പഞ്ചതന്ത്രം കൊണ്ട് രാഷ്ട്രപതിയെ അത്ഭുതപരതന്ത്രയാക്കിയ മലയാളി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം ചുമര്‍ ചിത്രകലാകാരനും ഗുരുവായൂര്‍ ദേവസ്വം ചുമര്‍ ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പലുമായ എം.നളിന്‍ബാബു രാഷ്ട്രപതി ഭവനില്‍
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനൊപ്പം ചുമര്‍ ചിത്രകലാകാരനും ഗുരുവായൂര്‍ ദേവസ്വം ചുമര്‍ ചിത്ര പഠന കേന്ദ്രം പ്രിന്‍സിപ്പലുമായ എം.നളിന്‍ബാബു രാഷ്ട്രപതി ഭവനില്‍

പ്രശസ്തമായ 'പഞ്ചതന്ത്രം കഥ' രാഷ്ട്രപതി ഭവനിൽ കേരളീയ ചുമർ ചിത്രശൈലിയിൽ വരയ്ക്കാനും രാഷ്ട്രപതിയുടെ ആദരം ഏറ്റുവാങ്ങാനും അവസരം ലഭിച്ചതിനെക്കുറിച്ച് ചുമർ ചിത്രകലാകാരനും ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പലുമായ എം.നളിൻബാബു മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.

  • രാഷ്ട്രപതി ഭവനിൽ പഞ്ചതന്ത്രം കഥ ചുമർചിത്രം വരച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണല്ലോ. അതിലേക്ക് എത്തിയതെങ്ങനെയാണ്?

കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്ട്രപതി ഭവനിൽ നിന്ന് ഒരറിയിപ്പ് കിട്ടി. മാർച്ച് പകുതിയോടെ ഇന്ത്യയിലെ പാരമ്പര്യ കലകളെക്കുറിച്ച് ഒരു ശിൽപശാല  വരുന്നുണ്ട്, പങ്കെടുക്കാൻ താത്പര്യം ഉണ്ടോ എന്നായിരുന്നു അത്. പങ്കെടുക്കാമെന്ന് അറിയിച്ചു. ശേഷം ബയോഡാറ്റ, ചെയ്ത ചിത്രങ്ങൾ, അവാർഡ് എന്നിവയുടെ വിശദാംശങ്ങൾ അയച്ചുകൊടുക്കാൻ പറഞ്ഞു.
തുടർന്ന് മാർച്ച് 18 മുതൽ 25 വരെ രാഷ്ട്രപതിഭവനിൽ വെച്ച് റെസിഡൻഷ്യൽ വർക്ക്‌ഷോപ്പിലേക്ക് സെലക്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് അറിയിപ്പ് വന്നു. അവിടെ ചെന്നതിനു ശേഷമാണ് രാഷ്ട്രപതിഭവനിലെ ആർട്ട് ആൻഡ് മ്യൂസിയത്തിന്റെ റെനൊവേഷൻ നടക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഈ വർക്ക്‌ഷോപ്പെന്നും അറിയുന്നത്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ സെലക്ട് ചെയ്തിരുന്നു. കേരളത്തിൽ നിന്ന് എന്നെയും ബസന്തിനെയുമാണ് തിരഞ്ഞെടുത്തത്. ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രപതി ഭവനിലേക്ക് പോകുന്നത്.

  • എന്തുകൊണ്ട് പഞ്ചതന്ത്രം തിരഞ്ഞെടുത്തു? പഞ്ചതന്ത്രം കഥകൾ ധാരാളമുണ്ടല്ലോ. അതിൽ മീനിന്റേയും തവളയുടേയും കഥ വരയ്ക്കാൻ തിരഞ്ഞെടുത്തതിന്റെ കാരണം?

