ആണും പെണ്ണും കണ്ടുമുട്ടിയാലുടനെ മരംചുറ്റുന്ന കാലത്ത് പ്രണയമില്ലാതെ സിനിമ വിജയിപ്പിച്ച ധൈര്യശാലി

മലയാളസിനിമയിലെ വന്‍മരം നിലംപൊത്തിയിരിക്കുന്നു. മറക്കാനാവാത്ത സിനിമകളും കഥാപാത്രങ്ങളും നിത്യഹരിതമായ ഗാനങ്ങളും സമ്മാനിച്ച പ്രതിഭ. എന്നും വേറിട്ടവഴികളിലൂടെ സഞ്ചരിച്ച സംവിധായകനായിരുന്നു കെ.എസ്. സേതുമാധവന്‍. അഞ്ച് പതിറ്റാണ്ട് നീണ്ട സംവിധാനജീവിതം. എം.ജി.ആര്‍, ശിവാജി ഗണേശന്‍, സത്യന്‍, പ്രേംനസീര്‍ തുടങ്ങി തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ മുതല്‍ റഹ്‌മാന്‍ വരെ നീളുന്ന തലമുറകള്‍ക്ക് അഭിനയം പറഞ്ഞുകൊടുത്ത പരിചയം. സിംഹളയടക്കം ആറു ഭാഷകളിലായി 65 സിനിമകള്‍. അതില്‍ ബഹുഭൂരിഭാഗവും ഹിറ്റുകള്‍. മികച്ച ചിത്രങ്ങളുടെ സംവിധായകന്‍, തിരക്കഥാകൃത്ത്, ജെ.സി. ഡാനിയേല്‍ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.
മലയാളത്തിലെ അതുല്യസാഹിത്യ സൃഷ്ടികള്‍ക്ക് അദ്ദേഹം സിനിമാഭാഷ്യം രചിച്ചു. മനുഷ്യസ്‌നേഹം ആശയാടിത്തറയാക്കിയ തിരനാടകങ്ങള്‍ തത്ത്വചിന്താപരമായ ഗാനങ്ങള്‍കൊണ്ടലംകൃതമാക്കി. അതിനാടകീയതയില്‍നിന്ന് മോചിപ്പിച്ച അഭിനയശൈലികൊണ്ട് അഭിനേതാക്കളെ വ്യത്യസ്തരാക്കി. വെള്ളിത്തിരയെ യാഥാര്‍ഥ്യബോധത്തിലേക്ക് കൊണ്ടുവന്നു. സിനിമ വിട്ടതില്‍പ്പിന്നെ യോഗയും പ്രാര്‍ഥനയുമായി താപസതുല്യമായ ജീവിതമായിരുന്നു.
60-കളിലും 70-കളിലും മലയാളസിനിമയിലെ നവഭാവുകത്വത്തിന്റെ അമരക്കാരനായിരുന്ന സേതുമാധവന്‍ 80-കളിലും വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളുമായി സജീവമായി. വെള്ളിത്തിരയില്‍ ആണും പെണ്ണും കണ്ടുമുട്ടിയാലുടനെ മരംചുറ്റുന്ന കാലത്ത് പ്രണയവും ഗാനങ്ങളുമില്ലാതെ സിനിമ വിജയിപ്പിക്കാമെന്ന് തെളിയിച്ച ധൈര്യശാലി. പ്രതീകാത്മകമായ ദൃശ്യഭാഷതന്നെ അദ്ദേഹം സൃഷ്ടിച്ചു. ബൗദ്ധിക വ്യായാമമാവരുത് കല എന്നും എന്നാല്‍, വൈകാരികതയിലൂടെ ബൗദ്ധികതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നതാവണം കല എന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാട്.
