നന്ദകുമാര്‍ മാതൃക വെട്ടിലാക്കുമോ കേരളത്തിൽ സി.പി.എമ്മിനെ?; 'ഡിസംബര്‍ ഫോബിയ'യയുടെ ആശങ്കയിൽ മമത

മമത ബാനർജി|ANI
മമത ബാനർജി|ANI

പശ്ചിമബംഗാളിലിപ്പോള്‍ റാം, ബാം, ശ്യാം സഖ്യമാണുള്ളതെന്ന് 2019-ലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്.  ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മമതയുടെ പരാമര്‍ശം അന്ന് വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മോദിക്കെതിരേയുള്ള ദേശീയ ബദലിനായി പോരാടുന്നുവെന്ന് പറയപ്പെടുന്ന സി.പി.എമ്മും-കോണ്‍ഗ്രസും മമതയുടെ പരാമര്‍ശത്തെ ആള്‍ക്കൂട്ടത്തില്‍ കയ്യടി നേടാനുള്ള വാചക കസര്‍ത്തെന്ന് പറഞ്ഞ് അന്ന് അധിക്ഷേപിച്ചു വിട്ടു.

മമത ബാനര്‍ജി|ANI

രണ്ട് വര്‍ഷത്തിനിപ്പുറം മമത തന്റെ റാം, ബാം, ശ്യാം പരാമര്‍ശം വീണ്ടുമാവര്‍ത്തിക്കുയാണ്. പക്ഷെ ഇത്തവണ മമതയുടെ പരാമര്‍ശത്തിന് പശ്ചിമബംഗാളിലെ നന്ദകുമാര്‍ മാതൃകയുടെ കൂട്ടുണ്ട്. പശ്ചിമബംഗാളിലെ പൂര്‍വമേദിനിപുര്‍ ജില്ലയിലെ നന്ദകുമാറില്‍ നടന്ന സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും-സി.പി.എമ്മും സഖ്യമുണ്ടാക്കി തൃണമൂലിനെ തൂത്തുവാരി വിജയിച്ചതോടെയാണ് പഴയ പരാമര്‍ശം മമത വീണ്ടുമാവര്‍ത്തിച്ചത്. ബി.ജെ.പി പുറത്ത് വലിയ കാര്യങ്ങള്‍ സംസാരിക്കും ബംഗാളില്‍ അവര്‍ക്ക് രണ്ട് കൂട്ടാളികളുണ്ട്. സി.പി.എമ്മും ബിജെപിയും. അവര്‍ പ്രവര്‍ത്തിക്കില്ല, പക്ഷെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒന്നിക്കും. മമതയുടെ ആരോപണത്തെ  അങ്ങനെ തള്ളിക്കളയാനാവില്ലെങ്കിലും അന്വേഷിക്കുമെന്ന ഒഴുക്കന്‍ പരാമര്‍ശം നടത്തി വിവാദത്തില്‍ നിന്ന് തലയൂരുകയാണ് പ്രധാനമായും സി.പി.എം.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മതേതര ശക്തികളെ കൂടെ കൂട്ടണമെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന സി.പി.എമ്മിന് നന്ദകുമാര്‍ മാതൃകയെ കുറിച്ച് കേരളത്തില്‍ പോലും കൃത്യമായ മറുപടിയില്ല. ഇതിന് പുറമെ തൃണമൂലിനും ബി.ജെ.പിക്കുമെതിരേ ഗ്രാമങ്ങള്‍ ഉണരുക ബംഗാളിനെ രക്ഷിക്കുക എന്ന സന്ദേശവുമായി ഗ്രാമതലത്തില്‍ സി.പി.എം പദയാത്രകള്‍ നടത്തിവരുന്നതിനിടെയാണ് നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബറാംപുര്‍ അഗ്രികള്‍ച്ചറല്‍ ക്രഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൊറ്റിയിലേക്കുള്ള ബി.ജെ.പി-സി.പി.എം സഖ്യത്തിന്റെ ഉജ്ജ്വലവിജയം. പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതി എന്ന സഖ്യം 63 സീറ്റും നേടിയപ്പോള്‍ തൃണമൂലിന് ഒറ്റ സീറ്റും ലഭിച്ചില്ല. 46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്നുവെങ്കിലും 35 സീറ്റില്‍ പിന്‍വലിച്ചു. 11 സീറ്റിലേക്ക് മത്സരിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. 40 എണ്ണം ബി.ജെ.പിക്കും 23 എണ്ണം സി.പി.എമ്മിനും ലഭിച്ചു.

