മാതൃകയുണ്ട്, പിന്തുടരാൻ സർക്കാരിനാണോ മടി? മാലിന്യ സംസ്‌ക്കരണത്തിൽ മുതലെടുപ്പ് വേണ്ട | പരമ്പര

'തുറന്നുപറയുന്നതിൽ ഖേദം തോന്നുന്നില്ല. വിളപ്പിൻശാല പ്ലാന്റിന്റെ അനന്തരഫലമാണ് മാലിന്യം പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാനുള്ളതാണെന്ന ബോധം നാട്ടുകാരിലേക്ക് കൊണ്ടുവന്നത്', വട്ടിയൂർകാവ് എം.എൽ.എയായ വി.കെ പ്രശാന്ത് മുമ്പ് തിരുവനന്തപുരം മേയറായിരുന്നപ്പോൾ ശുചിത്വമിഷന്റെ ഒരു സെമിനാറിൽ പങ്കെടുക്കവെ പറഞ്ഞു. അതേ, അപ്പറഞ്ഞത് തന്നെയാണ് യഥാർഥ്യം. വീടുകളിലെ ജൈവമാലിന്യങ്ങൾ അന്നുവരെ വലിയ കുഴപ്പമൊന്നുംകൂടാതെ മര്യാദയ്ക്ക് വീട്ടുപറമ്പിലൊക്കെ സംസ്‌ക്കരിച്ചു വന്നിരുന്ന ഒരു ജനതയെ മാലിന്യം പുറത്തേക്ക് കൊടുക്കണമെന്ന് ശീലിപ്പിച്ചത് സർക്കാരുകളാണ്. വിളപ്പിൻശാലയും ഞെളിയൻപറമ്പുമെല്ലാം പൂട്ടിപ്പോയപ്പോൾ ബദൽ മാർഗമില്ലാതെ മാലിന്യം ആളുകൾ റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും തള്ളുന്ന സ്ഥിതിവന്നത് അങ്ങനെയാണ്.
അക്കാലത്ത് ഒട്ടുമിക്ക മാലിന്യ പ്ലാന്റുകളുടെയും പ്രവർത്തനം നിലച്ചതോടെ പല നഗരങ്ങളും റോഡുകളും മാലിന്യങ്ങളാൽ നിറഞ്ഞു. മൂക്കുപൊത്താതെ നടന്നുപോകാൻ പോലും പറ്റാത്ത സ്ഥിതിയായി. എന്നിട്ടും ബദൽ മാർഗമൊന്നും ആവിഷ്‌ക്കരിക്കാനാകാതെ സർക്കാരും കുഴങ്ങി. അങ്ങനെയിരിക്കെ 2012-ൽ ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് മാലിന്യ സംസ്‌ക്കരണത്തിൽ കേരളത്തിൽ ആദ്യമായി മികച്ചൊരു മാതൃക സൃഷ്ടിച്ചത്. അന്ന് ആലപ്പുഴ എംഎൽഎയായിരുന്നു തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി നടത്തിയ ചിട്ടയായ പ്രവർത്തനം അസാധ്യമെന്ന് കരുതിയ മാലിന്യ സംസ്‌ക്കരണം നിസാരമാക്കി. ഇത് പിന്നീട് കേരളത്തിനും രാജ്യത്തിനും തന്നെ വഴികാട്ടിയായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സർവോദയപുരത്തെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടിയതോടെയാണ് സ്വന്തമായി ആവിഷ്‌ക്കരിച്ച വികേന്ദ്രീകൃത സംവിധാനത്തിലേക്ക് ആലപ്പുഴ മാറിയത്.