ഒരു സാഹിത്യകൃതി വായിക്കുമ്പോള്‍തന്നെ അതിന്റെ സിനിമാസാധ്യതകള്‍ മനസ്സില്‍ക്കണ്ട് വായിക്കുന്ന ശീലം വിദ്യാഭ്യാസകാലത്തുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് എ.ജെ. ക്രോണിന്റെ 'ദ കീസ് ഓഫ് ദ കിങ്ഡം' എന്ന ഇംഗ്‌ളീഷ് ചിത്രം കണ്ട്, കൂടുതല്‍ മനസ്സിലാക്കാന്‍ ആ കൃതി എടുത്തുവായിച്ചതില്‍നിന്ന് തുടങ്ങുന്നു അത്. പിന്നീടങ്ങോട്ട് എന്തു വായിക്കുമ്പോഴും വെള്ളിത്തിരയിലെന്നപോലെ ദൃശ്യങ്ങള്‍ മനസ്സില്‍ പതിയുമായിരുന്നെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. മലയാളത്തിലെ കരുത്തുറ്റ പല കൃതികളിലെയും കഥാപാത്രങ്ങളെ മജ്ജയും മാംസവുമുള്ള മനുഷ്യരിലൂടെ അവതരിപ്പിച്ച്, ആ കഥാപരിസരത്തെ, അനുയോജ്യമായ ദൃശ്യപശ്ചാത്തലങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത് വിജയിപ്പിക്കാന്‍ കഴിഞ്ഞതും ഈ ശീലത്തിന്റെ തുടര്‍ച്ചയാണ്. പി. കേശവദേവ്, തകഴി, മലയാറ്റൂര്‍, പൊന്‍കുന്നം വര്‍ക്കി, അയ്യനേത്ത്, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയ ഒട്ടേറെ സാഹിത്യകാരന്‍മാരുടെ മികച്ച കൃതികള്‍ക്ക് ഇങ്ങനെ അഭ്രാവിഷ്‌കാരം പകര്‍ന്നു. എ.ടി. കോവൂരിന്റെ ചികിത്സാ അനുഭവക്കുറിപ്പില്‍നിന്ന് 'പുനര്‍ജന്മം' പോലെ മനോഹരമായൊരു ചിത്രം അദ്ദേഹം സൃഷ്ടിച്ചു.
തമിഴ് സിനിമയ്ക്ക് ആദ്യ ദേശീയപുരസ്‌കാരത്തിളക്കമേകുന്നത് കെ.എസ്. സേതുമാധവന്റെ 'മറുപക്ക'ത്തിലൂടെയാണ്. അതും ഇന്ദിരാ പാര്‍ഥസാരഥിയുടെ സാഹിത്യകൃതിയിലൂടെയായത് യാദൃച്ഛികമല്ല. 96-ല്‍ 'സ്ത്രീ'യിലൂടെ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. പല പ്രതിഭകളെ കണ്ടെത്തുന്നതിനും നിമിത്തമായിട്ടുണ്ട് ഈ സംവിധായകന്‍. അതില്‍ പ്രധാനം കമല്‍ഹാസനാണെന്നു പറയാം. 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെ ബാലതാരമായും, 'കന്യാകുമാരി'യിലൂടെ നായകനായും കമലിനെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിച്ചു. കന്യാകുമാരിയിലൂടെയാണ് ജഗതിശ്രീകുമാര്‍ സിനിമയിലെത്തുന്നത്. മമ്മൂട്ടിയുടെ ആദ്യചിത്രം എന്നുപറയാവുന്ന 'അനുഭവങ്ങള്‍ പാളിച്ചകളു'ടെയും സുരേഷ്ഗോപിയുടെ ബാല്യഭാവം കണ്ട ഓടയില്‍നിന്ന് എന്ന ചിത്രത്തിന്റെയും സംവിധായകന്‍ കെ.എസ്. ആയിരുന്നു. പ്രേംനസീറിനെ വില്ലന്‍വേഷത്തില്‍ അവതരിപ്പിച്ചതും സത്യനും ഷീലയ്ക്കും ശാരദയ്ക്കും ഉജ്ജ്വലമായ കഥാപാത്രങ്ങള്‍ നല്‍കിയതും മറ്റാരുമായിരുന്നില്ല. മലയാള സിനിമയുടെ കുലപതികളില്‍ ഒരാളായിരുന്നു കെ.എസ്.
Content Highlights: