വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല, മനസ്സുണ്ടായാൽ മതി; മാലിന്യം ഇനിയും വലിച്ചെറിയരുത് | പരമ്പര

'അങ്ങ് ജർമനിയിലും ഓസ്‌ട്രേലിയയിലുമെല്ലാം വൻ വിജയമാണ്, ഇനിയിപ്പം ഒന്നുംനോക്കണ്ട ഈ പ്ലാന്റ് കേരളത്തിലും സംഭവമായിരിക്കും'. പണ്ട് വിളപ്പിൻശാലയിലും ബ്രഹ്മപുരത്തുമെല്ലാം മാലിന്യ പ്ലാന്റ് സ്ഥാപിക്കുമ്പോൾ സർക്കാറിന്റെ അവകാശവാദം ഇങ്ങനെയൊക്കെയായിരുന്നു. പറഞ്ഞ കാര്യത്തിൽ തെറ്റൊന്നുമില്ല. വിദേശ രാജ്യങ്ങളിൽ ഇതെല്ലാം വിജയകരമായിരിക്കും. എന്നാൽ അതേ പ്ലാന്റ് കേരളത്തിൽ എത്തുമ്പോൾ സ്ഥിതിമാറും. ഇതിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവവും സർക്കാരിന്റെ പിടിപ്പുകേടും മാത്രമല്ല. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമെല്ലാം മാലിന്യ സംസ്‌ക്കരണത്തിൽ നിർണായകമാണ്. ടെക്‌നോളജി നല്ലതാണോ ചീത്തയാണോ എന്നതല്ല ചോദ്യം. ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്നതാണ്. ഇതിലൊന്നും ദീർഘവീക്ഷണമില്ലാതെ കൊണ്ടുവന്ന മാലിന്യ പ്ലാന്റുകളാണ് ഇന്ന് പലയിടത്തും ചിതലരിച്ച് കിടക്കുന്നത്.
ഈ തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ട് വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം കേരളം ഒരുവിധം നന്നായി നടപ്പാക്കിയിരുന്നു. അത്ര വലിയ റോക്കറ്റ് സയൻസ് ഒന്നുമല്ല മാലിന്യ സംസ്‌ക്കരണമെന്ന് ഇതിലൂടെ തന്നെ വ്യക്തമായതുമാണ്. എന്നിട്ടും നമ്മുടെ മാലിന്യ പ്രശ്‌നത്തിന് ഇന്നും ശാശ്വതമായ പരിഹാരമായിട്ടില്ല. മുകളിൽ പറഞ്ഞത് തന്നെയാണ് ഇതിന്റെയെല്ലാം കാരണം. സ്ഥലം കേരളമായതിനാൽ അതൊന്നും അത്ര പെട്ടെന്ന് പരിഹരിക്കപ്പെടാൻ പറ്റിയേക്കില്ല. എന്നാൽ എല്ലാത്തിനും സർക്കാരിനെ മാത്രം പഴിച്ചതുകൊണ്ടും കാര്യമില്ല. ജൈവമാലിന്യ പ്രശ്‌നത്തിന് ഉറവിട സംസ്‌ക്കരണമാണ് ഇന്ന് കേരളം പിന്തുടരുന്ന പ്രധാന മാർഗം. എന്നാൽ അത്തരം സംവിധാനങ്ങൾ സംസ്ഥാനത്തെ എത്ര വീടുകളിൽ സ്ഥാപിച്ചിട്ടുണ്ട്? അതിൽ എത്ര വീടുകളിൽ ഇതിപ്പോഴും കുഴപ്പമൊന്നുമില്ലാതെ പ്രവർത്തിക്കുന്നുണ്ട്? എന്തുകൊണ്ടാണ് എല്ലാ വീടുകളിലേക്കും ഇവ വ്യാപിപ്പിക്കാൻ പറ്റാത്തത്?