ആലപ്പുഴയുടെ വിപ്ലവം, തുമ്പൂർമുഴി മാതൃക
മാലിന്യത്തിൽ വീർപ്പുമുട്ടിയ ആലപ്പുഴ നഗരസഭയുടെ മുഖച്ഛായ മാറ്റിയത് തുമ്പൂർമുഴി കമ്പോസ്റ്റും മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയുമാണ്. നഗരസഭയുടെ വികേന്ദ്രീകൃത കമ്മ്യൂണിറ്റി തല ജൈവ-അജൈവ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളായ ഇവ വളരെ വേഗത്തിൽ ക്ലച്ചുപിടിച്ചു. സർവോദയപുരത്തിന് താഴുവീണതോടെ പ്രതിദിനം ഉൽപ്പാദിക്കപ്പെടുന്ന 60 ടൺ ഖരമാലിന്യം എന്തുചെയ്യണമെന്ന് അറിയാതെ നഗരസഭ പകച്ചുനിന്ന സമയമായിരുന്നു അത്. വഴിയരികിൽ വലിച്ചെറിയപ്പെടുന്ന മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. വാട്-സൻ പാർക്ക് എന്ന പേരിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി വൈകാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. വലിയ അടിസ്ഥാന സൗകര്യ സംവിധാനങ്ങളില്ലാതെ തന്നെ മാലിന്യം കൈകാര്യം ചെയ്യൽ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് ആലപ്പുഴ പതിയെ മാറുകയായിരുന്നു.
വെറ്റിനരി സർവകലാശാലയിലെ ഗവേഷകൻ ഡോ. ഫ്രാൻസിസ് സേവ്യറാണ് മാലിന്യ സംസ്‌ക്കരത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിവിത്തിട്ട തുമ്പൂർമുഴി മാതൃക ആവിഷ്‌കരിച്ചത്. വായു, കരിയില, സൂക്ഷ്മാണു; ഇവമൂന്നും മാത്രമാണ് തുമ്പൂർമുഴി മാതൃകയിൽ മാലിന്യ സംസ്‌ക്കരണത്തിന് വേണ്ടത്. നാലടി സമചതുരത്തിൽ ഒരുപൊട്ടി പോലെയായിരുന്നു ഇതിന്റെ രൂപം. അതിൽ ആറിഞ്ച് കനത്തിൽ കരിയിലയിടും. അതിനുമുകളിൽ ചാണകത്തിൽ നിന്ന് വേർതിരിച്ചെടുത്ത ലായനി തളിക്കും. അതിനുമുകളിലായി മാലിന്യം നിക്ഷേപിക്കും. അതിനുമുകളിൽ വീണ്ടും കരിയിലയുടെ ആവരണമുണ്ടാക്കി ലായനി തളിക്കും. ഇത്തരത്തിൽ വളരെ സിംപിളായിരുന്നു പ്രവർത്തനം. 90 ദിവസംകൊണ്ട് നിക്ഷേപിച്ച മാലിന്യം വളമായി മാറും. നഗരസഭ വീടുകളിൽ പോയി മാലിന്യം ശേഖരിക്കുന്ന ശീലം മാറ്റി പൊതുജനങ്ങൾ നേരിട്ടു മാലിന്യങ്ങൾ ഇവിടേക്ക് എത്തിക്കുന്നതായിരുന്നു രീതി. ഇതിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കി. രാത്രിയും പകലും ഇവിടെ ജീവനക്കാരേയും നിയോഗിച്ചിരുന്നു.
ചാണകത്തിലെ സൂക്ഷ്മജീവികൾ ഊർജം ഉൽപ്പാദിപ്പിക്കുന്നതിനായി ജൈവാവശിഷ്ടങ്ങളിലെ നൈട്രജൻ, ഫോസ്ഫറസ്, കാർബൺ മറ്റ് അവശ്യ ഘടകങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. കാർബൺ ഉറവിടമായിട്ടാണ് ഇവിടെ കരിയില ഇടുന്നത്. സൂക്ഷ്മ ജീവികളുടെ പ്രവർത്തനഫലമായി കാർബൺ ഡയോക്‌സൈഡും ചൂടും ഉണ്ടാവുകയും ജൈവാവശിഷ്ടങ്ങൾ ദ്രവിച്ച് പൂർണ്ണമായി സംസ്‌ക്കരിക്കപ്പെടുകയും ചെയ്യും.
