അംബേദ്‌കർ; ജനാധിപത്യം- കീഴാള പ്രാതിനിധ്യം

#ദാമോദര്‍ പ്രസാദ്
ബി. ആർ. അംബേദ്കർ (ഫയൽചിത്രം)
ബി. ആർ. അംബേദ്കർ (ഫയൽചിത്രം)

സാര്‍വത്രിക വോട്ടവകാശം എന്ന ജനാധിപത്യപഥത്തിലേക്ക് സ്വതന്ത്ര ഇന്ത്യ പ്രവേശിക്കും മുമ്പേ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അന്തസത്തയായി എല്ലാവര്‍ക്കും വോട്ടവകാശം നല്കുന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം ഡോ.അംബേദ്കര്‍ 1919 ല്‍ സൗത്ത്ബറോ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കുന്നുണ്ട്. നിശ്ചയമായും ആധുനിക ജനാധിപത്യത്തിന്റെ വഴിത്താരകളെ ആദ്യമായി ഇന്ത്യക്കാര്‍ക്ക് അംബേദ്കര്‍ പരിചയപ്പെടുത്തുകയായിരുന്നു. വോട്ടവകാശമുള്ള പൗരത്വ സങ്കല്‍പത്തിന്റെ പ്രാധാന്യവും അംബേദ്കറിന്റെ സൗത്ബറോ കമ്മിറ്റിക്ക് മുമ്പാകെയുള്ള അവതരണത്തില്‍ രേഖപ്പെടുത്തിയിരുന്നു. സാമൂഹികമായ സര്‍വാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അസ്പൃശ്യരെയാണ് അംബേദ്കര്‍ പ്രതിനിധാനം ചെയ്തത്. വോട്ടവകാശം വിപുലപ്പെടുത്തേണ്ട ആവശ്യകതയാണ് സൗത്ത്ബറോ കമ്മിറ്റിയുടെ സവിശേഷ അജണ്ട. അതുവരെ വോട്ടവകാശം തുലോം പരിമിതപ്പെട്ടതായിരുന്നു. വിദ്യാസമ്പന്നര്‍ക്കും സ്വത്തുടമകള്‍ക്കും മാത്രമാണ് വോട്ടവകാശമുണ്ടായിരുന്നത്. പ്രാതിനിധ്യ ജനാധിപത്യം തന്നെയാണ് സാമൂഹിക അസമത്വങ്ങളെ അഭിസംബോധന ചെയ്യാന്‍ കെല്പുള്ള ഒരു ഭരണസംവിധാനമായി അംബേദ്കര്‍ കണ്ടത്. ബോള്‍ഷെവിക് മാതൃകയിലുള്ള കേന്ദ്രീകൃത ഭരണകൂട സങ്കല്പങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് വോട്ടവകാശത്തെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ മാതൃക തന്നെയാണ് അംബേദ്കര്‍ക്ക് അഭികാമ്യമായി അനുഭവപ്പെട്ടത്.

പ്രാതിനിധ്യ ജനാധിപത്യവും പൗരത്വം തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കിക്കൊണ്ട് ഡോ.അംബേദ്കര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരും ജനങ്ങളുടെ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം അടിവരയിടുന്നുണ്ട്. ഡോ.അംബേദ്കറെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ ജനാഭിപ്രായങ്ങള്‍ക്ക് യാതൊരു പ്രാതിനിധ്യവും ലഭിക്കുന്നില്ല. എന്നാല്‍, ജനകീയ സര്‍ക്കാര്‍ എന്ന് പറയുന്നത് ജനപ്രാതിനിധ്യമുള്ള സര്‍ക്കാരാണ്. ജനപ്രാതിനിധ്യമെന്നതുകൊണ്ട് അംബേദ്കര്‍ വ്യക്തമാക്കുന്നത് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിക്കുന്നതും ഇന്ത്യയിലെ വ്യത്യസ്ത സമുദായങ്ങളെയും സമൂഹങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരിനെയാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ജനതാത്പര്യം മുന്‍നിര്‍ത്തിയാണ് നിയമങ്ങള്‍ രൂപപ്പെടുത്തുന്നതെന്നുള്ള അവകാശവാദത്തിന്റെ പൊള്ളത്തരത്തെ തുറന്നുകാണിക്കുകകൂടിയായിരുന്നു അംബേദ്കര്‍. ജനഹിതം പ്രതിഫലിക്കണമെങ്കില്‍ സര്‍വജനത്തിന്റെയും പ്രാതിനിധ്യം ഉറപ്പാക്കണം. സര്‍വജനത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും മികച്ച മാതൃക സാര്‍വത്രിക വോട്ടവകാശം തന്നെ. ഏതാനും ചില വ്യക്തികളുടെ ഉദാരമനസ്‌കതയുടെ മേല്‍ വര്‍ത്തിക്കേണ്ടതല്ല ജനാധിപത്യം എന്ന അംബേദ്കറുടെ സൂക്ഷ്മധാരണയാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

