പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം

'പെയിന്റ് പണിക്കാരൻ തങ്കപ്പന്റെ മകന് അച്ഛന്റെ പണി തുടർന്നാൽ പോരെ?' എംബിബിഎസ് ബിരുദമായിരുന്നു ഈ ചോദ്യത്തിനുളള കൂത്താട്ടുകുളം വേലംപറമ്പിൽ തങ്കപ്പന്റെ മകൻ അഞ്ചൽ കൃഷ്ണയുടെ മറുപടി.
ഉപരിപഠനത്തിനായി സാമ്പത്തിക സഹായം ചോദിച്ച് നാട്ടിലെ പണക്കാരനെ സമീപിച്ചപ്പോൾ മാത്രമല്ല വേർതിരിവിന്റെ മുനയൊളിപ്പിച്ച ഈ ചോദ്യം പിന്നീടും അഞ്ചലിന്റെ ജീവിതത്തിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു. എംബിബിഎസ് ബിരുദദാന ചടങ്ങിലെ മാതാപിതാക്കൾക്കൊപ്പമുളള മനോഹരമായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് അഞ്ചൽ കൃഷ്ണ ആ ചോദ്യങ്ങൾക്കുളള മറുപടി മധുരതരമായി തന്നെ എഴുതി.
'നിങ്ങൾക്കൊക്കെ' എംബിബിഎസിന് സീറ്റുകിട്ടാൻ എളുപ്പമാണല്ലോ എന്ന് പറഞ്ഞ ആളെ,
ക്വിസിന് പ്രൈസ് കിട്ടാൻ 'നിങ്ങൾക്കൊക്കെ' എളുപ്പമാണല്ലോ എന്ന് പറഞ്ഞ ആളെ,
എന്തിന് സംസ്ഥാന കലോത്സവത്തിന് പ്രൈസ് കിട്ടാൻ 'നിങ്ങൾക്കൊക്കെ' എളുപ്പമാണല്ലോ..എന്നൊക്ക പറഞ്ഞവരെ ഓർക്കുന്നു.
അന്നൊന്നും ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോൾ പറയുന്നു എന്റെയും എന്റെ വംശത്തിന്റെയും വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല
സ്വപ്നങ്ങൾ പോലും വിദൂരം
സ്വപ്നം കാണുന്നതിൽ നിന്നുപോലും എന്നെ തുടക്കത്തിൽ തന്നെ എന്നെ മുരടിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ നല്ല മാർഗനിർദേശങ്ങൾ ലഭിക്കുകയും മുക്ക് ചുറ്റും നിൽക്കുന്നവർ അത് കുടുംബക്കാരായാലും അയൽക്കാരായാലും മുൻധാരണകളില്ലാതെ നമ്മളോട് സംസാരിക്കുകയും ചെയ്യുമ്പോൾ മാത്രമേ സ്വപ്നം കാണാൻ പോലും സാധിക്കൂ.കോളനികളിലും ചെറിയ ചെറിയ ഇടങ്ങളിലും എത്ര കുട്ടികൾ പഠിക്കുന്നുണ്ട്. അവർക്ക് ഉയരങ്ങൾ കീഴടക്കണം എന്ന് ആഗ്രഹമുണ്ടാകും പക്ഷേ നിൽക്കുന്ന ഇടത്തിൽ എന്തെങ്കിലും വിജയം കൈവരിക്കണം എന്നുമാത്രമേ അവർക്ക് ചിന്തിക്കാൻ പോലും കഴിയൂ. സ്വപ്നം കാണാനും നല്ല പ്രിവിലെജ് വേണം.' ബിരുദം പൂർത്തിയാക്കി പാലക്കാട് മെഡിക്കൽ കോളേജിൽ തന്നെ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുകയാണ് അഞ്ചൽ. കുടുംബത്തെ സുരക്ഷിതമാക്കണം എന്ന ആഗ്രഹമുളളതുകൊണ്ടുതന്നെ ജോലി ചെയ്തുകൊണ്ട് പിജി ചെയ്യാനാണ് തീരുമാനം. അനുഭവങ്ങളിൽ നിന്ന് അഞ്ചൽ സംസാരിച്ചുതുടങ്ങി.
