കൈപിടിച്ചാനയിച്ച് സൗദി, ഖത്തറിനും കുവൈത്തിനും മുറുമുറുപ്പ്; അറബ് ലീഗിലേക്ക് സിറിയ മടങ്ങിവരുമ്പോള്‍

അറബ് ലീഗ് ഉച്ചകോടിക്ക് ജിദ്ദയില്‍ എത്തിയ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സ്വാഗതം ചെയ്യുന്ന മക്ക ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് | Photo : SPA / AFP
അറബ് ലീഗ് ഉച്ചകോടിക്ക് ജിദ്ദയില്‍ എത്തിയ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സ്വാഗതം ചെയ്യുന്ന മക്ക ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് ബദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് | Photo : SPA / AFP

'നമുക്കിടയിലെ ഐക്യത്തിനും നമ്മുടെ മേഖലയിലെ യുദ്ധത്തിനും വിനാശത്തിനും പകരം സമാധാനത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാകും ഇതെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിദേശ ഇടപെടലുകള്‍ അധികമില്ലാതെ തന്നെ നമ്മുടെ കാര്യങ്ങള്‍ പുനഃക്രമീകരിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഇത്.' സൗദി അറേബ്യയിലെ ജിദ്ദയില്‍ 32-ാമത് അറബ് ലീഗ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പറഞ്ഞ വാക്കുകളാണിത്. നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ബാഷര്‍ അല്‍ അസദ് ഒരു പ്രധാന അറബ് ലീഗ് യോഗത്തില്‍ പങ്കെടുക്കുന്നത്. പിണക്കം പറഞ്ഞുതീര്‍ത്ത് സൗദിയിലെത്തിയ അസദിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. സൗദി രാജകുമാരന്‍ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബോ അൽ ഗെയ്ത് (Ahmed Abo Al Ghait) അടക്കമുള്ളവര്‍ നേരിട്ട് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതാണ് അസദിനെ ഔദ്യോഗികമായി സ്വീകരിച്ചത്. അറബ് ലീഗിലേയ്ക്ക് സിറിയയെ തിരിച്ചെടുക്കുകയും സിറിയയും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വിപുലമായ ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിനിടയിലാണ് ഉച്ചകോടിയില്‍ അസദിന്റെ പങ്കാളിത്തം.

വെള്ളിയാഴ്ച ജിദ്ദയില്‍ നടന്ന ഉച്ചകോടിയില്‍ അറബ് ലീഗിലെ എല്ലാ അംഗ രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു. പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അറബ് ഐക്യമെന്ന പ്രഖ്യാപനത്തോടെയാണ് ഇത്തവണത്തെ അറബ് ലീഗ് ഉച്ചകോടി ജിദ്ദയില്‍ സമാപിച്ചത്. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ തള്ളിയ ഉച്ചകോടി പ്രതിസന്ധി നേരിടാന്‍ സിറിയയെ സഹായിക്കുന്നതിനുള്ള പാന്‍-അറബ് ശ്രമങ്ങള്‍ ശക്തമാക്കുമെന്നും പ്രതിജ്ഞയെടുത്തു. അറബ് ലീഗിലേക്കുള്ള സിറിയയുടെ പുനഃപ്രവേശനത്തെ ഉച്ചകോടി ഔദ്യോഗികമായി സ്വാഗതം ചെയ്തു. അറബ് ലീഗ് ഉച്ചകോടിയിലേക്ക് അസദിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും സിറിയ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പറഞ്ഞു. നേരത്തെ അറബ് ലീഗിലേക്ക് സിറിയയുടെ തിരിച്ചുവരവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നാണ് ഉച്ചകോടിയുടെ തയ്യാറെടുപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരന്‍ പറഞ്ഞത്. 

Content Highlights: How important is Syria’s return to the Arab League?

Continue reading