ഈ കാഴ്ചപ്പാടിലേക്ക് അംബേദ്കറെ നയിക്കുന്നത് അസ്പൃശ്യ ജനവിഭാഗത്തെ പ്രതിനിധീകരിക്കാനും പ്രസ്തുത ജനവിഭാഗത്തിന്റെ ആഗ്രഹാഭിലാഷങ്ങളെ പ്രതിഫലിപ്പിക്കാനും ഈ സമൂഹത്തില്‍പ്പെട്ടവര്‍ക്ക് മാത്രമേ സാധിക്കൂ എന്നുറച്ചധാരണയാണ്. അസ്പൃശ്യ ജനവിഭാഗം നൂറ്റാണ്ടുകളോളം അനുഭവിക്കുന്ന സാമൂഹിക അസമത്വത്തെയും അപകര്‍ഷത്തെയും സാര്‍വത്രികവും പ്രതിനിധ്യാധിഷ്ഠിതമായ ജനാധിപത്യ സമ്പ്രദായത്തിലൂടെ നിയമ നിര്‍മാണ സഭകളിലേക്കെത്തിക്കുക എന്നതിലെ പ്രാധാന്യത്തെയാണ് അംബേദ്കര്‍ വ്യക്തമാക്കുന്നത്. പ്രാതിനിധ്യ സഭകളിലൂടെ നിരാലംബരായ ജനവിഭാഗങ്ങള്‍ക്ക് അനുകൂലമായ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തേണ്ടത് ബഹിഷ്‌കൃത ജനതയുടെ പ്രതിനിധ്യത്തിലൂടെ വേണമെന്നുള്ള നിഷ്‌കര്‍ഷയുമാണ് അംബേദ്കറിന്റെ നിലപാടില്‍ തെളിയുന്നത്. ജനതയുടെ സ്വയം നിര്‍ണയാവകാശത്തിന്റെ സവിശേഷ പ്രാധാന്യവും അംബേദ്കര്‍ സൗത്ത്ബറോ കമ്മിറ്റിയെ ബോധ്യപ്പെടുത്തുന്നുണ്ട്. പിന്നീട് ഭരണഘടനാപരമായ അവകാശമായി പ്രാതിനിധ്യം ജനാധിപത്യം മാറുമ്പോഴക്കും അംബേദ്കറുടെ ഈ വാദമുഖങ്ങളെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ കക്ഷികള്‍ ഉള്‍ക്കൊണ്ടിരുന്നു.

അംബേദ്കറുടെ ജനാധിപത്യത്തെക്കുറിച്ചുള്ള ദര്‍ശനത്തിന്റെ കാതല്‍ എന്ന് പറയുന്നത് സമത്വാധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയാണ്. അംബേദ്കര്‍ ചിന്തയെ ആഴത്തില്‍ പഠിച്ച അനുരാഗ് ഭാസ്‌കര്‍, ദ ഫോര്‍സൈറ്റഡ് അംബേദ്കര്‍ എന്ന പുസ്തകത്തില്‍ അംബേദ്കറുടെ ജനാധിപത്യ സങ്കല്പനത്തെക്കുറിച്ച് ഇങ്ങനെ നീരിക്ഷിക്കുന്നു: 'ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഗവണ്‍മെന്റ് എന്ന സങ്കല്‍പ്പം ജനങ്ങളെ പൗരന്മാരായിട്ടല്ല, മറിച്ച് ഭരിക്കപ്പെടേണ്ട പ്രജകളായിട്ടാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ജനകീയ ഗവണ്‍മെന്റ് ഒരു 'ഉടമ - പ്രജ' ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, തുല്യപങ്കാളിത്തം പ്രധാനമാണ്.' ഇടര്‍ച്ചകളും പ്രതിബന്ധങ്ങളുമുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതു തന്നെ സ്വാതന്ത്ര്യാനന്തരം സാര്‍വത്രിക വോട്ടവകാശവും ജനാധിപത്യ പ്രാതിനിധ്യവും പൂനാ കരാറിനുശേഷം ഗാന്ധിജിയുമായുള്ള സന്ധിയിലൂടെ സംവരണ മണ്ഡലവും പ്രയോഗത്തില്‍ വരികയും ജനാധിപത്യം ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിനിധീകരിക്കാന്‍ കെല്പുള്ളതായി രൂപപ്പെടുകയുമായിരുന്നു. നിയമനിര്‍മാണസഭകളിലെ പ്രാതിനിധ്യം മാത്രമല്ല വികസന കാര്യങ്ങളിലും തുല്യമായ പ്രാതിനിധ്യം വേണമെന്നുള്ള ധാരണയിലേക്ക് ഇന്ത്യന്‍ ജനാധിപത്യം ജനകീയ പ്രക്ഷോഭങ്ങളിലൂടെ വികസ്വരമാവുകയായിരുന്നു.