ഡോട്കറാകണമെന്ന് വിദൂരസ്വപ്നങ്ങളിൽ പോലും അഞ്ചലിന് ഉണ്ടായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തെ കുറിച്ച് ആലോചിക്കുമ്പോഴും മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട ഒരു കോഴ്സ് ചെയ്യണമെന്നുമാത്രമായിരുന്നു ലക്ഷ്യം. അങ്ങനെ ചെന്നൈയിൽ പാരമെഡിക്കൽ കോഴ്സിന് ചേരാം എന്ന് തീരുമാനിച്ചു. പക്ഷേ പഠനത്തിന് മൂന്നുലക്ഷം രൂപവേണം. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ലോണിലായിരുന്ന വീടുവിറ്റ് വാടകവീട്ടിലേക്ക് അഞ്ചലും കുടുംബവും മാറിയ സമയമായിരുന്നു അത്. വിദ്യാഭ്യാസ ലോണിനുവേണ്ടി ശ്രമിച്ചെങ്കിലും അതും ശരിയായില്ല. ബന്ധുക്കളെയായിരുന്നു ആദ്യം സമീപിച്ചത്. അവർ കൈമലർത്തി..നാട്ടിൽ ആർക്കെങ്കിലും പെട്ടെന്നൊരാവശ്യം വേണ്ടിവന്നാൽ സമീപിക്കുന്ന വ്യക്തിയോട് പണം കടംചോദിക്കാം എന്ന തീരുമാനത്തിലെത്തുന്നത് അങ്ങനെയാണ്. അച്ഛനൊപ്പം അഞ്ചലും അയാളുടെ വീട്ടിലെത്തി. കാര്യങ്ങൾ അവതരിപ്പിച്ചു.
വെറുതെ എന്തിനാണ് ഇത്തരം കോഴ്സുകൾക്ക് പിറകേ പോകുന്നത്? തങ്കപ്പന്റെ മകന് അച്ഛന്റെ ജോലി തന്നെ നോക്കിയാൽ പോരേ എന്ന ചോദ്യമുയരുന്നത് അപ്പോഴാണ്. തങ്കപ്പൻ അയാളുടെ മുന്നിൽ നിസ്സഹായതോടെ നിന്ന് ചിരിച്ചു. അയാളുടെ ചോദ്യത്തിന്റെ അർഥം പൂർണമായി അഞ്ചൽ മനസ്സിലാക്കുന്നത് പിന്നെയും വർഷങ്ങൾ കഴിഞ്ഞിട്ടാണ്.
'ആ ചോദ്യമുണ്ടാകാൻ വളരെ ആഴത്തിലുളള ഒരു കാരണമുണ്ടെന്ന് അന്നേ എനിക്ക് മനസ്സിലായിരുന്നു. അത് കൃത്യമായി മനസ്സിലാക്കാൻ കുറച്ചുകാലം വേണ്ടിവന്നുവെന്ന് മാത്രം. പണമില്ല, സഹായിക്കാനും ആരുമില്ല. ഡിഗ്രിക്ക് അപേക്ഷിക്കാനുളള സമയമെല്ലാം കഴിഞ്ഞുപോയിരുന്നു. അതുകൊണ്ടുതന്നെ ഒരു വർഷം പോട്ടെ വീട്ടിലിരിക്കാം എന്നായി തീരുമാനം. ആദ്യത്തെ ആറുമാസം വെറുതേ പോയി. അതിനുശേഷമാണ് വെറ്റിനറിക്ക് ചേർന്നാലോ എന്ന് ചിന്തിക്കുന്നത്. വലിയ കോച്ചിങ് സെന്ററുകളിൽ പോകാനുളള പണമൊന്നും ഇല്ല. തൊട്ടടുത്തുളള ഒരു കോച്ചിങ് സെന്ററിൽ ചേർന്നു. പക്ഷേ അവിടുത്തെ അന്തരീക്ഷവുമായി എനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നുണ്ടായില്ല. എനിക്കൊപ്പം പഠിക്കുന്ന കുട്ടികൾക്കെല്ലാം ഒരുപാട് പഠനസഹായികൾ ഉണ്ട്. എനിക്കാണെങ്കിൽ ഒന്നുമില്ല. ടെക്സ്റ്റ് പുസ്തകം മാത്രമാണുളളത്. ആ മത്സരാന്തരീക്ഷവുമായി ചേർന്നുപോകാൻ സാധ്യമല്ലാതായതോടെ ഞാൻ വീട്ടിലിരുന്ന് പഠിക്കാൻ തുടങ്ങി. എൻട്രൻസ് എഴുതി റാങ്ക് വന്നപ്പോൾ മെഡിസിന് ചേരാനുളള റാങ്ക് ഉണ്ട്. പാലക്കാട് മെഡിക്കൽ കോളേജിൽ അപേക്ഷിച്ചു. എനിക്ക് കിട്ടി. അത് വലിയ നേട്ടമായിരുന്നു. പക്ഷേ ഇതൊന്നും ആസ്വദിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. വീട് ജപ്തി വരികയും അതുവിറ്റ് വാടകവീട്ടിലേക്ക് മാറിയതും ഉൾപ്പടെയുളള സാമ്പത്തിക പ്രശ്നങ്ങളായിരുന്നു മനസ്സ് നിറയെ.'
