തീർന്ന പ്രവാസം, തീരാത്ത ജയില്‍വാസം; ഷിനവത്ര തായ്ലൻഡില്‍ മടങ്ങിയെത്തുമ്പോള്‍

തായ്‌ലന്‍ഡ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, തക്സിൻ ഷിനവത്ര (Thaksin Shinawatra). നീണ്ട 15 വര്‍ഷത്തെ പ്രവാസത്തിന് ശേഷമാണ് അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് കാലുകുത്താന്‍ സാധിച്ചത്. ബാങ്കോക്കിലെ ഡോണ്‍ മുവാങ് (Don Mueang) വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റില്‍ പറന്നിറങ്ങിയ ഷിനവത്രയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്. എന്നാല്‍, വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ നേരെ കൊണ്ടുപോയത് സുപ്രീംകോടതിയിലേക്കാണ്. കോടതി എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതോടെ അദ്ദേഹം ജയിലിലുമായി. കേസുകള്‍ രാഷ്ട്രീയപ്രേരിമാണെന്ന് അനുയായികള്‍ ആരോപിക്കുമ്പോഴും നീണ്ട പതിനഞ്ച് വര്‍ഷക്കാലം രാജ്യത്തില്ലായിരുന്നിട്ടും തക്സിൻ ഇപ്പോഴും തായ് രാഷ്ട്രീയത്തില്‍ ഒരു പ്രധാന വ്യക്തിയാണ്. അത്രത്തോളമുണ്ട് തായ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം. ശതകോടീശ്വരനായ തക്സിൻ തായ്ലന്‍ഡിന്റെ ചരിത്രത്തില്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ മുഴുവന്‍ കാലാവധിയും നയിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ്.
ജനപ്രിയതയായിരുന്നു തക്സിൻ ഷിനവത്രയുടെ കൈമുതല്‍. പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രര്‍ക്കിടയില്‍. അതിനാല്‍ തന്നെ ബാങ്കോക്കിലെ സമ്പന്നരായ വരേണ്യവര്‍ഗത്തിന് അനഭിമിതനുമായിരുന്നു. അഞ്ച് വര്‍ഷത്തിലധികം അധികാരത്തിലിരുന്ന അദ്ദേഹത്തെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിച്ചാണ് 2006 സെപ്റ്റംബറില്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുന്നത്. അന്നുമുതല്‍ പ്രവാസത്തിലാണ് തക്സിൻ ഷിനവത്ര. ഇതിനിടെ ഒരുപ്രാവശ്യം രാജ്യത്ത് എത്തിയെങ്കിലും മടങ്ങേണ്ടിവന്നു. ഇടയ്ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഒരു നിയന്ത്രണ ഓഹരിയും സ്വന്തമാക്കി. എന്നാല്‍ തായ് അധികാരികള്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതിനെത്തുടര്‍ന്ന് 2008-ല്‍ അത് വില്‍ക്കാന്‍ നിര്‍ബന്ധിതനായി.
Content Highlights: Thaksin Shinawatra arrested, jailed after return from years-long exile