തവളയുടെയും മീനിന്റെയും കഥയിൽ അധികം വിഷയങ്ങളൊന്നുമില്ലെങ്കിലും വെള്ളം വരുന്നു. താമര വരുന്നു. പശ്ചാത്തലത്തിൽ മരങ്ങൾ, കിളികൾ, മയിൽ, മാൻ, കുരങ്ങന്മാർ അങ്ങനെ നല്ല പച്ചപ്പുള്ള പ്രകൃതിയുടെ പശ്ചാത്തലമാണ് ഒരുക്കിയത്. വിഷയം ചെറുതായാലും അതിന്റെ പശ്ചാത്തലത്തെ ഭംഗിയാക്കി എടുക്കുകയാണ് ചിത്രകാരൻ ചെയ്യേണ്ടതെന്ന നിർദേശം ലഭിച്ചിരുന്നു.
വിഷയത്തോടൊപ്പം ചിത്രം കാണുമ്പോൾ മനസിന് കുളിർമ നൽകുന്ന ഒരു മൂഡ് ഉണ്ടാവണം. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ്, പച്ച എന്നിങ്ങനെ അഞ്ച് വർണങ്ങൾ ഉപയോഗിച്ചാണ് വരച്ചത്. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ചൊന്നും ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് ആദ്യം പേപ്പറിൽ സ്കെച്ചെടുത്തു. അതിനുശേഷം മൂന്നര അടി നീളവും രണ്ടര അടി ഉയരവും വരുന്ന കാൻവാസ് ബോർഡിൽ ചിത്രങ്ങൾ അക്രിലിക് വർണങ്ങൾ വെച്ച് ചെയ്തു. ഒരാഴ്ചയാണ് സമയം തന്നിരുന്നത്. ആ സമയത്തിനുള്ളിൽ ചിത്രങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. കിട്ടിയ വിഷയത്തെ ചുമർചിത്രകലാശൈലി ഉൾപ്പെടുത്തി പ്രകൃതിരമണീയമായ രീതിയിൽ വരച്ചു.

  • ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ചുമർചിത്ര കലാകാരന്മാർ ഉണ്ടായിരുന്നോ? ആരൊക്കെയായിരുന്നു? എന്താണ് അവർ വരച്ചത്?

ന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാകാരന്മാരാണ് വർക്ക്ഷോപ്പിൽ ഉണ്ടായിരുന്നത്. തമിഴ്നാടിൽ നിന്ന് തഞ്ചാവൂർ പെയിന്റിങ് ആർട്ടിസ്റ്റ് ആയ മഹേഷ് എം, കർണാടകയിൽ നിന്ന് മൈസൂർ പെയിന്റിങ് ആർട്ടിസ്റ്റ് ആയ രവീഷ് കെ ക്രൈസി, ജയ്പൂരിൽ നിന്ന് മിനിയേച്ചർ രീതിയിൽ ചിത്രങ്ങൾ വരയ്ക്കുന്ന പത്മശ്രീ തിലക് ഗീതേ, രാജസ്ഥാനിൽ നിന്ന് വിജയ് ജോഷി, ഒഡിഷയിൽ നിന്ന് ഫിജു രൂപ, പൂർണചന്ദ്ര മൊഹറാണ എന്നിവർ കേരളത്തിൽ നിന്ന് ഞങ്ങൾ രണ്ടുപേർ അങ്ങനെ എട്ടു പേരാണ് വർക്ക്‌ഷോപ്പിൽ പങ്കെടുത്തത്. ഡൽഹിയിലെ പ്രശസ്ത ചിത്രകാരനായ പത്മശ്രീ ജയപ്രകാശ് എന്ന ആർട്ടിസ്റ്റായിരുന്നു കോ-ഓർഡിനേറ്റർ. ഈ എട്ട് ചിത്രകാരന്മാർ ചേർന്ന് ചർച്ച ചെയ്താണ് ഓരോരുത്തർക്കും ഓരോ വിഷയം തീരുമാനിച്ചത്.
ഞാൻ ചെയ്തത് മീനിന്റെയും തവളയുടെയും കഥയാണ്. ബസന്ത് ചെയ്തത് ആനയും മരം കൊത്തിയുമാണ്. തിലക് ഗീത, കൊക്കിന്റെയും ഞണ്ടിന്റെയും തമിഴ്‌നാടിലെ മഹേഷ്,  കുരങ്ങിന്റെയും മുതലയുടെയും, മൈസൂരിലെ രവീഷ് ഗരുഡന്റെ-അങ്ങിനെ എട്ട് ആർട്ടിസ്റ്റുകളും ചെയ്തത്.
പഞ്ചതന്ത്രം ചിത്രകഥകളിലുള്ള കഥകൾ സെലക്ട് ചെയ്ത് ആദ്യം അതിന്റെ രൂപരേഖ പേപ്പറിൽ വരയ്ക്കുന്നു, രൂപരേഖ അവർ കണ്ടതിനു ശേഷം വലിയൊരു പേപ്പറിൽ വീണ്ടും വരയ്ക്കുന്നു, അതിനുശേഷം പിന്നെ അത് ചിത്രത്തിലേക്ക് മാറ്റിവരയ്ക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനങ്ങളുടെ പരമ്പരാഗത ശൈലിയിലാണ് ഓരോ ചിത്രകാരന്മാരും ചിത്രം വരച്ചിരിക്കുന്നത്.