രാജു ബിസ്തയും സംഘവും മുതിർന്ന സി.പി.എം നേതാവ് അശോക് ബട്ടാചാര്യയെ സന്ദർശിച്ചപ്പോൾ

കഴിഞ്ഞ ദീപാവലി തലേന്നായിരുന്നു മുതിര്‍ന്ന സി.പി.എം നേതാവ് അശോക് ബട്ടാചാര്യയെ ബി.ജെ.പി എം.പി രാജു ബിസ്തയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ സിലുഗുഡിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. അവിശുദ്ധ സഖ്യത്തിനുള്ള പുറപ്പാടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയെന്നും പറഞ്ഞ് മമത ബാനര്‍ജിയും ടി.എം.സിയും സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നുവെങ്കിലും സൗഹൃദ സന്ദര്‍ശനമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ബി.ജെ.പി, സി.പി.എം നേതാക്കള്‍. ഇതിനിടെയാണ് നന്ദകുമാറിലെ പരീക്ഷണവിജയം. രാഷ്ട്രീയ സംഖ്യമില്ലെന്നാണ് സി.പി.എമ്മും ബിജെപിയും പ്രതികരിച്ചതെങ്കിലും വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ ചരിത്രമെഴുതമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അങ്ങനെ സംഭവിച്ചാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം അത് ദുരവ്യപാക പ്രത്യാഘാതമാണുണ്ടാക്കുക. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ളവരെ കൂടെ കൂട്ടി വിശാല സഖ്യം ആവശ്യമാണെന്ന് നിലപാടെടുക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വത്തിന് എന്നും വിലങ്ങ് തടിയായി നിന്നത് കേരള നേതൃത്വമായിരുന്നു. കോണ്‍ഗ്രസുമായി സന്ധിചേര്‍ന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുമെന്നായിരുന്നു സി.പി.എം വാദം. ഇതോടെ കോണ്‍ഗ്രസുമായി കൂട്ടുചേരുക എന്ന നിലപാടില്‍ നിന്നും സിപിഎം കേന്ദ്ര നേതൃത്വത്തിന് പുറകോട്ട് പോകേണ്ടിയും വന്നു.

സീതാറാം യെച്ചൂരി, പിണറായി വിജയന്‍

ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയപ്പോഴും ഏറ്റവും വിമര്‍ശിച്ചിരുന്നതും കളിയാക്കിയിരുന്നതും കേരളത്തിലെ സി.പി.എം നേതൃത്വമാണ്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തങ്ങള്‍ ഒരു കാലത്ത് അടക്കി വാണിരുന്ന ബംഗാളില്‍ തന്നെ ബി.ജെ.പിയോട് കൂട്ടുകൂടി സഹകരണ സംഘത്തിലേക്ക് മത്സരിച്ച് സി.പി.എം-ബി.ജെ.പി പുതിയ സഖ്യം വിജയിച്ചത്. ഇതേ കൂട്ടുകെട്ട് വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജനവിധി തേടുകയാണെങ്കില്‍ സി.പി.എമ്മിനെ സംബന്ധിച്ച് ചിന്തിക്കാവുന്നതിലും അപ്പുറമാവും കാര്യങ്ങള്‍.

