പവാർ പ്ലേ: ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഗൂഢ സഞ്ചാരിയുടെ 'സ്ക്വയർ റൂൾ'

രാജാവ് ഒറ്റപ്പെട്ട് നിൽക്കുമ്പോൾ രക്ഷപ്പെടാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ട്രിക്കുണ്ട് ചെസിൽ, 'റൂൾ ഓഫ് ദി സ്ക്വയർ'. മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ ചില നീക്കങ്ങളെ സമാന രീതിയിലെന്ന് കണ്ടാൽ തെറ്റുപറയാൻ പറ്റില്ല. പാര്‍ട്ടിയില്‍ അജിത് പവാറിന്റെ നീക്കങ്ങളുടെ മുനയൊടിച്ച് രാജി പ്രഖ്യാപനത്തിലൂടെ കവചം തീർത്ത് മുമ്പിൽ രണ്ട് വർക്കിങ് പ്രസിഡന്റുമാരെ ചുമതലയേൽപ്പിച്ച് അദ്ദേഹം ശക്തനെന്ന് ഒന്നു കൂടി തെളിയിച്ചു.
അത്ര ചെറുതല്ലാത്ത 'പവാർ പ്ലേ': രാഷ്ട്രീയഭേദമന്യേ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പ്രായോഗിക രാഷ്ട്രീയ ചാണക്യൻ. എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം നിഗൂഢം. മനസ്സിലുള്ള കാര്യങ്ങൾ ഊഹിച്ചെടുക്കാൻ അടുപ്പമുള്ളവർക്ക് അസാധ്യം. പതുങ്ങിയിടത്ത് നിന്ന് എതിർപാളയത്തിലേക്ക് പ്രഹരശേഷിയുള്ള ശരങ്ങളെയ്യാനും രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും കെൽപ്പുള്ള നേതാവ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പല പാർട്ടികൾക്കും പലപ്പോഴായി പവാർ ഏൽപ്പിച്ച പ്രഹരങ്ങൾ അത്ര ചെറുതല്ല. "രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും സ്ഥിരം മിത്രങ്ങളും ഇല്ല, ഉള്ളത് സ്ഥാനങ്ങളും പാർട്ടിയും മാത്രം" എന്നത് വായിക്കും മുമ്പ്, പവാറിന്റെ കാര്യത്തിൽ ചെറിയൊരു തിരുത്തലുമാകാം, 'രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളേയും മിത്രങ്ങളാക്കി മാറ്റാൻ സാധിക്കും' എന്നു കൂടി തിരുത്തി വായിക്കേണ്ടി വരും.
Content Highlights: Behind Sharad Pawar resignation drama what happened Ncp