കേന്ദ്രീകൃത പ്ലാന്റുകൾ പൂട്ടി, പൊതുസ്ഥലങ്ങൾ ഉൾപ്പെടെ മാലിന്യക്കൂമ്പാരമാകാൻ തുടങ്ങിയ 2012 കാലഘട്ടത്തിലാണ് കേരളം വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണത്തിലേക്ക് നീങ്ങിയത്. തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌ക്കരണം അക്കാലത്ത് ഹിറ്റായി. ഒട്ടുമിക്ക പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും നഗരസഭയിലും തുമ്പൂർമുഴി എയറോബിക് കംമ്പോസ്റ്റ് സ്ഥാനംപിടിച്ചു. ഇതോടൊപ്പം വീടുകളിൽ ചെറിയ കംമ്പോസ്റ്റ് യൂണിറ്റുകളും പരീക്ഷിച്ച് തുടങ്ങി. ആദ്യം ആലപ്പുഴയിലും പിന്നാലെ തിരുവനന്തപുരത്തുമെല്ലാം ഇത് വിജയം കണ്ടതോടെയാണ് മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കണമെന്ന നയത്തിലേക്ക് സംസ്ഥാനം എത്തിയത്. 2016ൽ ഇതേ നിർദേശം മുന്നോട്ടുവച്ച് കേന്ദ്ര നിയമവും പ്രാബല്യത്തിൽവന്നു. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ വഴി കംമ്പോസ്റ്റ് യൂണിറ്റുകൾ നൽകുന്ന പദ്ധതിക്ക് വേഗമേറി. എന്നാൽ ഇന്നും ഇവ സംസ്ഥാനത്തെ മുഴുവൻ വീടുകളിലേക്കും എത്തിയിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കാതെ കംമ്പോസ്റ്റ് യൂണിറ്റുകൾ നേരിട്ടുവാങ്ങി വീടുകളിൽ സ്ഥാപിച്ചവരും നിരവധിയുണ്ട്. എന്നാൽ അവശേഷിക്കുന്ന വലിയൊരു വിഭാഗത്തിന് ഇപ്പോഴും മാലിന്യ സംസ്‌ക്കരണം ശാസ്ത്രീയമാക്കാൻ താത്പര്യം വന്നിട്ടില്ല. മാലിന്യം ശേഖരിക്കുന്നതിനായി ഹരിതകർമ സേനാംഗങ്ങൾ വീടുകളിലേക്കെത്തുമ്പോൾ വലിയ അവഗണനയാണ് നേരിടുന്നതെന്നും പലരും പ്ലാസ്റ്റിക് മാലിന്യമൊന്നും നൽകാതെ മടക്കിവിടുകയാണ് പതിവെന്നും ശുചിത്വ മിഷൻ അധികൃതർ പറയുന്നു.
സംസ്ഥാനത്തെ 50 ശതമാനത്തോളം വീടുകളിലും ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഘട്ടംഘട്ടമായി അവശേഷിക്കുന്ന വീടുകളിലും ഇവ സ്ഥാപിക്കുമെന്നും ശുചിത്വമിഷൻ ഖരമാലിന്യ സംസ്‌കരണവിഭാഗം ഡയറക്ടർ ജി ജ്യോതിഷ് ചന്ദ്രൻ പറയുന്നു. 90 ശതമാനം സബ്സിഡി നൽകിയാണ് കംമ്പോസ്റ്റ് യൂണിറ്റ് വീടുകളിൽ വിതരണം ചെയ്തത്. എന്നാൽ ചില വീടുകളിൽ ഇതൊന്നും ഇപ്പോൾ ഉപയോഗിക്കുന്നില്ല. മാലിന്യ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ സബ്‌സിഡിയോടെ നൽകിയ യൂണിറ്റുകൾ ഉപയോഗിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾക്കുണ്ട്. എല്ലാ വീട്ടുകാരും ഇവ നിർബന്ധമായി ഉപയോഗിക്കണമെന്ന് കർശനമായ നിർദേശം നൽകിയിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ജ്യോതിഷ് ചന്ദ്രൻ പറയുന്നു.