തുമ്പൂർമുഴി സ്വീകാര്യമായതിനൊപ്പം തന്നെ ഉറവിട മാലിന്യ സംസ്‌ക്കരണത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും നഗരസഭ സ്ഥാപിച്ചു നൽകി. ഏകദേശം 50 ശതമാനം വീടുകളിലും ജൈവമാലിന്യം വീടുകളിൽ തന്നെ സംസ്‌ക്കരിക്കുന്നതിനുള്ള ഉറവിട സംസ്‌കരണ സംവിധാനങ്ങളുണ്ടായി. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം കൃത്യമായി സംസ്‌ക്കരിക്കാൻ നഗരസഭ ഒരുക്കിയ മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയും ഫലംകണ്ടു. ഷ്രെഡിങ് യൂണിറ്റുകളിലെത്തിച്ച് പൊടിച്ച പ്ലാസ്റ്റിക് പിന്നീട് റോഡ് നിർമാണത്തിനും ഉപയോഗിച്ചു തുടങ്ങി.
വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങളിലൂടെ മലിനീകരണം ഫലപ്രദമായി തടയുന്നതിൽ വിജയിച്ച ലോകത്തെ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നായി 2017-ൽ ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി ആലപ്പുഴയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഓരോ വീടുകളിലേക്കുമെത്തി ജനങ്ങളെ ബോധവത്കരിച്ച് നഗരസഭയിലെ ശുചിത്വ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും നടത്തിയ ചിട്ടയായ പ്രവർത്തനമായിരുന്നു ഈ വിജയത്തിന്റെ അടിസ്ഥാനം. തുമ്പൂർമൂഴി മാതൃക ശ്രദ്ധിക്കപ്പെട്ടതോടെ, മാലിന്യ പ്രശ്നം എങ്ങനെയും പരിഹരിക്കാൻ മാർഗം തേടി നടന്ന സംസ്ഥാനത്തെ മറ്റു തദ്ദേശസ്ഥാപനങ്ങളും ഈ രീതി പിന്തുടരാൻ മുന്നോട്ടുവന്നു
അഴുകുന്ന മാലിന്യമെല്ലാം കംബോസ്റ്റാക്കണമെന്നും പുനരുപയോഗിക്കാവുന്നവ ആ രീതിയിൽ കൈകാര്യം ചെയ്യണമെന്നും ഇതിനൊന്നും പറ്റാത്ത മാലിന്യങ്ങൾ മാത്രമേ സുരക്ഷിതമായി മണ്ണിട്ട് മൂടാൻ പാടുവെന്നുമാണ് 2016-ലെ കേന്ദ്ര മാലിന്യ സംസ്‌ക്കരണ നിയമത്തിൽ പറയുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ ഈ രീതികളിലേക്ക് മാറിയ ഉത്തമ മാതൃക കൂടിയായിരുന്നു ആലപ്പുഴ നഗരസഭ.
ആലപ്പുഴയെ പിന്തുടർന്ന് ക്ലീനായ തീരുവനന്തപുരം
തിരുവനന്തപുരം കോർപ്പറേഷൻ, ഏതാനം വർഷങ്ങൾക്ക് മുമ്പുവരെ കേരളത്തിൽ മാലിന്യ പ്രശ്നം ഇത്ര രൂക്ഷമായ മറ്റൊരു സ്ഥലമില്ലായിരുന്നു. 2012ൽ വിളപ്പൻശാല പൂട്ടിയതുമുതൽ നൂറോളം വാർഡുകളുള്ള കോർപ്പറേഷനിലെ മുഖ്യവില്ലൻ മാലിന്യമാണ്. എവിടെ തിരിഞ്ഞാലും കൂട്ടിയിട്ട മാലിന്യങ്ങൾ സ്ഥിരംകാഴ്ചയായ സ്ഥിതി. മാലിന്യത്തിൽ മുങ്ങിയ നഗരത്തെ രക്ഷപ്പെടുത്താൻ വികെ പ്രശാന്ത് മേയറായിരുന്ന കാലത്താണ് കോർപ്പറേഷൻ ആലപ്പുഴ മാതൃക പിന്തുടരാൻ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് പ്രധാന്യം നൽകി ആക്ഷൻ പ്ലാൻ തയ്യാറാക്കി.