'നിങ്ങൾക്കെല്ലാം എളുപ്പമാണല്ലോ?'!
ചുറ്റുമുളള പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സ്വന്തം കഠിനാധ്വാനത്തിൽ മെഡിക്കൽ സീറ്റിന് യോഗ്യത നേടിയിട്ടും 'നിങ്ങൾക്ക് ഇതെല്ലാം എളുപ്പമാണല്ലോ?' എന്ന ചോദ്യത്തോടെ അഞ്ചലിന്റെ വിജയം നിസ്സാരവൽക്കരിച്ചവരും കുറവല്ല.
'നിങ്ങൾക്ക് കിട്ടാൻ ഭയങ്കര എളുപ്പമാണല്ലോ എന്ന് എന്നോട് ചോദിച്ചത് മുപ്പതിനായിരത്തിൽ താഴെ റാങ്ക് കിട്ടിയ കുട്ടിയുടെ അച്ഛനാണ്. എനിക്ക് അയ്യായിരത്തിനകത്ത് റാങ്ക് ഉണ്ടായിരുന്നു. സംവരണം ഉളളവരെ എടുക്കുന്നത് കൊണ്ട് ഞങ്ങളുടെ കുട്ടികളുടെ റാങ്ക് പുറകോട്ട് പോവുകയാണെന്ന് അവർ പറയുന്നു. ഞാൻ അവരുടെ സീറ്റൊന്നുമല്ലല്ലോ കട്ടെടുത്തത്. ഞാനും ആ കുട്ടിയും എഴുതിയത് ഒരേ പരീക്ഷയായിരുന്നു. ഒരേ ലിമിറ്റേഷൻസ് വെച്ചിട്ടാണ് ഞാനും ആ കുട്ടിയും മാർക്ക് വാങ്ങിയിട്ടുളളത്. എന്നിട്ടും നമ്മളിത് കേൾക്കേണ്ടി വരുമ്പോൾ..ജാതിയാണ് അടിസ്ഥാന പ്രശ്നമെന്ന് മനസ്സിലാക്കാൻ പിന്നേയും ഞാൻ സമയമെടുത്തു.