  • ദേവതകളുടെ ചിത്രങ്ങളാണല്ലോ പൊതുവിൽ പരമ്പരാഗത ചുമർചിത്രങ്ങളിൽ വരാറ്. രാഷ്ട്രപതി ഭവനിൽ വരച്ച ചിത്രങ്ങളുടെ സ്വഭാവം തവളയും മീനുമടങ്ങുന്ന ജൈവലോകമാണ്. ആ സാഹചര്യം വിശദമാക്കാമോ?

ഡൽഹിയിലെ കേന്ദ്രീയ സംസ്‌കൃത സർവകലാശാല പ്രൊഫസറും റീഡറുമായ ദീപിക ശുക്ലയാണ് പഞ്ചതന്ത്രം കഥയാണ് വരയ്‌ക്കേണ്ടതെന്ന് ഞങ്ങളോട് പറയുന്നത്. ഐക്യം, ബുദ്ധി, വിവേകം, ചിന്താശക്തി എന്നിവയെല്ലാം പഞ്ചതന്ത്രം കഥയിലുണ്ട് എന്നതാണ് കാരണമായി പറഞ്ഞത്.
വർക്ക്‌ഷോപ്പിൽ പങ്കെടുക്കുന്ന ഓരോ ആർട്ടിസ്റ്റുകളും അവരുടേതായ ട്രഡീഷണൽ ശൈലിയിൽ ആ കഥയെ വിഷ്വലൈസ് ചെയ്യാമെന്ന് പറഞ്ഞതിന്റെ പേരിലാണ് വിഷയങ്ങൾ തിരഞ്ഞെടുത്തത്. അങ്ങിനെ എല്ലാവരും ചേർന്നിരുന്ന് ചർച്ച ചെയ്ത് പഞ്ചതന്ത്രത്തിലെ 21 കഥകളാണ് വരയ്ക്കാൻ തീരുമാനിച്ചത്.
ക്രൂരകഥകളുടെ ചിത്രീകരണം വേണ്ടെന്നും ശാന്തിയും സമാധാനവും സന്തോഷവും നൽകുന്ന രീതിയിലുള്ള ചിത്രങ്ങൾ മാത്രം മതിയെന്ന് അവർ ആവശ്യപ്പെട്ടു. എനിക്ക് തന്ന വിഷയത്തിൽ തവളയും മീനും ഒരു കുളത്തിൽ താമസിക്കുന്നു, വേനൽക്കാലം വന്നപ്പോൾ വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ മീൻ തവളയോട് പറയുന്നു: 'ഇവിടെ വെള്ളം വറ്റിത്തുടങ്ങി നമുക്ക് വേറെ കുളം നോക്കി ഇവിടുന്ന് മാറിപ്പോകാം.' തവള മാറാൻ കൂട്ടാക്കുന്നില്ല, ഞാൻ പോവുകയാണെന്ന് പറഞ്ഞ് മീൻ അടുത്തുള്ള നിറയെ വെള്ളമുള്ള വലിയ കുളത്തിലേക്ക് പോകുന്നു, തവള അതേ കുളത്തിൽ നിൽക്കുന്നു, മീൻ പിടിക്കുന്ന ആൾ വന്ന് വലിയകുളത്തിൽ നിന്ന് മീനിനെ പിടിച്ചുകൊണ്ടുപോകുന്നു, ബുദ്ധി, ചിന്തകൾ, ആശയം എല്ലാം ചിത്രത്തിലൂടെ പ്രതിനിധാനം ചെയ്യുന്ന രീതിയിൽ വരയ്ക്കാനായിട്ടാണ് പറഞ്ഞത്.

  • തവളയും മീനും കഥയിൽ വരയ്ക്കാനുപയോഗിച്ച നിറങ്ങൾ, അതിന്റെ കൂട്ട്, ശൈലി എന്തൊക്കെയായിരുന്നു?

