ഭരതന്‍ എസ്.ഐ മുതല്‍ വടക്കനാട് കൊമ്പന്‍ വരെ; ആനപിടിത്തത്തിലെ കുങ്കി വീര്യം

കാടിന്റെ വന്യത ആവോളം ആസ്വദിച്ച്, നാട്ടുകാരെ തനിക്കാവുന്നപോലെയെല്ലാം ഉപദ്രവിച്ച് കൊലായാളിയെന്ന പേരില്‍ കുപ്രസിദ്ധ ക്രിമിനലായ തന്റെ പഴയ കാലം മറന്ന് മുത്തങ്ങയിലിന്ന് ഏറെ മര്യാദക്കാരനാണ് വടക്കനാട് കൊമ്പനെന്ന വിക്രം. ഒരാനയ്‌ക്കെതിരേ നാട്ടുകാര്‍ നിരാഹാര സമരം വരെ നടത്തിയത് തന്റെ പേരിലായിരുന്നുവെന്നു കൊമ്പനറിയില്ലല്ലോ. വനം വകുപ്പിന്റെ പ്രിയപ്പെട്ട സേവകനായി. പിടിച്ചുകെട്ടി കൂട്ടിലടച്ച് രണ്ട് വര്‍ഷത്തിന് ശേഷം പുറത്ത് വിട്ടപ്പോഴും കലിയടങ്ങാതെ വനം വകുപ്പുകാരെ കണ്ടം വഴിയോടിച്ച കല്ലൂര്‍ കൊമ്പനും ഇന്നിവിടെ മഹാസാധുവാണ്. ഒപ്പം ബഡി സെറ്റപ്പില്‍ മറ്റ് ചില സുഹൃത്തുക്കളുമുണ്ട്. സീനിയര്‍ കുങ്കി പ്രമുഖ, കോന്നി സുരേന്ദ്രന്‍, ചന്ദ്രനാഥ്, സൂര്യന്‍ പിന്നെ പുതുമുഖങ്ങളായ ചന്തു, സുന്ദരി, അമ്മു. കേരളത്തിലെ ഏക കുങ്കി ക്യാമ്പായ മുത്തങ്ങയില്‍ ഇവരെല്ലാമിന്ന് ആനപിടിത്തത്തിന്റെ സജീവ ക്ലാസിലാണ്.
ആനപിടിത്തം സജീവമായിരുന്ന കാലത്ത് കാട്ടാനകളെ മെരുക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ആനപ്പന്തിയായിരുന്നു മുത്തങ്ങയിലെ ആനപ്പന്തി. പരിശീലനം നേടിയ ആനകള്‍ വയനാട് വന്യജീവി സങ്കേതത്തിലെത്തുന്നവരുടെ മനംമയക്കിയിരുന്നു. മുത്തങ്ങയിലെ ആനപ്പന്തി ആനകളെ കൊണ്ട് നിറഞ്ഞൊരു കാലവുമുണ്ടായിരുന്നു. പന്തിയില്‍ പെറ്റു പെരുകിയ ആനകളുടെ എണ്ണം ദക്ഷിണേന്ത്യയിലെ തന്നെ സര്‍വകാല റെക്കോഡുമായി. സഞ്ചാരികള്‍ക്കായി ആനസവാരി വരെ ഒരുക്കിയിരുന്നു. പക്ഷെ, ആനപിടുത്തം നിരോധിച്ചതോടെ മുത്തങ്ങ കുങ്കി ക്യാമ്പായി മാറി.
Content Highlights: Kumki elephant camp muthanga vadakkanad komban kalloor komban and others