കുട്ടിക്കാലം മുതൽ നേരിട്ടിരുന്ന വിവേചനങ്ങൾ ഞാനത്ര മികച്ചവനല്ലെന്ന ബോധം ഉണ്ടാക്കിയിരുന്നു. അത് കണ്ടീഷൻ ചെയ്യപ്പെടുന്നതാണ്. നമ്മളോടുളള ഇവരുടെ സമീപനം പലരീതിയിലാണ്. അരിവാങ്ങാനുളളവർ എഴുന്നേറ്റ് നിൽക്കൂ എന്നൊക്കെയുളള അധ്യാപകരുടെ നിർദേശങ്ങൾ. എഴുന്നേറ്റ് നിൽക്കുമ്പോൾ നേരിടേണ്ടി വരുന്ന നോട്ടങ്ങൾ. നമ്മൾ എഴുന്നേറ്റ് നിൽക്കണം ചുറ്റുമുളളവർ നമ്മളെ നോക്കണം. അത് അങ്ങനെ ചെയ്തുവെച്ചേക്കുന്ന സാധനമാണ്. ഈ സാഹചര്യങ്ങൾ ഒഴിവാക്കാവുന്നതേയുളളൂ. അമ്മരേഖയോട് മകനെ ഐടിഐ കോഴ്സിനോ ലിഫ്റ്റ് ആൻഡ് ടെക്നോളജി കോഴ്സിനോ വിടൂ എന്ന് പറഞ്ഞിട്ടുളള ഒരു അധ്യാപികയുണ്ട്. അവരുടെ മകൻ എംബിബിഎസിന് പഠിക്കുമ്പോഴാണ് അത്. നിങ്ങൾക്ക് അതിനപ്പുറത്തേക്ക് സാധിക്കില്ലല്ലോ എന്നുതന്നെയാണ് അവർ ഉദ്ദേശിക്കുന്നത്. പലരും എനിക്ക് അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇത്രയേ പറ്റൂ എന്ന മുൻധാരണയോടെയാണ് എന്നെ എല്ലാവരും സമീപിച്ചിട്ടുളളതും. അതിനപ്പുറത്തേക്ക് പൈലറ്റാകണം എന്നൊക്കെയുളള രീതിയിൽ ഒരാൾ പോലും ആത്മവിശ്വാസം നൽകിയിട്ടില്ല. അത്തരത്തിൽ ആരുമെന്നെ ട്രീറ്റ് ചെയ്യാത്തതുകൊണ്ട് എനിക്ക് പ്രതീക്ഷകളും കുറവായിരുന്നു. എന്റെ തൊട്ടപ്പുറത്തിരിക്കുന്ന ആൾക്ക് പ്രതീക്ഷകൾ നൽകുമ്പോൾ എന്നോട് പറഞ്ഞിട്ടുളളത് കൂടിയാൽ സ്കൂൾ അധ്യാപകനാകണം എന്നാണ്. അതിനപ്പുറത്തേക്ക് എനിക്കാരും ലക്ഷ്യങ്ങൾ നിശ്ചയിച്ചുതന്നിട്ടില്ല. എന്റെ ലക്ഷ്യം ഞാൻ തന്നെ നിശ്ചയിച്ചതാണ്. അതാണ് ഞാൻ പറഞ്ഞത് സ്വപ്നങ്ങൾ കാണാൻ പോലും പ്രിവിലെജ് വേണമെന്ന്.'
വൈറലായ ഫോട്ടോ അപ്രതീക്ഷിതമല്ല
ആ ഫോട്ടോക്ക് അകത്ത് ആര് എവിടെ നിൽക്കണം, അമ്മ എങ്ങനെ ചിരിക്കണം, അച്ഛൻ, ഞാൻ എങ്ങനെ നിൽക്കണം എന്നെല്ലാം എന്റെ മനസ്സിലുണ്ടായിരുന്നു. അഞ്ചുകൊല്ലമായിട്ട് ഞാൻ പ്ലാൻ ചെയ്തുവെച്ച ഫോട്ടോയാണ് അത്. ചിത്രത്തിനൊപ്പം എഴുതിയതും കാര്യങ്ങൾ തിരിച്ചറിഞ്ഞ ഫസ്റ്റ് ഇയറിൽ ഞാൻ മനസ്സിലെഴുതിയ കുറിപ്പാണ്. സംസാരിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. മെഡിക്കൽ രംഗത്ത് ആരും ജാതിയെ കുറിച്ചോ അരികുവൽക്കരിക്കപ്പെട്ടവരെ കുറിച്ചോ സംസാരിക്കുന്നില്ല. എനിക്കത് പറയണം എന്നത് ഞാൻ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്.