കഴിഞ്ഞ വര്‍ഷം ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റ്‌നേടിയാണ് ബി.ജെ.പി മുഖ്യ പ്രതിപക്ഷമായി മാറിയത്. 38.13 ശതമാനമായിരുന്നു വോട്ട് ഷെയര്‍. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി പശ്ചിമബംഗാള്‍
നിയമസഭയില്‍ ഒരംഗംപോലുമില്ലാത്താവരായി കോണ്‍ഗ്രസും സിപിഎമ്മും മാറുകയും ചെയ്തു. പക്ഷെ തങ്ങള്‍ക്കിവിടെ നിലമൊരുക്കാന്‍ മമതയുടേയും തൃണമൂലിന്റേയും തകര്‍ച്ച മാത്രമാണ് പോംവഴിയെന്ന് കരുതിയ ബി.ജെ.പി അതിനുള്ള പണി തുടങ്ങുകയും ചെയ്തു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ രാഷ്ട്രീയ സഖ്യ പരീക്ഷണവും സി.പി.എമ്മിനോടുള്ള കൂട്ടുകൂടലുമെന്ന് പറയുന്നു തൃണമൂല്‍ നേതൃത്വം. ഒപ്പം അന്വേഷണ ഏജന്‍സികളെ കൊണ്ട് പരമാവധി ഇടപെടുവിപ്പിച്ച് നേതാക്കളുടെ മനോവീര്യം കെടുത്താനും തുടങ്ങി. ബംഗാള്‍ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ സഹായിയുടെ വീട്ടില്‍ നിന്ന് 20 കോടി രൂപ ഇ.ഡി റെയ്ഡില്‍ പിടിച്ചെടുത്തതിന് ശേഷം വലിയ കോളിളക്കമാണ് ബംഗാള്‍ രാഷ്ട്രീയത്തില്‍ ഉണ്ടായത്. പാര്‍ഥയുമായുള്ള ബന്ധം ആരോപിച്ച് മമതയടക്കമുള്ളവര്‍ക്കെതിരേ പ്രതിപക്ഷം പ്രചാരണം നടത്തി. എന്നാല്‍ രാഷ്ട്രീയ പകപോക്കലെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ക്കുകയാണ് തൃണമൂലും മമതയും ചെയ്തത്.

മമതാ ബാനർജി|ANI

 ഡിസംബര്‍ ഫോബിയ

ഡിസംബര്‍ മാസത്തോടെ പശ്ചിമ ബംഗാളില്‍ ചിലത് നടക്കുമെന്ന ഭീതിയിലാണ്‌ മമതയും കൂട്ടരും. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ തന്നെയാണ് ഇതിന് ആധാരം. അതുകൊണ്ടു തന്നെയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന് പറഞ്ഞ് തൃണമൂല്‍ ബി.ജെ.പിക്കെതിരേ ഒരു മുഴം മുമ്പേ രംഗത്ത് വന്നിരിക്കുന്നതും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും ബി.ജെ.പി അതിനെ തിരിച്ച് പ്രതിരോധിക്കുന്നതും. വര്‍ഷാവസാനമാകുമ്പോഴേക്കും ടി.എം.എസി ഇല്ലാതാവുമെന്ന ബംഗാള്‍ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയുടെ പ്രസ്താവനയെ അത്ര നിസ്സാരമായല്ല മമതയും പാര്‍ട്ടിയും നോക്കിക്കാണുന്നത്. സംസ്ഥാനത്ത് അടുത്തിടെ നടന്ന കേന്ദ്രസര്‍ക്കാര്‍ ഇടപെടലും അതിലൂടെ മമതയെ ലക്ഷ്യം വെച്ചതുമെല്ലാം ഇതിന്റെ ഉദാഹരണമായിട്ടാണ് കണക്കാക്കുന്നത്.

