പ്രശസ്തനായ ജയിൽപ്പുള്ളിക്ക് വീഞ്ഞുമായി ജയിലിലെത്തിയ മന്ത്രി; ഇന്ന് മണ്ടേല ദിനം

#ജി. ഷഹീദ്
നെൽസൺ മണ്ടേല | Photo: AFP
നെൽസൺ മണ്ടേല | Photo: AFP

യുഗപ്രഭാവനായ നെൽസൺ മണ്ടേലയുടെ 105-ാം ജന്മദിനമാണിന്ന്. ലോകമെങ്ങും ഇന്ന് മണ്ടേല ദിനമായി ആഘോഷിക്കുകയാണ്. ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനപ്രകാരം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള ദിനം കൂടിയാണ് ജൂലായ് 18. ദക്ഷിണാഫ്രിക്ക ബ്രിട്ടീഷ് കോളനിയായിരുന്നു. കറുത്തവരായ നാട്ടുകാരെ അകറ്റി നിർത്തി ജനാധിപത്യവും മനുഷ്യാവകാശങ്ങളും നിഷേധിച്ചപ്പോൾ അതിനെതിരെ പോരാടിയ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നേതാവായ മണ്ടേലയെയും ആയിരത്തോളം പേരെയും രാജ്യദ്രോഹത്തിന് വിചാരണ ചെയ്ത് ശിക്ഷിച്ചു. നീണ്ട 27 വർഷങ്ങൾ മണ്ടേല ജയിലിൽ കിടന്നു. പാർട്ടിയെ നിരോധിച്ചു.

1964-ൽ അദ്ദേഹത്തെ കുപ്രസിദ്ധമായ റോബൻ ദ്വീപ് ജയിലിൽ അടച്ചു. അവിടെ കൊടിയ മർദ്ദനം അനുഭവിച്ചു, വാർഡർമാരുടെ പരുഷമായി പെരുമാറ്റവും. ഇതിനെതിരെ പ്രക്ഷോഭങ്ങൾ ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും ഉയർന്നു. ജനാധിപത്യധ്വംസനം ലോകശ്രദ്ധയാകർഷിച്ചു. കറുത്തവരുടെ നാട് അവർക്ക് നൽകി ജനാധിപത്യം സ്ഥാപിക്കാൻ ഐക്യരാഷ്ട്ര സംഘടന 1985-ൽ പ്രമേയം പാസാക്കി. വർണവിവേചനനയത്തെ ശക്തിയായി അപലപിച്ചു. മണ്ടേലയെ മോചിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് കോളനി ഭരണം അവസാനിപ്പിക്കാൻ ലോകമെങ്ങും നിരവധി പ്രക്ഷോഭങ്ങൾ നടന്നു. 

ഇതിനു പിന്നാലെ മണ്ടേലയെ മോചിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ നടപടി തുടങ്ങി. അതിന്റെ ഭാഗമായി 1988 ഡിസംബറിൽ അദ്ദേഹത്തെ കേപ്പ് ടൗൺ നഗരത്തിന് സമീപമുള്ള വിക്ടർ വേഴ്സ്റ്റർ ജയിലിലേക്ക് മാറ്റി. രേഖകളിൽ മാത്രം അതൊരു ജയിൽ. എല്ലാ സുഖസൗകര്യങ്ങളും ഭരണകൂടം ഒരുക്കിയ സ്വർഗതുല്യമായ ജയിൽ. മുഖം മിനുക്കിയ ഒരു വീട്. ചുറ്റും പുൽത്തകിടി, മുന്തിരിത്തോപ്പുകൾ, പൂന്തോട്ടം അറ്റ്ലാന്റിക് സമുദ്രത്തിലെ തിരമാലകുളുടെ സംഗീതം കേൾക്കാം.

ജനലിനും വാതിലിനും ഇരുമ്പഴികൾ ഇല്ല. ആകർഷകമായ സ്വീകരണമുറി. സന്ദർശകരെ സത്കരിക്കാൻ പ്രത്യേക ഏർപ്പാട്. മണ്ടേലക്ക് വായിക്കാൻ പുസ്തകങ്ങൾ, ടെലിവിഷൻ, മ്യൂസിക് സെറ്റ്, കിടക്കാൻ പൂമെത്തപോലുള്ള കട്ടിൽ, കുളിക്കാൻ നീന്തൽക്കുളം, ഭക്ഷണത്തിന് പ്രത്യേകമായി നിയോഗിക്കപ്പെട്ട പാചകക്കാരൻ, ജയിൽ യൂണിഫോം ഇല്ല. മണ്ടേല ആകർഷകമായ ഷർട്ടും പാന്റും ധരിച്ചു. ആൾക്കണ്ണാടി നോക്കി മുടി മിനുക്കി. കണ്ണാടിയിലെ രൂപം കണ്ട് പുഞ്ചിരിച്ചു. അങ്ങനെ സുഖസൗകര്യങ്ങളുടെ പട്ടിക നീണ്ടു. ജയിലിന് പുറത്ത് പോകാൻ അനുമതി ഇല്ലെന്ന് മാത്രം.