എംബിബിഎസിന് ചേർന്നതോടെ അംബേദ്കറെ വായിച്ചു. ഭരണഘടന വായിച്ചു..എന്റെ സംശയങ്ങൾക്കെല്ലാം എനിക്ക് ഉത്തരം കിട്ടിത്തുടങ്ങി. കാലങ്ങളായിട്ടുളള ജാതിയുമായി ബന്ധപ്പെട്ട വേർതിരിവുകളാണ് ഇതെന്ന് എനിക്ക് പുസ്തകവായനകളിലൂടെ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായുളള സമ്പർക്കത്തിലൂടെ എനിക്ക് ബോധ്യപ്പെട്ടു.
ചോദ്യങ്ങൾ അവസാനിച്ചിട്ടില്ല
മെഡിക്കൽ രംഗത്ത് ജാതിയുടെ പേരുപറഞ്ഞുളള മാറ്റി നിർത്തലുകൾ കുറവാണ്. പക്ഷേ പലരും നമ്മളോട് സംസാരിച്ചുതുടങ്ങുന്നത് തന്നെ നിങ്ങൾക്ക് പിജി കിട്ടാൻ എളുപ്പമായിരിക്കുമല്ലോ എന്ന ചോദ്യത്തോടെയാണ്. അതിനപ്പുറം നമ്മൾ പഠിക്കുന്നതിന് അവർ വിലകൊടുക്കുന്നില്ല. ഇവിടെ വരെയെത്താൻ നടത്തിയ കഷ്ടപ്പെട്ടത് ആർക്കുമറിയില്ല. പെയിന്റുപണിക്കാരൻ തങ്കപ്പന്റെ മകൻ പ്ലസ്ടു പാസ്സാവാൻ തന്നെ നല്ലോണം കഷ്ടപ്പെട്ടിട്ടുണ്ടാകണം. പെയിന്റുപണിക്കാരന്റെ മകൻ ഡോക്ടറാകണമെങ്കിൽ അവൻ അങ്ങോട്ടേക്കെത്തണമെങ്കിൽ കുറേ കാലങ്ങൾ ആലോചിക്കണം. സ്വന്തം നൈപുണ്യങ്ങളെപറ്റി തിരിച്ചറിയണം. സ്വയം ആത്മവിശ്വാസം ഉണ്ടാകണം. അത് ഭയങ്കര പ്രശ്നമാണ്. ഞങ്ങളുടെ സ്വപ്നം കാണാൻ പോലുമുളള ബോധത്തെ കട്ടെടുക്കുകയാണ്. എന്നിട്ട് ചെറിയ വിജയങ്ങൾ പോലും കൈവരിച്ചാൽ നിങ്ങൾക്കിത് എളുപ്പമാണ് എന്ന ഒറ്റവരിയിൽ അത് ഹൈജാക്ക് ചെയ്യാൻ അവർക്ക് കഴിയാറുമുണ്ട്. ഡോക്ടറുടെ മകന് ഡോക്ടറാകാൻ ഒരുസ്വപ്നത്തിന്റെ ആവശ്യമില്ല. ബുദ്ധിമുട്ടുമില്ല. വളരെ എളുപ്പമാണ്.
അതുകൊണ്ട് ആ സംസാരം പല രീതിയിൽ വേദനിപ്പിക്കാറുമുണ്ട്. അത് സഹപാഠികളിൽ നിന്ന് കേട്ടിട്ടുമുണ്ട്. പലപ്പോഴും മയപ്പെടുത്തിയിട്ടാണ്, മധുരതരമായിട്ടാണ് ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നത്. ഞങ്ങളോടുളള സമീപനം എല്ലാക്കാലത്തും ഇങ്ങനെ തന്നെയാണ്. രണ്ടറ്റങ്ങൾ ഒന്നുകിൽ മുഖത്തടിച്ച പോലെ പറയും അല്ലെങ്കിൽ ഭയങ്കര സ്നേഹം ചാലിച്ച് ഉപപദേശമെന്ന രീതിയിൽ ജാതി പറയും. ദളിതരായിട്ടുളള മനുഷ്യർ ഉയരങ്ങൾ കീഴടക്കിയെന്ന് കേൾക്കുന്നത് അടുത്തകാലത്തായിട്ടല്ലേ. ഇതിന് മുമ്പ് വിജയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൂടി മിണ്ടാൻ പറ്റില്ല. നിങ്ങളൊന്നും ചെയ്യാതെ വെറുതെ കിട്ടിയതാണെന്ന് പറയും. വിജയങ്ങളെ പോലും നിസ്സാരവത്കരിക്കുന്നു
വിവേചനം കേരളത്തിലോ?