സബ്സിഡിയുണ്ട്, കുറഞ്ഞ ചെലവിൽ വീട്ടിലെത്തിക്കാം
ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് ധാരാളം മാർഗമുണ്ട്. റിംഗ് കമ്പോസ്റ്റിംഗ്, വെർമി കമ്പോസ്റ്റിംഗ്, പൈപ്പ് കമ്പോസ്റ്റിംഗ്, പോട്ട് കമ്പോസ്റ്റിംഗ്, ബക്കറ്റ് കമ്പോസ്റ്റിംഗ്, ബയോ-ബിൻ കമ്പോസ്റ്റിംഗ്, പെഡസ്റ്റൽ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയവയെല്ലാം ഫലപ്രദമായ മാർഗങ്ങളാണ്. ഓരോരുത്തർക്കും തങ്ങളുടെ ബജറ്റിന് അനുസരിച്ച് ഇതിൽ ഏതും വീട്ടിൽ സ്ഥാപിക്കാം. ജൈവളം ലഭ്യമാക്കുന്ന മാതൃകകളാണ് ഇവയെല്ലാം. അടുക്കളത്തോട്ടം, ടെറസ് കൃഷി എന്നിവയ്ക്ക് വളം തേടി അലയുന്നത് ഇതുവഴി ഒഴിവാക്കാം. ബയോഗ്യാസ് ഉപയോഗിക്കുന്നതിലൂടെ പാചകവാതക ചെലവും ഗണ്യമായി കുറയ്ക്കാം. ശുചിത്വ മിഷന്റെ മേൽനോട്ടത്തിലാണ് ഇവ വീടുകളിൽ സ്ഥാപിച്ച് നൽകുക. ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് കൂടുതൽ പ്രചാരം ലഭിക്കാൻ ഇവയ്ക്ക് പരമാവധി 90 ശതമാനം വരെ സബ്‌സിഡിയും സർക്കാർ നൽകിയിരുന്നു. മുമ്പ് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഇവ സൗജന്യമായും ജനങ്ങൾക്ക് വിതരണം ചെയ്തിരുന്നു
- ബയോഗ്യാസ് പ്ലാന്റുകൾക്ക് 75 ശതമാനം സബ്സിഡി (ശുചിത്വ മിഷൻ സബ്സിഡിയുടെ 50 ശതമാനം പരമാവധി 5000 രൂപയും, തദ്ദേശ സ്ഥാപനങ്ങൾ 25 ശതമാനവും)
- റിങ് കമ്പോസ്റ്റിംഗ്, ബക്കറ്റ് ബിൻ കമ്പോസ്റ്റിംഗ്, പോട്ട് കമ്പോസ്റ്റിംഗ് എന്നിവയ്ക്ക് 90 ശതമാനം സബ്സിഡി (75 ശതമാനം ശുചിത്വ മിഷനും 15 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും)
- കൃഷി ഫാം, ആശുപത്രികൾ, സ്‌കൂളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഉറവിട മാലിന്യ സൗകര്യങ്ങളൊരുക്കാൻ 50 ശതമാനം സബ്സിഡി (പരമാവധി ഒരു ലക്ഷം രൂപ വരെ)
| പോട്ട് കമ്പോസ്റ്റിങ് | രണ്ട് മൺകലങ്ങൾ ഉപയോഗിച്ച് മാലിന്യം സംസ്‌ക്കരിക്കാവുന്ന വളരെ ലളിതമായ രീതി |
| കിച്ചൺ ബിൻ കമ്പോസ്റ്റ് | ഒരു ബക്കറ്റിൽ പ്ലാസ്റ്റിക് ചാക്ക് ഇറക്കിവച്ച് നടത്താവുന്ന കമ്പോസ്റ്റിങ് രീതി |
| മുച്ചട്ടി കമ്പോസ്റ്റ് | പ്രത്യേകം രൂപകൽപ്പന ചെയ്ത കളിമൺ ഭരണികൾ തട്ടുകളമായി അടുക്കിവച്ചുള്ള കമ്പോസ്റ്റിങ് |
| റിംഗ് കമ്പോസ്റ്റ് | ഫെറോസിമന്റ് സ്ലാബും ഫെറോസിമന്റ് റിംഗും ഉപയോഗിച്ച് ചെയ്യുന്ന കമ്പോസ്റ്റിങ് |
| ബയോഗ്യാസ് പ്ലാന്റ് | മാലിന്യം സംസ്‌ക്കരിച്ച് ഇന്ധനമാക്കി മാറ്റാം. പലതരം അളവിലും മാതൃകയിലും ലഭ്യമാണ്. |
സബ്സിഡിയൊക്കെ കിട്ടി കുറഞ്ഞ ചെലവിൽ കംമ്പോസ്റ്റ് യൂണിറ്റ് വാങ്ങിവെച്ചതുകൊണ്ട് മാത്രമായില്ല. കൃത്യമായ രീതിയിൽ പരിപാലിക്കുകയും വേണം. ഇല്ലെങ്കിൽ ഇവ വീട്ടുകാർക്ക് തന്നെ ശല്യമായി മാറും. പുഴുവരിച്ച് ദുർഗന്ധം വമിച്ച് ഉപയോഗിക്കാനേ സാധിക്കുന്നില്ലെന്ന പരാതികളും ധാരാളമുണ്ട്. എന്നാൽ പരിപാലനം കൃത്യമാകാത്തതുകൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നതെന്നാണ് ശുചിത്വ മിഷൻ പറയുന്നത്.