മമത ബാനര്‍ജി|ANI

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് മുതല്‍ ബി.ജെ.പി പ്രതികാര ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒന്നിന് പുറകെ ഒന്നായി പദ്ധതികള്‍ മെനയുകയുമാണെന്നുമാണ് ടി.എം.സി വക്താവ് കുനാല്‍ ഘോഷ് കഴിഞ്ഞ ദിവസം ആരോപിച്ചത്. പ്രതീക്ഷിക്കാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി മുഴുവന്‍ ബി.ജെ.പി ആയിരിക്കുമെന്നും കുനാല്‍ ഘോഷ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ ഡിസംബര്‍ ഭീതിയുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനത്തും അധികാരം പിടിച്ചെടുക്കാന്‍ എന്തുകളിയും കളിയും കളിക്കാന്‍ ബി.ജെ.പി തയ്യാറായത് കണ്ടു. വിഘടനവാദം ഉണ്ടാക്കി, സംസ്ഥാനത്തേക്കുള്ള ഫണ്ട് തടഞ്ഞ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. പ്രമുഖ ടി.എം.സി നേതാവായ സൗഗത റോയ് കഴിഞ്ഞ ദിവസം പി.ടി.ഐയോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ആരോപണ പ്രത്യാരോപണങ്ങളുമായി തൃണമൂലും-ബി.ജെ.പിയും മുന്നോട്ടുപോവുമ്പോള്‍ മമതയും ടി.എം.സിയും പേടിക്കുന്നത് പോലെ ഡിസംബര്‍ ഫോബിയ സംഭവിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ''ഒന്നിന് പുറകെ ഒന്നായി ടി.എം.സി നേതാക്കള്‍ ജയിലിനുള്ളിലാവുന്നു. ഇത് ചൂണ്ടിക്കാട്ടുന്നത് ടി.എം.സി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നാണ്. ആരാവും അടുത്തതെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കുമറിയില്ല. സംസ്ഥാനത്തെ നിയമസ സംവിധാനങ്ങള്‍ അപ്പാടെ താറുമാറായി. സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാണ്''. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷിന്റെ ഈ വാക്കുകളെ അപ്പാടെ തള്ളിക്കളയാന്‍ ടി.എം.സി തയ്യാറായിട്ടില്ല. ഇതോടെ അപകടം തിരിച്ചറിഞ്ഞ് പ്രതിരോധത്തിന് നേരിട്ടിറിങ്ങിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനിടെ പശ്ചിമബംഗാള്‍ വിഭജനമടക്കം ബിജെപിയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും സംസ്ഥാനത്ത് സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഒരു പക്ഷെ ബി.ജെ.പിയുടേയും-കേന്ദ്രസര്‍ക്കാരിന്റേയും അറ്റകൈ പ്രയോഗം.

മമത ബാനര്‍ജി|ANI

 ബംഗാളില്‍ കഴിയുന്നു, ബംഗാളിനെതിരേ പ്രവര്‍ത്തിക്കുന്നു

തന്റെ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബിജെപിക്കെതിരേ നേരിട്ട് പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്. ചിലര്‍ ബംഗാളില്‍ കഴിയുകയും ബംഗാളില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത് ബംഗാള്‍ സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് മമത പറഞ്ഞത്. ബംഗാള്‍ സര്‍ക്കാരിന്റെ ചിലവില്‍ കഴിയുകയും ഡല്‍ഹിയില്‍ പോയി ബംഗാളിന് പണം കൊടുക്കരുതെന്നും പറയുന്നു. എനിക്ക് ഡല്‍ഹിയുടെ പണം വേണ്ട. ബംഗാളിന് സ്വന്തംകാലില്‍ നില്‍ക്കാനറിയാം. ദയവ് ചെയ്ത് ഞങ്ങള്‍ക്ക് പണമയക്കരുത്. മമത പ്രചാരണത്തിലൂടനീളം പറയുന്നു.