പുതിയ ജയിലിലേക്ക് മാറിയപ്പോൾ പിറ്റേന്ന് മണ്ടേലയുമായി സന്തോഷം പങ്കിടാൻ ജയിൽ വകുപ്പ് മന്ത്രി കൊബെ കെറ്റ്‌നി എത്തി. അദ്ദേഹം പറഞ്ഞു:'പുതിയ ജയിലിലേക്ക് മാറിയതല്ലേ. ഇത് ജയിലായി കരുതേണ്ട എല്ലാ സൗകര്യങ്ങളും ഉള്ള വീട്. ഗൃഹപ്രവേശം നമുക്ക് ആഘോഷിക്കാം. മന്ത്രി പറഞ്ഞു. താങ്കൾക്ക് ഞാൻ ഒരു ഉപഹാരം കൊണ്ടുവന്നിട്ടുണ്ട്.'

ഒരു കുപ്പി വീഞ്ഞ്. അത് മണ്ടേലക്ക് മന്ത്രി നൽകി. കറുത്ത തടവുപുള്ളിയെ കാണാൻ വെള്ളക്കാരനായ ജയിൽമന്ത്രി എത്തിയത് വീണ്ടും കുപ്പികളുമായിട്ടാണ്. ലോകചരിത്രത്തിലെ അത്യപൂർവമായ സംഭവമാണിത്. വർണവിവേചനനയം നിലനിർത്താൻ കറുത്ത തടവുകാരനെ വെള്ളക്കാരൻ മന്ത്രി ആശ്ലേഷിച്ചു. പുകവലിയും മദ്യപാനവും ജയിലിൽ നിരോധിച്ചിരിക്കെ മന്ത്രി തന്നെ വീണ്ടും കുപ്പിയുമായി എത്തിയത് ചരിത്രത്തിലെ അധ്യായം. 

നമുക്ക് വീഞ്ഞ് കഴിക്കാം, മന്ത്രി പറഞ്ഞു. ഇല്ല ഞാൻ പുകവലിയും മദ്യപാനവും ശീലിച്ചിട്ടില്ല. മണ്ടേല പറഞ്ഞു. അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ട് മന്ത്രിയുടെ ചെവിയിൽ മന്ത്രിച്ചു. വീഞ്ഞ് ഇവിടെ ഇരിക്കട്ടെ സന്ദർശകർക്ക് നൽകാം. മന്ത്രി സമ്മതിച്ചു. 

അല്പനേരം കഴിഞ്ഞ് ഇരുവരും ചായകുടിച്ചു. മന്ത്രി ഓഫീസിലേക്ക് മടങ്ങി. പടികൾ ഇറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു. 'എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.' പിറ്റേന്ന് മുതൽ സന്ദർശകരുടെ തിരക്കായിരുന്നു. ഭാര്യ വിന്നി മണ്ടേലയും കുട്ടികളും എത്തി. മണ്ടേലയുടെ ജയിൽ മാറ്റം വിദേശപത്രങ്ങൾ ആഘോഷിച്ചു. പിന്നാലെ മണ്ടേലയെ മോചിപ്പിക്കാനുള്ള നീക്കങ്ങൾ ബ്രിട്ടൻ ആരംഭിച്ചു. അതിൽ പ്രധാന കണ്ണിയായത് ജയിൽ മന്ത്രി കെറ്റ്സി തന്നെയായിരുന്നു.

പുതിയ ജയിലിൽ മണ്ടേല വായനയിൽ മുഴുകി. സുഹൃത്തുക്കൾ നിരവധി പുസ്തകങ്ങൾ സമ്മാനിച്ചു. കഴിഞ്ഞകാല രാഷ്ട്രീയ സംഭവത്തിൽ അദ്ദേഹം സുഹൃത്തുക്കളോട് ചോദിച്ചറിഞ്ഞു. ആ സംഭവങ്ങളെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളും വായിച്ചു പഠിച്ചു. സുഹൃത്തുക്കളായ പ്രൊഫസർമാർ എത്തി വിവിധ വിഷയങ്ങൾ പഠിപ്പിച്ചു. 

1990 ഫെബ്രുവരി 11-ന് നീണ്ട 27 വർഷത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹം മോചിതനായി. 1994-ൽ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ ജനാധിപത്യരീതിയിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. കറുത്ത വർഗക്കാർക്ക് ആദ്യമായി വോട്ട് ചെയ്യാൻ കഴിഞ്ഞു. മണ്ടേലയും വോട്ട് ചെയ്തു. 1994 മെയ് 10-ന് ദക്ഷിണാഫ്രിക്കയുടെ കറുത്തവർഗക്കാരുടെ ആദ്യത്തെ പ്രസിഡന്റായി മണ്ടേല സ്ഥാനമേറ്റു. ലോകടെലിവിഷനുകൾ മണിക്കൂറുകളോളം പരിപാടി സംപ്രേക്ഷണം ചെയ്തു. 

ആത്മകഥയിൽ അദ്ദേഹം എഴുതി. 'പുതിയ ജയിൽ ഒരു സ്വർണക്കൂടായിരുന്നു. മോചനത്തിലേക്കുള്ള പാലം.' 2013-ൽ 95-ാം വയസിൽ അദ്ദേഹം മരിച്ചു.
 

Content Highlights: Nelson Mandela, South Africa, Memoir, Mandela Day 2023