പല വീട്ടുകാരും കംമ്പോസ്റ്റ് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതാണ് അതിൽ പുഴു വരാനെല്ലാം കാരണം. ഇതോടെ വീട്ടുകാർക്ക് ഇത് ഉപയോഗിക്കാൻ താത്പര്യമില്ലാതാകും. മാലിന്യത്തിൽ തളിക്കാനുള്ള ഇനോക്കുലവും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. അതാണ് പലയിടത്തേയും പ്രശ്‌നം. ഇതിന് പരിഹാരം കാണാൻ ഹരിത കർമ സേനാംഗങ്ങൾക്ക് പരിശീലനം നൽകിവരുകയാണ്. പ്രയാസങ്ങൾ നേരിടുന്നവരുടെ വീട്ടിലെത്തി അവർ പ്രശ്‌നം പരിഹരിക്കും. മാസത്തിലൊരിക്കൽ അജൈവ മാലിന്യം ശേഖരിക്കാൻ എത്തുന്ന ഹരിത കർമസേന പ്രവർത്തകർ വീട്ടുകാർക്ക് കംമ്പോസ്റ്റ് യൂണിറ്റുകളുടെ ശരിയായ പരിപാലത്തിന് ആവശ്യമായ നിർദേശവും പരിശീലനവും നൽകുമെന്നും ജ്യോതിഷ് ചന്ദ്രൻ പറയുന്നു.
'എല്ലാം പഞ്ചായത്ത് ചെയ്യണം മുനിസിപ്പാലിറ്റി ചെയ്യണമെന്ന ചിന്തയാണ് ജനങ്ങൾക്കുള്ളത്. മാലിന്യ സംസ്‌ക്കരണത്തിൽ കുറച്ചൊക്കെ ജനങ്ങൾക്കും പങ്കുണ്ട്. ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. ജനങ്ങളുടെ പിന്തുണകൂടി വേണം. ബോധവത്ക്കരണമെല്ലാം ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും അനുസരിക്കുന്നവർ വളരെ കുറവാണ്. പ്ലാസ്റ്റിക് ഇല്ലെന്ന് പറഞ്ഞ് ഹരിതകർമ സേനാംഗങ്ങളെ പറഞ്ഞയച്ച ശേഷം വീടിന് മുന്നിലിട്ട് പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്.. അൽപം മനസ്സുണ്ടെങ്കിൽ വീടുകളിലുള്ള ഒരു മാലിന്യവും പുറത്തേക്ക് വലിച്ചെറിയേണ്ട കാര്യമില്ല. എന്നാൽ കവറിൽ കെട്ടി പുറത്തുതള്ളുന്നതാണ് പലർക്കും എളുപ്പമായി തോന്നുന്നത്. ഇതിനെതിരേ നടപടി ശക്തമാക്കും. എല്ലാ ജില്ലയിലും രണ്ട് സ്‌ക്വാഡ് രൂപീകരിച്ച് നിയമലംഘനങ്ങൾ കണ്ടെത്തും'- ജ്യോതിഷ് ചന്ദ്രൻ പറഞ്ഞു.