പശ്ചിമബംഗാളിനെ രണ്ട് സംസ്ഥാനമായി വിഭജിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുവെന്ന ആരോപണവും കഴിഞ്ഞ ദിവസമാണ് മമത ബാനര്‍ജി ഉന്നയിച്ചത്. ഏതെങ്കിലും സ്ഥാപനത്തിന്റേയോ സംഘടനയുടേയോ പാര്‍ട്ടിയുടെയോ പേര് പറയാതെയായിരുന്നു മമതയുടെ ആരോപണം. ഇതിനിടെയാണ് ഡിസംബര്‍ മാസത്തോടെ ചിലര്‍ സംസ്ഥാനത്ത് ചില കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നതായി ആരോപണമുന്നയിച്ചത്. ചില പ്രമുഖര്‍ തങ്ങളുടെ വാഹനങ്ങളില്‍ സംസ്ഥാനത്തേക്ക് ആയുധങ്ങളും പണവും കടത്തുന്നുണ്ടെന്നും ടി.എം.സി ഇതിനെ ചെറുക്കുമെന്നും മമത പറയുന്നു. സംസ്ഥാനത്തെ വോട്ടര്‍പട്ടിക പുതുക്കൽ അടക്കമുള്ള കാര്യങ്ങളില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട് മമത ബാനര്‍ജി. 18 കഴിഞ്ഞ എല്ലാവരും വോട്ടേഴ്‌സ് ലിസറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മതത്തിന്റേയോ ജാതിയുടേയോ അടിസ്ഥാനത്തില്‍ ആരും വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പുറത്തുനിര്‍ത്തപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് മമത കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലിസ്റ്റുകള്‍ തയ്യാറുന്ന കേന്ദ്രങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തണമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മമത നിര്‍ദേശം നല്‍കിയിരുന്നു. തൃണമൂലിനോട് ബന്ധപ്പെട്ടു നില്‍ക്കുന്നവരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു മമതയുടെ നേരിട്ടുള്ള ഇടപെടല്‍.

മമത ബാനര്‍ജി|ANI

  പിളരുമോ ബംഗാള്‍,  വളരുമോ ബി.ജെ.പി?

പശ്ചിമബംഗാളിനെ രണ്ടായിമുറിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ നടക്കുന്നുവെന്ന ആരോപണമാണ് തൃണമൂല്‍ ഉന്നയിക്കുന്നത്. തൃണമൂലിന്റേയും മമതയുടേയും ഏറ്റവും വലിയ പേടിയും ഇതാണ്. ബി.ജെ.പി നേതാക്കളായ അലിപുര്‍ദാര്‍ എം.പി ജോണ്‍ ബര്‍ദാന്‍, എം.എല്‍.എമാരായ അനന്ദമയി ബര്‍മാന്‍, ശിഖ ചാറ്റര്‍ജി എന്നിവരാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. വടക്കന്‍ ബംഗാളിനെ പ്രത്യേക സംസ്ഥാനമോ അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശമോ ആക്കണമായിരുന്നു ഇവരുടെ ആവശ്യം. വിഷയത്തില്‍ ബി.ജെ.പി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും അങ്ങനെയൊന്ന് സംഭവിച്ച് കൂടായ്കയില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേന്ദ്രഭരണ പ്രദേശമെന്നത് സഭവിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും പക്ഷെ അത് എപ്പോള്‍ നടക്കുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും കഴിഞ്ഞദിവസമാണ് കൂച്ച് ബെഹാര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ നിഷിത് പ്രമാണിക് പ്രതികരിച്ചത്. ഗ്രേറ്റര്‍ കൂച്ച് ബെഹാര്‍ പീപ്പിള്‍സ് (ജി.സി.പി.എ) നേതാവായ ആനന്ദ് റായിയുമായി നവംബര്‍ നാലിന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വടക്കന്‍ ബംഗാളിനെ കേന്ദ്രീകരിച്ച് പ്രത്യേക കൂച്ച്  ബെഹാര്‍ സംസ്ഥാന ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നവരാണ് ഗ്രേറ്റര്‍ കൂച്ച് ബെഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍. കേന്ദ്രമന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ കണ്ടത് ടി.എം.സി-ബി.ജെ.പി നേതാക്കളുടെ വാക് പോര് തന്നെയായിരുന്നു.