തുമ്പൂർമുഴി മാതൃകയിൽ പൊതുസ്ഥലത്ത് ജൈവമാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഓരോ വീടുകളിലും മാലിന്യം കമ്പോസ്റ്റ് ചെയ്യാനുള്ള സംവിധാനവും അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിക്കാൻ സൗകര്യങ്ങളും ഒരുക്കി. മാലിന്യം വലിച്ചെറിയുന്ന ശീലം ഒരുപരിധിവരെ മാറിത്തുടങ്ങി. കോർപ്പറേഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും നിരീക്ഷണത്തിലും പദ്ധതി മുന്നോട്ടുപോയതോടെ പതിയെ തിരുവനന്തപുരത്തിന്റെ മാലിന്യ പ്രശ്നം ഗണ്യമായി കുറയ്ക്കാനും കോർപ്പറേഷന് സാധിച്ചു. നഗരസഭയ്ക്ക് കീഴിലെ ചെറിയൊരു പ്രദേശത്ത് ആലപ്പുഴ വിജയിപ്പിച്ച് കാണിച്ച തുമ്പൂർമൂഴി മോഡൽ പരിധികളില്ലാതെ വലിയതോതിൽ നടപ്പാക്കാമെന്ന് തിരുവനന്തപുരം കോർപ്പറേഷനും തെളിയിച്ചു.
ഇതോടെ തുമ്പൂർമുഴിയെ മാതൃകയാക്കി സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളും വികേന്ദ്രീകൃത രീതി പരീക്ഷിച്ചു തുടങ്ങി. നഗരങ്ങൾ എന്നുവേണ്ട ചെറുഗ്രാമങ്ങളിൽ പോലും തുമ്പൂർമുഴി മോഡലിന് പ്രചാരമേറി. വലിയ യന്ത്രങ്ങളുടെയോ പ്ലാന്റുകളുടെയോ ആവശ്യമില്ലാതെ തന്നെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടെന്ന് അധികാരികൾക്കും ബോധ്യപ്പെട്ടു. പ്രധാന കവലകൾ, ബസ് സ്റ്റാന്റുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിലെല്ലം തുമ്പുർമുഴി മോഡൽ ചതുരപ്പെട്ടി സ്ഥാനംപിടിച്ചു. ചെറിയൊരു ദുർഗന്ധം പോലും ഇതിനില്ലെന്ന് ആളുകളെ ബോധ്യപ്പെടുത്തി. എന്തിനേറേ, ഹോട്ടലുകൾക്ക് തൊട്ടുമുന്നിൽ പോലും തുമ്പൂർമുഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് പ്രവർത്തിച്ചുവന്നു. ഡൽഹിയിലെ ഗുർഖാവിലും ബീഹാറിലും വരെ ആലപ്പുഴ മോഡൽ മാതൃകയാക്കി കമ്പോസ്റ്റ് യൂണിറ്റുകൾ ആരംഭിച്ചിരുന്നു.