സമൂഹത്തെ പൗരബോധമുള്ളവരാക്കി മാറ്റണം
വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണമെല്ലാം ഒരുപരിധി വരെ നല്ല രീതിയിൽ നടന്നിട്ടും മാലിന്യ പ്രശ്‌നം പൂർണമായി പരിഹരിക്കാനാകാത്തതിന് കാരണം സമൂഹത്തെ പൗരബോധമുള്ളവരാക്കി മാറ്റാൻ അധികാരികൾക്ക് സാധിക്കാത്തതാണെന്നാണ് പരിസ്ഥിതി പ്രവർത്തകനായ സി.ആർ നീലകണ്ഠൻ പറയുന്നത്. മാലിന്യ സംസ്‌ക്കരണത്തിന് ബദൽ സംവിധാനമുണ്ടാക്കിയിട്ടും അതൊന്നും പാലിക്കാതെ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുകയും കർശന ശിക്ഷ നൽകുകയും വേണം. ശിക്ഷ കൊടുത്തതുകൊണ്ട് മാത്രം കുറ്റം ഇല്ലാതാകുമെന്നല്ല, എങ്കിലും അതുവേണം. മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിഞ്ഞ് പരിസരം വൃത്തിഹീനമാക്കുന്നതെല്ലാം അധികാരികൾ വളരെ ഗൗരവമായി കാണണമെന്നും സി.ആർ നീലകണ്ഠൻ പറയുന്നു.
ഉറവിട മാലിന്യ സംസ്‌ക്കരണത്തിൽ ക്യത്യമായ നിരീക്ഷണവും പരിശോധനയും നടത്തണം. കുടുംബശ്രീ പ്രവർത്തകർക്കെല്ലാം ഇത് നന്നായി ചെയ്യാനാകും. ആഴ്ചയിലൊരിക്കലെങ്കിലും ഓരോ പ്രദേശത്തെയും വീടുകളിൽ പോയി അവിടെ മാലിന്യം സംസ്‌ക്കരിക്കുന്ന സംവിധാനം പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി റിപ്പോർട്ട് തയ്യാറാക്കണം. എല്ലാ വീടുകളിലും ഇത് കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണം. വ്യാപര സ്ഥാപനങ്ങളും ഹോട്ടലുകളും ഫ്ളാറ്റുകളിലുമെല്ലാം ഈ രീതി പിന്തുടരണം. അതിനുള്ള എല്ലാ സാധ്യതയും സഹായങ്ങളും ഇവിടെ ലഭ്യമാണ്. എന്നാൽ നമ്മൾ എപ്പോഴും ഒരു വിളപ്പിൻശാലയും ബ്രഹ്മപുരവും അന്വേഷിച്ച് പോകും. കാരണം അതാണ് എല്ലാവർക്കും ലാഭകരം - സിആർ നീലകണ്ഠൻ.
വീടുകളിൽ ജൈവമാലിന്യം ഉണ്ടാക്കുന്നത് നമ്മൾ ഓരോരുത്തരുമാണ്. അതിനാൽ അത് സംസ്‌ക്കരിക്കാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. എന്നാൽ അജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണം ഒരുവ്യക്തിക്ക് ചെയ്യാൻ പറ്റില്ല. അതുണ്ടാക്കുന്നത് നമ്മളല്ല. അവയുടെ സംസ്‌ക്കരണം അതാത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. അജൈവ മാലിന്യം എല്ലാ വീടുകളിൽനിന്നും കൃത്യമായ ഇടവേളകളിൽ ശേഖരിച്ചു കൊണ്ടുപേകണം. പ്ലാസ്റ്റിക് മാലിന്യം എങ്ങനെയാണ് വേർതിരിച്ചുവയ്ക്കുന്നത് ആളുകളെ പഠിപ്പിക്കണം. വിദേശരാജ്യങ്ങലെല്ലാം ചെയ്യുന്നത് അതാണ്. മൂന്ന് കളറുള്ള ബാസ്‌ക്കറ്റുകളാണ് അവിടെയെല്ലാമുള്ളത്. ഓരോന്നിലും എന്തെല്ലാം ഇടണമെന്നെല്ലാം ശുചിത്വ ജീവനക്കാർ ജനങ്ങൾക്ക് നിർദേശം നൽകും. സാക്ഷരത കേരളത്തിൽ ഈ സംവിധാനമെല്ലാം എവിടെയാണ് നടപ്പാക്കാൻ പറ്റാത്തതെന്നും സി.ആർ നീലകണ്ഠൻ ചോദിക്കുന്നു.