പശ്ചിമബംഗാളിന്റെ ഭാവി രാഷ്ട്രീയം നിശ്ചയിക്കുമെന്ന് കരുതുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് അടുത്തവര്‍ഷം ആദ്യമാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് നന്ദകുമാര്‍ മാതൃകയും പശ്ചിമബംഗാള്‍ വിഭജനവുമെല്ലാം വീണ്ടും സജീവമായി ചര്‍ച്ചയാവുന്നത്. വടക്കന്‍ ബംഗാളില്‍ ഏറെ സ്വാധീന ശക്തിയുള്ളവരാണ് ഗ്രേറ്റര്‍ കൂച്ച് ബെഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍. കൂച്ച് രാജ്ബോങ്ഷി വിഭാഗത്തില്‍ കാര്യമായി സ്വാധീനമള്ള ഗ്രേറ്റര്‍ കൂച്ച് ബെഹാര്‍ പീപ്പിള്‍സ് അസോസിയേഷന് ഏകദേശം പതിനെട്ട് ലക്ഷത്തോളം ആളുകളുടെ പിന്തുണയുണ്ടെന്നാണ് ആനന്ദ് റായിയുടെ അവകാശവാദം. ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെയടക്കം ഏറെ സ്വാധീനിക്കുന്നതുമാണ്.

മമത ബാനര്‍ജി|ANI

ഭാവി നിര്‍ണയിക്കുന്ന രാജ്ബോങ്ഷി
വടക്കന്‍ ബംഗാളിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ രാജ്ബോങ്ഷി (കൂച്ച് രാജ്ബോങ്ഷി) വിഭാഗത്തിന് കൃത്യമായ പങ്കുണ്ട്. കൂച്ച് ബെഹാര്‍, ജല്‍പായ്ഗുരി, ഡാര്‍ജിലിങ്, മാള്‍ഡ, മുര്‍ഷിദാബാദ് തുടങ്ങിയ ജില്ലയില്‍ പെട്ട ഏകദേശം 33 ലക്ഷം ജനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. 34 വര്‍ഷം സംസ്ഥാനം അടക്കിവാണിരുന്ന ഇടതിനെ പിന്തുണച്ചിരുന്ന വിഭാഗം 2011-ലാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് വഴിമാറിയത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ വിഭാഗത്തിന്റെ പിന്തുണയോടെ ഈ ഭാഗങ്ങള്‍ ബി.ജെ.പി തൂത്തുവാരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സംഘടനയുടെ മറ്റൊരു വിഭാഗത്തിന്റെ തലവനും ജി.സി.പി.എ ജനറല്‍ സെക്രട്ടറിയുമായ ബാങ്ഷി ബദാന്‍ ബര്‍മനാണ് 1998-ല്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെച്ചത്.

വടക്കന്‍ ബംഗാളിലെ ഏഴ് ജില്ലകള്‍ക്കൊപ്പം ആസമിലെ കൊക്രെയ്ജാര്‍, ബെംങ്ഗായ്ഗാവ്, ദൂബ്രി എന്നിവയേയും ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം വേണമെന്നാണ് ഗ്രേറ്റര്‍ കൂച്ച് ബെഹാര്‍ രാജ് ബോങ്ഷി മുന്നോട്ടുവെക്കുന്നത്. ഗ്രേറ്റര്‍ കൂച്ച് ബെഹാര്‍ ഡിമാന്‍ഡിങ് കമ്മിറ്റി (ജി.സി.ഡി.സി), കാമാത്തുപുര്‍ പീപ്പിള്‍ പാര്‍ട്ടി, ഓല്‍ കോച്ച് രാജ്ബൊങ്ഷി സ്റ്റുഡന്റ് യൂണിയന്‍, കോച്ച് രാജ്ബോങ്ഷി സാന്‍മിലാനി എന്നിവരാണ് പ്രത്യേക സംസ്ഥാനത്തിനായി ആവശ്യം ഉന്നയിക്കുന്ന രാജ്ബോങ്ഷി ഗ്രൂപ്പിലെ മറ്റൊരു വിഭാഗം.

Content Highlights: Mamata Banerjee in crises cpm-bjp tmc