4145 കോടിയുടെ ആസ്തി, യുവസംരംഭകന്‍; യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ 'മലയാളി'

Vivek GRamaswamy| Photo: twitter.com/VivekGRamaswamy
Vivek GRamaswamy| Photo: twitter.com/VivekGRamaswamy

2024-ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ മത്സരരംഗത്ത് ഒരു 'മലയാളി' ഉണ്ടാകുമോ? സാധ്യതകള്‍ തള്ളിക്കളയാനാകില്ല. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചവരില്‍ കേരളത്തിൽ വേരുകളുള്ള യുവസംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമിയുമുണ്ട്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ വിവേകും മത്സരിക്കുന്നുണ്ട്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 'അമേരിക്ക സ്വത്വപ്രതിസന്ധിക്ക് നടുവിലാണ്. അത് തിരികെ പിടിക്കേണ്ടതുണ്ട്. ഈ രാജ്യത്ത് അതിന്റെ ആദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനായിരിക്കണം മുന്‍ഗണന.' സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് പറഞ്ഞു.  

2024-ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നു സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരു
ടെ എണ്ണം ഇതോടെ മൂന്നായി. അതില്‍ രണ്ട് പേര്‍ ഇന്ത്യന്‍ വംശജരും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്രസഭയിലെ യു.എസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരാണ് വിവേകിന് മുമ്പേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറില്‍തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ട്രംപാണ് ആദ്യം രംഗത്ത് വന്നത്. ട്രംപിനെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് നിക്കി ഹേലി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവരും മത്സരംഗത്തുണ്ടായേക്കുമെന്നാണ് കരുതുന്നത്. 

Content Highlights: Who is Vivek Ramaswamy, Indian-American businessman Running For US Presidential Elections 2024

Continue reading