നിയമമുണ്ട്, അത് കർശനമായി നടപ്പാക്കണം
മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും കുറ്റകരമാണ്. ഇതിന് കനത്ത പിഴയും തടവ് ശിക്ഷയുമെല്ലാം നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ റോഡിൽ കാണുന്ന ഹെൽമെറ്റ് വേട്ടയുടെ അത്ര ഉത്സാഹം ഈ നിയമലംഘകരെ പിടികൂടാൻ നമ്മുടെ പോലീസിനില്ല. നിയമം ലംഘിച്ചാലും ആരും ശിക്ഷിക്കില്ലെന്ന ധൈര്യമാണ് വഴിയോരത്തും പുഴകളിലും മാലിന്യമെറിയാൻ മലയാളിക്ക് ധൈര്യം നൽകുന്നത്. ശിക്ഷാനടപടി കർക്കശമാക്കിയാൽ തന്നെ മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ് കുന്നുകൂടുന്ന സാഹചര്യം ഇല്ലാതാക്കാനാകും. ഇക്കാര്യം തിരിച്ചറിയാതിരുന്നിട്ടാകില്ല സർക്കാർ സംവിധാനങ്ങൾ ഇതിനൊന്നും മുന്നിട്ടിറങ്ങാത്തത്.
ശാസ്ത്രീയമായി മാലിന്യം സംസ്‌ക്കരിക്കേണ്ട വിധം നമ്മൾ ശീലിക്കാത്തതാണ് പ്രശ്നം. കേരളത്തിൽ മാലിന്യത്തിന്റെ പകുതിയും വീടുകളിൽ നിന്നെത്തുവയാണ്. ഇതു പൊതുസ്ഥലത്ത് എത്താതിരുന്നാൽ തന്നെ മാലിന്യ പ്രശ്നം പകുതി തീരും. മൊത്തം മാലിന്യത്തിന്റെ മുക്കാൽ ഭാഗവും ജൈവ മാലിന്യമാണ്. ഇത് ഉറവിടങ്ങളിൽതന്നെ സംസ്‌ക്കരിക്കപ്പെട്ടാൽ പ്രശ്നം പരമാവധി പരിഹരിക്കപ്പെടും. സ്വന്തം വീടുപോലെ സ്വന്തം നാടും മാലിന്യമുക്തമാക്കണം എന്ന പുരോഗമന ചിന്തയാണ് നാം ആർജിക്കേണ്ടത്. തന്റെ വീട്ടിൽ നിന്ന് ഒരുമാലിന്യവും പുറത്തുപോകുന്നില്ല എന്ന് ഓരോരുത്തരും ഉറപ്പുവരുത്തിയാൽ പ്രശ്ന പരിഹാരത്തിന് മാറ്റ് മാർഗങ്ങൾ തേടേണ്ടതില്ല.
- കത്തിക്കുന്നത് മൂലമുള്ള അപകടങ്ങൾ: മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറത്തുവരുന്ന ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ മാരകവിഷാംശങ്ങൾ അടങ്ങിയ പുക ശ്വസിക്കുന്നത് കാൻസർ, ശ്വാസകോശ രോഗങ്ങൾ, ജനിതക വൈകല്യങ്ങൾ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
- വലിച്ചെറിയുന്നത് മൂലമുള്ള അപകടങ്ങൾ: അജൈവ മാലിന്യങ്ങളിലെ അപകടകരമായ ഖന ലോഹങ്ങൾ ജലം, വായു, മണ്ണ് എന്നിവ മലിനമാക്കും. ജലസ്രോതസുകളും അപകടകരമാവിധം മലിനമാകും. പിന്നീട് അവ ആഹാരത്തിലൂടെ മനുഷ്യനിൽ എത്തുകയും കാൻസർ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പ്രളയവും കോവിഡും തീർത്ത വെല്ലുവിളി
തുടർച്ചയായ രണ്ട് പ്രളയവും കോവിഡും തീർത്ത വെല്ലുവിളി മാലിന്യ സംസ്‌ക്കരണത്തേയും പ്രതികൂലമായി ബാധിച്ചിരുന്നു. പ്രളയത്തിൽ തകർന്ന വീടുകളുടെയും കടകളുടെയും മറ്റും അവശിഷ്ടങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും എന്തുചെയ്യണമെന്ന് പോലും അറിയാതെ വിഷമിച്ച ഘട്ടമുണ്ടായിരുന്നു. കൊച്ചിയിൽ പ്രളയം അവശേഷിപ്പിച്ച ഇത്തരം മാലിന്യങ്ങളെല്ലാം ബ്രഹ്മപുരം പ്ലാന്റിൽ കുന്നുകൂടി കിടക്കുന്നുണ്ട്. പ്രവചിക്കാൻ പോലുമാകാതെ കാലം തെറ്റി പെയ്യുന്ന മഴ ഇന്ന് മാലിന്യ സംസ്‌ക്കരണത്തെയും തകിടം മറിക്കുന്നതാണ് കാഴ്ച. വെള്ളം കയറുന്നതോടെ പല വീടുകളിലും ഉറവിട മാലിന്യ സംസ്‌ക്കരണ രീതിയെല്ലാം അവതാളത്തിലാകുന്ന സ്ഥിതിയുണ്ട്.
