തലവര മാറ്റുമോ തലമുറമാറ്റം? മധ്യപ്രദേശിൽ പട്വാരി പട നയിക്കാൻ എത്തുമ്പോൾ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ ഉയിര്‍പ്പിനുള്ള വഴി തേടുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ആദ്യ ചുവടുവെപ്പെന്നോണം, പി.സി.സി. അധ്യക്ഷനെ മാറ്റി. മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍നിന്ന് നയിക്കുകയും ചെയ്ത കമല്‍നാഥിനെ മാറ്റി ഒ.ബി.സി. വിഭാഗത്തില്‍നിന്നുള്ള യുവനേതാവ് ജീതു പട്‌വാരിക്കാണ് പാര്‍ട്ടി ചുമതല നല്‍കിയിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പി.സി.സി. അധ്യക്ഷന്‍ കമല്‍നാഥ് നല്‍കിയ സംഭാവനകളെ പാര്‍ട്ടി അഭിനന്ദിക്കുന്നു എന്നായിരുന്നു മധ്യപ്രദേശ് പി.സി.സി. അധ്യക്ഷനായി ജീതു പട്‌വാരിയെ നിയമിച്ചുകൊണ്ടുള്ള എ.ഐ.സി.സിയുടെ പത്രക്കുറിപ്പിലെ വാചകം. തലമുറ മാറ്റമെന്ന അനിവാര്യതയെ കോണ്‍ഗ്രസ് അംഗീകരിക്കുന്നു എന്നതും ഈ തീരുമാനം സാക്ഷ്യപ്പെടുത്തുന്നു. തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുന്ന, ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കുന്ന അന്‍പതു വയസ്സുകാരന്‍ ജീതു പട്‌വാരിയെ കാത്തിരിക്കുന്നത് ഭാരമേറിയ ഉത്തരവാദിത്വങ്ങളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പിഴവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കമായും ഈ തലമുറമാറ്റത്തെ കാണാം. കമല്‍നാഥ് എന്ന മുതിര്‍ന്ന നേതാവില്‍നിന്ന് പി.സി.സി. അധ്യക്ഷസ്ഥാനം താരതമ്യേന യുവരക്തമായ ജീതുവിലേക്ക് എത്തുമ്പോള്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്ന് വരുംദിവസങ്ങള്‍ തെളിയിക്കും. 2018-ല്‍ 114 സീറ്റ് നേടി കമല്‍നാഥും കൂട്ടരും അധികാരം പിടിച്ചെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെയും കൂട്ടരുടെയും മറുകണ്ടം ചാടലിലൂടെ ഭരണം നഷ്ടമാവുകയായിരുന്നു. ബി.ജെ.പി. നടത്തിയ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസിന്റെ കയ്യില്‍നിന്ന് ഭരണം ഊര്‍ന്നുപോയി. 2023-ല്‍ ഇക്കുറി, എങ്ങനെയും അധികാരം തിരിച്ചുപിടിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ചുവടുകള്‍ പാളുകയും ബി.ജെ.പി. ഭരണത്തുടര്‍ച്ച നേടുകയും ചെയ്തു. എക്സിറ്റ് പോള്‍ ഫലങ്ങളെയും ഞെട്ടിച്ചായിരുന്നു ബി.ജെ.പിയുടെ കുതിപ്പ്. 230 മണ്ഡലങ്ങളില്‍ ബി.ജെ.പി. 163-ഇടത്തും വിജയിച്ചു. കോണ്‍ഗ്രസ് 66 സീറ്റില്‍ ഒതുങ്ങി.
Content Highlights: jitu patwari appointed as new pcc chief of madhya pradesh