അംബേദ്കര്‍ ഉയര്‍ത്തിയ പ്രതിനിധാന ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തിന് വന്‍കുതിപ്പുണ്ടായത് സാമൂഹികനീതിയുടെ രാഷ്ട്രീയം എണ്‍പതുകളുടെ ഒടുക്കത്തോടെ മണ്ഡല്‍ കമീഷന്‍ നടപ്പാക്കപ്പെടുന്നതോടെയാണ്. സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ ചെറുക്കാന്‍ എന്ന നിലയില്‍ കൂടിയാണ് മണ്ഡലിനെതിരെ കമണ്ഡലുവിന്റെ രാഷ്ട്രീയം ഉത്തരേന്ത്യയില്‍ ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്നത്. ഉത്തര്‍പ്രദേശിലും ബീഹാറിലും ശക്തമായ പ്രഭാവം ചെലുത്തിയ കന്‍ഷിറാമിന്റെയും മുലായം സിങ് യാദവിന്റെയും കീഴാള സാഹിബ് എന്ന് വിളിക്കപ്പെട്ട ലാലുവിന്റെയും രാഷ്ട്രീയ മുന്നേറ്റത്തെ 'ഇന്ത്യയുടെ നിശബ്ദ വിപ്ലവ'മെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. മായാവതിയുടെ ബിഎസ്പിയും മുലായത്തിന്റെ എസ്പിയുമായ സഖ്യം കോണ്‍ഗ്രസ്സിന്റെ വേരറുക്കുകയും ചെയ്തു. എങ്കിലും ആ സഖ്യം അധികകാലം നീണ്ടില്ല. മായാവതി പിന്നീട് മുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ ദളിത് പിന്നാക്ക രാഷ്ട്രീയം രണ്ടായിരം പകുതി പിന്നിട്ടതോടെ പരാജയത്തിലേക്ക് നീങ്ങുന്നതാണ് കാണുന്നത്. 

ദളിത് പ്രസ്ഥാനം തന്നെ വിഘടിതമായി. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം സേന മായാവതിയുടെ ബിഎസ്പിക്ക് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി. സാമൂഹിക നീതിയുടെ രാഷ്ട്രീയം പയ്യെ മങ്ങാന്‍ തുടങ്ങുകയായിരുന്നു, ഈ ഘട്ടത്തിലാണ് ബിഎസ്പി ചെന്നെത്താത്ത അതിദുര്‍ബല ദളിത് വിഭാഗങ്ങളിലേക്ക് ആസൂത്രിതമായി തന്നെ ജാതി എഞ്ചിനീറിങ്ങിന്റെ ഭാഗമായി ബിജെപി ചെല്ലുന്നത്. ചാമാര്‍ വിഭാഗം ഒഴിച്ചുള്ള അതിപിന്നാക്കമായ ദളിത് വിഭാഗങ്ങളുടെ വോട്ട് ബിജിപിക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. അമിതസ്വത്ത് സമ്പാദനത്തിന് അന്വേഷണം നേരിടേണ്ടി വന്ന മായാവതി രാഷ്ട്രീയം പ്രതിപക്ഷ ശക്തിയെ ഭിന്നിപ്പിക്കുന്നതിലേക്ക് ചുരുങ്ങി. സാമൂഹിക നീതിയുടെ പ്രതിനിധാന രാഷ്ട്രീയത്തിന്റെ പിന്നോട്ടടിയാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിനും പ്രതിനിധാന ജനാധിപത്യത്തിന്റെ ദുര്‍ബലപ്പെടലിന്റെയും ആദ്യ ലക്ഷണം. എന്നാല്‍ ഈ തിരിച്ചറിവിന്റെ അഭാവത്തില്‍ പ്രതിരോധം ഉയര്‍ത്താനുള്ള ശേഷിയുണ്ടായിട്ടും ബിഎസ്പി ദുര്‍ബലപ്പെടുന്ന ചിത്രമാണ് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നത്.

പ്രതിനിധാന ജനാധിപത്യം അഭിമുഖീകരിക്കുന്ന മറ്റൊരു സങ്കീര്‍ണ പ്രശ്‌നമാണ് മുസ്ലീം പ്രതിനിധ്യത്തിന് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചിരിക്കുന്ന ഇടിവ്. 2022 ശേഷം 1947 ന് ശേഷം ആദ്യമായാണ് ഒരു മുസ്ലീം പ്രതിനിധി പോലുമില്ലാത്ത കേന്ദ്ര സര്‍ക്കാരുണ്ടാകുന്നത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് മുസ്ലീം പ്രാതിനിധ്യം കുറഞ്ഞു വരികയാണെന്നാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ 14 ശതമാനം വരുന്ന ഏറ്റവും വലിയ ന്യുനപക്ഷ വിഭാഗമാണ് ഈ നിലയില്‍ അധികാരത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. മുലായം സിങ് മുന്നോട്ടുവെച്ച് വിജയിപ്പിച്ച മുസ്ലീം-യാദവ് ഐക്യ മുന്നണിയും നാമാവശേഷമാവുകയായിരുന്നു. ഇതെല്ലം തന്നെ പ്രതിനിധാന ജനാധിപത്യത്തെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നു. മുസ്ലീം പ്രാതിനിധ്യമില്ലാതെയാണ് യുപിയില്‍ ബിജെപി ഭരിച്ചിരുന്നത്. 18 ലോകസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി പ്രഖ്യാപിച്ച 400 സീറ്റുകളില്‍ മലപ്പുറത്ത് മത്സരിക്കുന്ന ഡോ.അബ്ദുള്‍ സലാമാണ് ഏക മുസ്ലീം സ്ഥാനാര്‍ഥി. 

സാമൂഹിക നീതിയുടെ അജണ്ട ബിജെപിക്ക് പ്രസക്തമല്ലെങ്കില്‍ കൂടി പിന്നാക്ക ജനവിഭാഗത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയുകയും മുന്നണി സമവാക്യങ്ങളില്‍ ഇത് ഗുണം ചെയ്യുമെന്ന തിരിച്ചറിവാണ് സോഷ്യലിസ്റ്റ് നേതാവും ആദ്യമായി ഒബിസി സംവരണം നടപ്പാക്കിയ കര്‍പൂരി താക്കൂറിനു ഭാരതരത്‌നം സമ്മാനിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ ഇടം കണ്ട ജാതി സര്‍വേ എന്ന സാമൂഹിക നീതിയുടെ ഉപാധിയെ ലീഗ് -ഇടതുപക്ഷ വിരചിതമായ മാനിഫെസ്റ്റോ എന്ന പരിഹാസത്തോടെയാണ് പ്രധാന മന്ത്രി തന്നെ നേരിട്ടത്. ഡോ.അംബേദ്കര്‍ മുന്നോട്ട് വെച്ച സാര്‍വത്രിക വോട്ടവകാശവും പ്രതിനിധാന ജനാധിപത്യവും തിടം വെയ്ക്കുന്നത് സാമൂഹിക നീതിയുടെ രാഷ്ട്രീയമായി ഇത് ആവിഷ്‌കൃതമാകുമ്പോഴാണ്. അത്തരത്തിലുള്ള പ്രതിനിധാനത്തിന്റെ അഭാവം പ്രകടമാകുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍. മാത്രമല്ല, ബിഎസ്പിയുടെയും അസദുദ്ധീന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ ഉത്തരേന്ത്യന്‍ സാന്നിധ്യമെല്ലാം ബിജെപി അനുകൂലമായി പ്രതിപക്ഷ വോട്ട് ചിതറിപ്പിക്കാനേ സഹായിക്കൂ എന്ന വിമര്‍ശനം ഏറെ പ്രസക്തവുമാണ്. ബിഎസ്പിയുടെ രാഷ്ട്രീയ തകര്‍ച്ച 2024 തിരഞ്ഞെടുപ്പില്‍ എപ്രകാരം പ്രതിഫലിക്കുമെന്നു സുധാ പൈയും സജ്ജന്‍ കുമാറും ചേര്‍ന്നെഴുതിയ മായാ, മോഡി, ആസാദ്: ദളിത് രാഷ്ട്രീയം ഹിന്ദുത്വ കാലത്തില്‍ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. അവര്‍ പറയുന്നത് ബിഎസ്പി ഉയര്‍ത്തിക്കൊണ്ടുവന്ന ദളിത് രാഷ്ട്രീയം മാറ്റങ്ങള്‍ക്ക് വഴിവെച്ചുവെങ്കിലും പുതിയ രാഷ്ട്രീയ വ്യാകരണത്തില്‍ ബിഎസ്പി ഒഴിഞ്ഞയിടത്തേക്കാണ് ബിജെപി കയറിവരുന്നത്. ബിഎസ്പിയെ സംബന്ധിച്ചടത്തോളം രാഷ്ട്രീയമായി അതൊരുപക്ഷേ അവസാനമായിരിക്കുകയില്ല എങ്കിലും എണ്‍പതുകളില്‍ ഉയര്‍ന്നുവന്ന ദളിത് രാഷ്ട്രീയത്തിനു അന്ത്യംകുറിച്ചിരിക്കുന്നു ബിജെപിയുടെ മുന്നേറ്റം. ജനപ്രാതിനിധ്യത്തെക്കുറിച്ചുള്ള പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. 

Content Highlights: ambedkar jayanthi