ഇത്തരം പ്രതിസന്ധികൾക്കിടെയാണ് സർക്കാർ വീണ്ടും കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരത്തിലേക്ക് തിരിയാൻ ശ്രമിക്കുന്നത്. ഞെളിയൻ പറമ്പിൽ ഉൾപ്പെടെ ആറ് ജില്ലകളിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് ഉടൻ വരുമെന്നാണ് പ്രഖ്യാപനം. എന്നാൽ കൃത്യമായ ആസൂത്രണവും നിരീക്ഷണവുമില്ലെങ്കിൽ പണ്ട് പൂട്ടിപ്പോയ പ്ലാന്റുകളുടെ അതേ അവസ്ഥയാകും ഇതിന്റെയും വിധിയെന്നും തിരിച്ചടി കിട്ടുമ്പോഴേ സർക്കാർ പാഠം പഠിക്കുകയള്ളുവെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ രീതി അവസാനിപ്പിക്കില്ലെന്നും മറിച്ച് ഇവരണ്ടും ഒന്നിച്ചുകൊണ്ടുപോകുമെന്നാണ് കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ എസ്. ജയശ്രീ പറയുന്നത്. ഒന്നോ രണ്ടോ വലിയ പ്ലാന്റുകളുണ്ടെങ്കിൽ മാലിന്യ സംസ്‌ക്കരണം എളുപ്പമാകും. ഒരു പ്രതിസന്ധി വന്നാൽ അതിനെ കൈകാര്യം ചെയ്യാൻ പറ്റുന്ന പ്ലാന്റുകളുള്ളത് നല്ലതാണ്. ആ രീതിയിലാണ് ഇത്തരം പ്ലാന്റുകളെ നമ്മൾ കാണേണ്ടതെന്നും ജയശ്രീ പറയുന്നു. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയേണ്ടി വരും.
സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞുകെട്ടി പുറത്ത് ഉപേക്ഷിക്കാനുള്ളതാണെന്ന ചിന്താഗതി മാറ്റാതെ ഫലപ്രദമായ മാലിന്യ സംസ്‌ക്കരണ സംവിധാനം സാധ്യമല്ല. മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓരോ പൗരനുമുണ്ട് ഉത്തരവാദിത്വം. അതിൽനിന്ന് ആർക്കും പിൻമാറാനാകില്ല. പരിസ്ഥിതി സംരക്ഷണം ആത്യന്തികമായി ഓരോ പൗരന്റെയും ചുമതലയാണെന്ന് മറക്കാതിരിക്കുക. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾക്കും സാധിക്കണം.
അവസാനിച്ചു
ഒന്നാം ഭാഗം - പൂട്ടിപ്പോയവ നിരവധി, സർക്കാരിന് പാഠങ്ങൾ പലത്; ആവിക്കലിന്റെ ഭാവിയെന്ത്?
രണ്ടാം ഭാഗം - മാതൃകയുണ്ട്, പിന്തുടരാൻ സർക്കാരിനാണോ മടി? മാലിന്യ സംസ്‌ക്കരണത്തിൽ മുതലെടുപ്പ് വേണ്ട
Content Highlights: decentralized solid waste management