മാലിന്യം; പണം കാഴ്ക്കുന്ന മരം
തുമ്പൂർമുഴിയും ബയോഗ്യാസ് പ്ലാന്റും പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റുകളുമെല്ലാം വ്യാപകമായെങ്കിലും അപ്പോഴും കേരളത്തിലെ മാലിന്യ പ്രശ്നത്തിന് പൂർണമായൊരു പരിഹാരമായിരുന്നില്ല. വികേന്ദ്രീകൃത സംസ്‌ക്കരണ മാർഗം അത്ര ഫലപ്രദമല്ലെന്നും കേന്ദ്രീകൃത മാലിന്യ പ്ലാന്റുകൾ നിർമിക്കണമെന്നും ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നു. സമ്പൂർണ പരാജയമാണെന്ന തിരിച്ചറിഞ്ഞ് സംസ്ഥാനത്തെ പത്തോളം കേന്ദ്രീകൃത പ്ലാന്റുകൾ പൂട്ടിപ്പോയതിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു പ്ലാന്റിന് ആവശ്യമുയർന്നതെന്നും വലിയ വിരോധാഭാസമായി. സംസ്‌ക്കരണം താളംതെറ്റിയ എറണാകുളത്തെ ബ്രഹ്മപുരം പ്ലാന്റിൽ 2012-ൽ ഇത്തരമൊരു വേസ്റ്റ് എനർജി പ്ലാന്റ് സ്ഥാപിക്കാൻ സ്വകാര്യ കമ്പനിയുമായി സംസ്ഥാന സർക്കാർ കരാറിൽ ഒപ്പിടുക വരെ ചെയ്തു. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പാമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാൽ അതിന്റെ പ്രവർത്തനമൊന്നും പിന്നീട് എങ്ങുമെത്തിയില്ല.
വികേന്ദ്രീകൃത മാർഗം ഏറെ ജനപ്രിയമായി മാറിയിട്ടും കേരളത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കപ്പെടാതെ നിലനിന്നതിന് കാരണം ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ നടക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകളാണെന്നാണ് പരിസ്ഥിതി പ്രവർത്തകനായ എംഎൻ ഷിബു ആരോപിക്കുന്നത്. കേരളത്തിലെ മാലിന്യ പ്രശ്നം ഒരുകാലത്തും പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് അവരെല്ലാം. വികേന്ദ്രീകൃത രീതികൾ പരാജയമാണെന്ന് വരുത്തിത്തീർത്ത് വീണ്ടും കേന്ദ്രീകൃത മാർഗത്തിലേക്ക് കൊണ്ടുപോകാനാണ് അവരുടെയെല്ലാം ശ്രമം. അതിനുള്ള പ്രധാന കാരണം മാലിന്യ പ്രശ്നം പരിഹരിക്കാൻ എക്കാലവും സർക്കാർ ചെലഴിക്കുന്നത് കോടികളാണ് എന്നുള്ളതാണ്. എന്നാൽ വികേന്ദ്രീകൃത രീതിയിലേക്ക് മാറിയപ്പോൾ അവിടെ വലിയ ചെലവുകളില്ലാത്തതിനാൽ അഴിമതിക്കുള്ള സാധ്യത കുറഞ്ഞു. കേന്ദ്രീകൃത പ്ലാന്റുകൾക്കായി കരാറുകാരും മറ്റും വീണ്ടും സമ്മർദം ചെലുത്താനുള്ള കാരണവും ഇതാണ്. ഇത്തരം താത്പര്യം നിലനിൽക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ മാലിന്യ പ്രശ്നം ഒരിക്കലും പ്രായോഗികമായി പരിഹരിക്കാൻ പറ്റില്ലെന്നും ഷിബു പറയുന്നു.
മാലിന്യത്തിൽനിന്ന് വൈദ്യുതി; കണ്ടറിയണം എന്താകുമെന്ന്
മാലിന്യ സംസ്‌ക്കരണത്തിന് ശാശ്വതമായ പരിഹാരം കാണാൻ മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പുതിയ 'വേസ്റ്റ് ടു എനർജി' പ്ലാന്റ് സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ അടുത്ത നീക്കം. ആറ് ജില്ലകളിൽ ഇത്തരം പ്ലാന്റ് കൊണ്ടുവരാനാണ് പദ്ധതി. ആദ്യ പ്ലാന്റ് കോഴിക്കോട് ഞെളിയൻപറമ്പിലാണ്. ആറ് മെഗാവാട്ട് ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്. ചെലവ് 300 കോടിയോളം വരും. 2020 ജനുവരിയിൽ മുഖ്യമന്ത്രി ഞെളിയൻപറമ്പ് പ്ലാന്റിന് തറക്കല്ലിട്ടെങ്കിലും രണ്ടര വർഷം പിന്നിട്ടിട്ടും പദ്ധതി എവിടേയും എത്തിയിട്ടില്ല. മലബാർ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കമ്പനി രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നോഡൽ ഏജൻസി. പദ്ധതിക്കായി ഞെളിയൻപറമ്പിലെ 16 ഏക്കറിൽ 12.3 ഏക്കർ സ്ഥലം കോർപ്പറേഷൻ നോഡൽ ഏജൻസിക്ക് കൈമാറിയിരുന്നു.
