജില്ലാ കോടതിയുടെ പരിധിയിലാണ് വരുന്നത്. ഇത് മാഹിയിലെ അഭിഭാഷകർക്കും പരാതിക്കാർക്കും പൊതുജനങ്ങൾക്കും വലിയ യാത്രാദുരിതവും പ്രായോഗിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

നിലവിൽ പുതുച്ചേരിയിലെ രണ്ടാം അഡിഷണൽ ജില്ലാ കോടതി രണ്ട് മാസത്തിലൊരിക്കൽ മൂന്ന് ദിവസത്തേക്ക് മാഹിയിൽ ക്യാമ്പ് സിറ്റിങ് നടത്തുന്നുണ്ട്. എന്നാൽ ഈ താത്ക്കാ‌ലിക സംവിധാനം മാഹിയിൽ സ്ഥിരമായും സമ്പൂർണമായും പ്രവർത്തിക്കുന്ന ജില്ലാ കോടതിയുടെ ആവശ്യകതയ്ക്ക് പകരമാകില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ഇതേ ആവശ്യം ഉന്നയിച്ച് നിലവിലുള്ള എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ ദീർഘകാലമായി അധികൃതകേന്ദ്രങ്ങളിലും കോടതികളിലും ഇടപെടൽ നടത്തി വരികയാണ്.

Content Highlights: Puducherry Home Minister A Namassivayam urges the Centre to establish a full-fledged district court in Mahe to ease legal hurdles.