കേരള ചുമർചിത്രങ്ങളിലെ പഞ്ചവർണശൈലി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാത്വിക, രജോ, തമോഗുണം എന്ന അടിസ്ഥാനത്തിലാണ് വരച്ചിരിക്കുന്നത്. മീനിനെ രജോഗുണം എന്ന രീതിയിൽ കണ്ട് ചുവപ്പ് നിറം, തവളയ്ക്ക് സാത്വിക ഗുണം കണ്ട് പച്ച, മാൻ ശാന്തമൃഗമായതുകൊണ്ട് രജോ ഗുണം, മയിലിന് സാത്വിക ഗുണം, എന്നിങ്ങനെ വർണങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
വിഷയം തവളയും മീനും മാത്രമാണെങ്കിലും പശ്ചാത്തലം മനോഹരമാക്കാൻ കേരള ചുമർചിത്രങ്ങളിലുള്ള കാവി, പച്ചനിറങ്ങൾ കൊടുത്ത് ഇലകളും പൂക്കളും വള്ളികളും മരങ്ങളും മലകളും കിളികളും പക്ഷികളും എല്ലാം മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട്.

  • ചിത്രങ്ങൾ കണ്ടശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രതികരണം എന്തായിരുന്നു?

വരച്ച് തുടങ്ങിയപ്പോൾ തന്നെ ഒരുപാട് പേർ വന്ന് കാണുന്നുണ്ടായിരുന്നു. പിന്നീടാണ് രാഷ്ട്രപതിയുടെ സെക്രട്ടറിയായ ദീപ്തി ഉമാശങ്കർ വന്ന് ചിത്രങ്ങൾ കാണുകയും സംസാരിക്കുകയും വിശദമായി ചോദിച്ച് മനസിലാക്കുകയും ചെയ്തത്. ക്യാമ്പ് 25 നാണ് സമാപിക്കുന്നത്. 24 ആകുമ്പോഴേക്കും ചിത്രം പൂർത്തിയാക്കണമെന്ന് ആദ്യമേ പറഞ്ഞിരുന്നു. 24 ന് രാവിലെ ചിത്രങ്ങളെല്ലാം രാഷ്ട്രപതി ഭവനിലേക്ക് കൊണ്ടുപോകുമെന്നും രാഷ്ട്രപതിയെ കാണാമെന്നും 9 മണിയാകുമ്പോഴേക്കും എല്ലാവരും റെഡിയായിരിക്കണമെന്നും പറഞ്ഞു.
ഞങ്ങൾ ചെല്ലുമ്പോൾ രാഷ്ട്രപതി ഭവനിൽ ഓരോരുത്തരുടെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രപതി നമ്മുടെ അടുത്ത് വന്ന് വരച്ച ചിത്രങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കി നല്ല അഭിപ്രായം പറഞ്ഞു.

കേരളത്തിലെ ചുമർച്ചിത്രങ്ങളെക്കുറിച്ച് സംസാരിച്ചശേഷം രാഷ്ട്രപതി പൊന്നാട കഴുത്തിലണിയിക്കുകയും ഉപഹാരം തന്ന് സ്വീകരിക്കുകയും ചെയ്തു. അതിനുശേഷം ഞങ്ങൾ എട്ട് ആർട്ടിസ്റ്റുകളും രാഷ്ട്രപതിയോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത് ചായ കുടിച്ച് പിരിയുകയായിരുന്നു. രാഷ്ട്രപതിയിൽ നിന്നും നല്ല അഭിപ്രായമാണ് കിട്ടിയത്. ചിത്രകലാരംഗത്ത് കിട്ടുന്ന ഏറ്റവും വലിയ ഒരു അനുഭവമായി അത് മാറി. രാഷ്ട്രപതി എന്നുള്ള നിലയ്ക്കല്ലാതെ വളരെ സാധാരണ വ്യക്തിയായിട്ടാണ് അടുത്ത് വന്ന് ചിത്രം കണ്ടതും ചോദിച്ച് മനസ്സിലാക്കിയതും. അത് വലിയൊരു അനുഭവമായിരുന്നു.

Content Highlights: M. Nalin Babu selected for a prestigious residential workshop at Rashtrapati Bhavan