കോഴിക്കോട് നഗരത്തിൽ നിലവിൽ ഒരുദിവസം 150 ടൺ ജൈവമാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 50 ടണ്ണോളം അതതിടങ്ങളിൽ സംസ്‌ക്കരിക്കുന്നുണ്ട്. 80-90 ടൺ ആണ് ഞെളിയൻപറമ്പിൽ എത്തിക്കുന്നത്. പുതിയ പ്ലാന്റിൽ 200-300 ടൺവരെ മാലിന്യം വൈദ്യുതി ഉത്പാദനത്തിന് വേണ്ടിവരും. അതിനാൽ കോർപ്പറേഷൻ പരിധിക്ക് പുറമേ ഫറോക്ക്, കൊയിലാണ്ടി, രാമനാട്ടുകര നഗരസഭകൾ, ഒളവണ്ണ, കുന്ദമംഗലം, കടലുണ്ടി പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെയെത്തിച്ച് സംസ്‌ക്കരിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
കോർപ്പറേഷൻ ഞെളിയൻ പറമ്പിലെത്തിക്കുന്ന മാലിന്യം കത്തിച്ച് അതുവഴി ലഭിക്കുന്ന ആവി ഉപയോഗിച്ച് ടർബൈൻ പ്രവർത്തിപ്പിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുയും ചെയ്യുന്നതാണ് വേസ്റ്റ് ടു എനർജി പ്ലാന്റുകളുടെ പ്രവർത്തനരീതി. ഇതുവഴി ലഭിക്കുന്ന വൈദ്യുതിയിൽ ഒന്നര മെഗാവാട്ട് പ്ലാന്റിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കും. അഞ്ച് മെഗാവാട്ട് നല്ലളം സബ് സ്റ്റേഷനിലെത്തിച്ച് കെഎസ്ഇബിക്ക് നൽകാനുമാണ് ധാരണ.
അതേസമയം, വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം കേരളത്തിൽ വലിയ പരാതികളില്ലാതെ മുന്നോട്ടുപോകുമ്പോഴാണ് കേരള സർക്കാർ വീണ്ടും ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം പരീക്ഷിക്കുന്നതെന്ന വിരോധാഭാസവും ഇവിടെ നിലനിൽക്കുന്നു. നേരത്തെ ബ്രഹ്മപുരം പ്ലാന്റിലും ഇതേ പദ്ധതി കൊണ്ടുവരുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും അത് യാഥാർഥ്യമായിരുന്നില്ല. കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതി വീണ്ടും ആവർത്തിക്കുമ്പോൾ വിളപ്പിൻശാല സമരത്തെയെല്ലാം സർക്കാർ മറക്കുകയാണോയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യം. ഇതോടെ ഉറവിട മാലിന്യ സംസ്‌ക്കരണം ഉൾപ്പെടെ വീണ്ടും പരാജയപ്പെടുമോയെന്ന ആശങ്കയും പരിസ്ഥിതി പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നു.
കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാർഗങ്ങൾ ഒന്നിച്ച് ഒരിടത്ത് മുന്നോട്ടുപോകില്ല. മാലിന്യ സംസ്‌ക്കരണത്തിന് മുമ്പ് സ്വീകരിച്ച നയങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായാണ് സർക്കാർ ഇത്തരമൊരു കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതിയുമായി വരുന്നത്. കേരളത്തിലെ ജൈവവളങ്ങളിൽ 70 ശതമാനവും ജലാംശമാണ്. ഇവ കത്തിക്കണമെങ്കിൽ ആദ്യം മാലിന്യത്തിലെ ജലാംശം കളഞ്ഞ് ഉണക്കണം. പറമ്പിൽ വിരിച്ച് ഉണക്കിയെടുക്കാമെന്ന് വച്ചാൽ അതിനുമാത്രം സ്ഥലസൗകര്യമുള്ള ഒരിടവും കേരളത്തിലില്ല. ചൂടാക്കി കത്തിക്കുകയാണ് പിന്നെയുള്ള ഒരു പോംവഴി. ഇതിനായി ഡീസലോ വൈദ്യുതിയോ വേണം. അതായത് ഇപ്പറയുന്ന എനർജി പ്ലാന്റിൽനിന്ന് ഒരു യൂണിറ്റ് വൈദ്യതി ഉണ്ടാക്കാൻ ഒന്നര യൂണിറ്റ് വൈദ്യുതി ചെലവാക്കേണ്ട ആവശ്യം വരുമെന്ന് ചുരുക്കം. അതോടെ പദ്ധതി അവതാളത്തിലാകും. പണ്ട് വിളപ്പിൻശാലയിലുണ്ടായ അതേ അവസ്ഥയിലേക്ക് കാര്യങ്ങൾ നിങ്ങും. ഇന്ത്യയിലെ മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യമെന്നും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലാന്റുകൾ സ്ഥാപിച്ച പലയിടങ്ങളിലും തിരിച്ചടി മാത്രമാണുണ്ടായത് - കെ.എൻ. ഷിബു പറഞ്ഞു.
വികേന്ദ്രീകൃത രീതിക്ക് പരിമിതിയുണ്ടെന്ന് കോർപ്പറേഷൻ
വികേന്ദ്രീകൃത സംസ്‌ക്കരണം തന്നെയാണ് നല്ലതെങ്കിലും അതിന് ഒരുപാട് പരിമിതികളുണ്ട്. വേസ്റ്റ് ടു എനർജി പ്ലാന്റ് വരുന്നത് കോർപ്പറേഷന് ഉപകാരപ്രദമാണെന്നും ഒന്നോ രണ്ടോ വലിയ പ്ലാന്റുകളുണ്ടെങ്കിൽ മാലിന്യ സംസ്‌ക്കരണം എളുപ്പമാകുമെന്നും കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയശ്രീ പറയുന്നു. വർഷങ്ങളായി ഞെളിയൻപറമ്പിൽ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം അരിച്ചെടുത്ത് മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ പുതിയ പ്ലാന്റിനുള്ള നിർമാണം ആരംഭിക്കുമെന്നും മഴ മൂലമാണ് ജോലികൾ നീണ്ടുപോയതെന്നും ജയശ്രീ വിശദീകരിച്ചു.