പത്രം തുറന്നുനോക്കിയാൽ തന്നെ ജാതി വിവേചനം ഉണ്ടല്ലോ. വിവാഹ പരസ്യത്തിൽ പോലും നായർ യുവതി വരനെ തേടുന്നു. അത് സ്പഷ്ടമല്ലേ. മക്കളെ ഏതെങ്കിലും ദളിതനായ വ്യക്തിക്ക് വിവാഹം ചെയ്തുകൊടുക്കാൻ അവർ തയ്യാറാകുമോ? അതിനെകുറിച്ചൊന്നും മിണ്ടാതെയാണ് ജാതിയില്ല കേരളത്തിൽ എന്ന് പറയുന്നത്. ജാതി എല്ലാക്കാലത്തും ഉണ്ട്. സ്വന്തം വീട്ടിലേക്കെത്തുന്ന കാലം വരെ ആർക്കും ജാതിയില്ല. അച്ഛന്റെ ജോലി ചെയ്താൽ പോരേ എന്ന ചോദ്യം കുലത്തൊഴിൽ വിട്ടാരും പുറത്തേക്ക് പോകരുത് എന്ന സവർണബോധം മാത്രമാണ്. സ്വകാര്യമേഖലയിൽ എത്രപേർ ഉയർന്ന പദവികളിൽ ഉണ്ട്. സർക്കാർ സംവരണം ഉളളതുകൊണ്ടല്ലേ ഞങ്ങൾ ഇവിടെ നിൽക്കുന്നത്. അല്ലാതെ മുഖ്യധാര മേഖലകളിൽ എത്രയിടത്ത് ദളിതരുണ്ടെന്ന് ചിന്തിച്ചുനോക്കൂ. ഞാനിവിടെ നിൽക്കുന്നുണ്ടെങ്കിൽ അയ്യങ്കാളിയും അംബേദ്കറും കാരണമാണ്. റൂൾ അംബേദ്കർ കൊണ്ടുവന്നതുകൊണ്ടാണ്. ഞാനിപ്പോൾ പറയുന്ന രാഷ്ട്രീയം കൂലിപ്പണിക്ക് പോയിട്ട് പറയുകയാണെങ്കിൽ അത് കേൾക്കാൻ ആരുമുണ്ടാകില്ല. ഞാൻ പറയുന്നത് കേൾക്കുന്നതുപോലും എനിക്കുളള പ്രിവിലെജ് കാരണമാണ്.
ആ പോസ്റ്റിന് പിന്നിൽ
ഇക്കാര്യങ്ങൾ അറിയണം, അതിന് ഒരു വേദി വേണം എന്ന വിശ്വാസത്തിലാണ് സോഷ്യൽ മീഡിയയിൽ അങ്ങനെയൊരു പോസ്റ്റ് ഇട്ടത്. ഇത് എന്റെ ഇടമാണെന്ന് ആളുകൾ ഉറക്കെ പറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ എനിക്കറിയാം സോഷ്യൽ മീഡിയ വളരെ കുറച്ചുകാലത്തേക്കുളള ചേർത്തുനിർത്തലുകളാണ്. അതുകഴിഞ്ഞാൽ ഞങ്ങൾ വാർത്തകൾ മാത്രമാണ്. രണ്ടുദിവസം കഴിഞ്ഞാൽ നമ്മൾ കൈയകലത്ത് തന്നെയാണ്. ഞങ്ങളോട് സഹാനുഭൂതി കാണിക്കാൻ എല്ലാവർക്കും എളുപ്പമാണ്. എനിക്കുവേണ്ടത് രാഷ്ട്രീയമായ ഒരു മറുപടിയാണ് എനിക്ക് വേണ്ടത്. ദളിതർ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കൂ. ദളിത് കൊലപാതകങ്ങളും ബലാത്സംഗവാർത്തകളുമാണ് കാണുക. ഞങ്ങളുടെ വിജയത്തിന്റെ കഥകൾ കുറവാണ്.
ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്
Content Highlights: anchel krishna's life story