'കോർപ്പറേഷൻ വികേന്ദ്രീകൃത രീതി ഒഴിവാക്കുകയല്ല ചെയ്യുന്നത്. ഒരു പ്രതിസന്ധി വന്നാൽ അതിനെ കൈകാര്യം ചെയ്യാൻ പറ്റുന്ന പ്ലാന്റുകളുള്ളത് നല്ലതാണ്. ആ രീതിയിലാണ് ഇത്തരം വേസ്റ്റ് ടു എനർജി പ്ലാന്റുകളെ നമ്മൾ കാണേണ്ടത്. എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും വികേന്ദ്രീകൃത സംസ്‌ക്കരണ കേന്ദ്രങ്ങൾ വേണെന്നാണ് ചട്ടം. എന്നാൽ എത്രത്തോളം ഫലപ്രദമായി ഇതെല്ലാം പ്രവർത്തിക്കുന്നുണ്ടെന്ന് നോക്കണം. സർക്കാർ ഓഫീസുകളിലും പ്രൈവറ്റ് ഓഫീസുകളിലുമെല്ലാം ഇതിനുള്ള സംവിധാനം വേണമെന്ന് പറയുന്നുണ്ട്. എന്നാൽ എത്രപേർ ഇതെല്ലാം സ്ഥാപിക്കാൻ തയ്യാറായിട്ടുണ്ട്? എന്റെ വീട്ടിലുള്ള മാലിന്യം ഒന്ന് മാറ്റി കിട്ടിയാൽ മതിയെന്ന് മാത്രമാണ് ആളുകൾക്കുള്ളത്. അത് എങ്ങോട്ട് പോകുന്നു എന്നുള്ളത് അവർക്കൊരു പ്രശ്നമല്ല. നാലായിരമോ അയ്യായിരമോ ചെലവാക്കിയാൽ ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനം വീട്ടിൽ സ്ഥാപിക്കാം. അതിന് കഴിയുന്ന ഒരുപാട് പേർ കോഴിക്കോട്ടുണ്ട്. എന്നാൽ എത്ര പേരുടെ വീട്ടിൽ ഇതെല്ലാമുണ്ട്. അവയെല്ലാം നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് പുതിയ വേസ്റ്റ് ടു എനർജി പ്ലാന്റുകളെക്കുറിച്ച് ചിന്തിക്കുന്നത്. വികേന്ദ്രീകൃത യൂണിറ്റുകൾ മോശമായതുകൊണ്ടല്ല മറിച്ച് അത് പ്രാവർത്തികമാക്കുന്നതിലെ ബുദ്ധിമുട്ടാണ് പ്രശ്‌നം. പുതിയ പ്ലാന്റ് വന്നാലും വികേന്ദ്രീകൃത രീതി അതുപോലെ നിലനിൽക്കും' - ജയശ്രീ പറഞ്ഞു.
കേരളത്തിലെ മാലിന്യത്തിന്റെ സ്വഭാവം വെച്ചുനോക്കുമ്പോൾ വേസ്റ്റ് ടു എനർജി പ്ലാന്റ് ഇവിടെ ഒരിക്കലും സാമ്പത്തികമായി വിജയിക്കില്ലെന്ന് സെന്റർ ഫോർ ഗ്രീൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് മുൻ ഡയറക്ടർ ഡോ. എം.പി. സുകുമാരൻ നായർ പറയുന്നു. കോർപ്പറേഷൻ പരിധിയിലുള്ള മാലിന്യം പെട്ടെന്നെടുത്ത് കത്തിച്ചതുകൊണ്ട് അത് എനർജിയാകില്ല. വേണ്ടത്ര കലോറീസ് വാല്യുവുള്ള മാലിന്യമല്ല ഇവിടെയുള്ളതെന്നതാണ് അതിന് കാരണം. ഇത്തരം പ്ലാന്റുകൾ പ്രവർത്തിക്കുന്ന പലയിടങ്ങളിലും കാർബൺ കൂടുതലുള്ള ടയർ, വേസ്റ്റ് ഓയിൽ, കലോറീസ് വാല്യു കൂടുതലുള്ള മറ്റു മാലിന്യങ്ങളെല്ലാം കത്തിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.
(മാലിന്യ സംസ്‌ക്കരണത്തിൽ സർക്കാരിനും ജനങ്ങൾക്കുമുള്ള ഉത്തരവാദിത്വവും മാലിന്യം എങ്ങനെ വീടുകളിൽ സംസ്‌ക്കരിക്കാം എന്നതിനെക്കുറിച്ചും അടുത്ത ഭാഗത്തിൽ വായിക്കാം)
തുടരും....
ആദ്യ ഭാഗം - പൂട്ടിപ്പോയവ നിരവധി, സർക്കാരിന് പാഠങ്ങൾ പലത്; ആവിക്കലിന്റെ ഭാവിയെന്ത്?
മൂന്നാം ഭാഗം - വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല, മനസ്സുണ്ടായാൽ മതി; മാലിന്യം ഇനിയും വലിച്ചെറിയരുത്
Content Highlights: thumboormuzhi aerobic compost model, best waste management model