കേസിൽ സിബിഐ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നുവെന്ന സൂചനയുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ

കുംഭകോണങ്ങളും അഴിമതിയും ഇന്ത്യന്‍ ജനതയ്ക്കു പുതിയ കാര്യമല്ല. രാഷ്ട്രീയ-ഉദ്യോഗസ്ഥവര്‍ഗം ജനാധിപത്യ സംവിധാനത്തെ നിഷ്‌ക്രിയമാക്കി നടത്തുന്ന ഓരോ അഴിമതിയും രാജ്യത്തിനുണ്ടാക്കുന്ന നാണക്കേട് വിവരണാതീതം. അധികാരവും പണവുമുപയോഗിച്ച് തെളിവുകള്‍ ഇല്ലാതാക്കപ്പെടുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നു എന്നതാണ് അഴിമതി കേസുകളുടെ ബാക്കിപത്രം. നാണക്കേടിന്റെ കുംഭകോണത്തിലേക്ക് ഒരധ്യായം കൂടി. അതായിരുന്നു മധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം കുംഭകോണം.
2013ലാണ് വ്യാപം അഴിമതിയെക്കുറിച്ച് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞത്. മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാമണ്ഡല്‍ അഥവാ വ്യാപം നടത്തിയ പരീക്ഷകളിലും നിയമനങ്ങളിലും നടന്ന ക്രമക്കേടുകളും തട്ടിപ്പുമാണ് കുംഭകോണത്തിന് ആധാരം. നിയമനം ലഭിക്കാനും പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള പ്രവേശനപരീക്ഷ കുറുക്കുവഴിയിലൂടെ പാസാകാനും 2000 കോടി രൂപ കൈക്കൂലിയായി ഒഴുകി. ഇന്‍ഡോറിലെ ഒരു സംഘം ട്യൂട്ടോറിയല്‍ ഉടമകളുടെ ബുദ്ധിയിലുദിച്ച കുംഭകോണത്തിന് മന്ത്രിമാര്‍-രാഷ്ട്രീയ നേതാക്കള്‍- ഉദ്യോഗസ്ഥര്‍- മാഫിയ സംഘങ്ങള്‍ എന്നിവര്‍ തണലേകി. പണത്തിന്റെ സ്വാധീനത്തില്‍ അനര്‍ഹര്‍ സര്‍ക്കാര്‍ തസ്തികകളില്‍ കയറിപ്പറ്റി. കഴിവും അഭിരുചിയും ഇല്ലാത്തവര്‍ ഡോക്റ്റര്‍മാരും എഞ്ചിനീയര്‍മാരുമായപ്പോള്‍ കായികക്ഷമതയും ബുദ്ധിയുമില്ലാത്തവര്‍ പോലീസുകാരും വനപാലകരുമായി. അനന്തരം വ്യാപം സൃഷ്ടിച്ചത് സംസ്ഥാനത്ത് മൂന്നുതരം യുവതയെ. വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴില്‍ കിട്ടാത്തവര്‍, പണത്തിന്റേയും അധികാരത്തിന്റേയും തണലില്‍ സര്‍ക്കാര്‍ ഉദ്യോഗവും ഉന്നത വിദ്യാഭ്യാസവും നേടിയവര്‍, കളളത്തരം ചെയ്യാന്‍ മാഫിയകള്‍ക്കു വേണ്ടി ആള്‍മാറാട്ടം നടത്തിയവര്‍.
വ്യാപത്തിന്റെ ഉളളറ തേടി മധ്യപ്രദേശിലേക്ക് യാത്ര ചെയ്യുമ്പോൾ ആശങ്കയായിരുന്നു. കാരണം വ്യാപം വെറുമൊരു അഴിമതിയോ തട്ടിപ്പോ അല്ലെന്ന് ഭോപ്പാലിലെ മാധ്യമ സുഹൃത്തുക്കൾ മുന്നറിയിപ്പ് തന്നിരുന്നു. മരണക്കെണിയാണ്. സത്യം തേടി പോയ മാധ്യമ പ്രവർത്തകനായ അക്ഷയ് സിങ്ങിന്റെ മരണം മധ്യപ്രദേശിലെ മാധ്യമ പ്രവർത്തകരേയും ഭീതിയിലാഴ്ത്തിയിരുന്നു. എന്തായാലും അഴിമതിയുടെ സത്യാവസ്ഥ എന്തെന്നറിയാൻ തന്നെ തീരുമാനിച്ചു. ആദ്യമെത്തിയത് ഇൻഡോറിലായിരുന്നു. അഴിമതി വിരുദ്ധ പ്രവര്‍ത്തകനും കേസിലെ മുഖ്യ പരാതിക്കാരിൽ ഒരാളുമായ ഡോ ആനന്ദ് റായിയെ കാണുകയായിരുന്നു ലക്ഷ്യം. ഇന്‍ഡോര്‍ പ്രസ് ക്ലബ്ബിലിരുന്ന് ആനന്ദ് റായ് വ്യാപത്തിന്റെ കഥ പറഞ്ഞു. സിനിമാ തിരക്കഥയെ വെല്ലുന്ന കഥ.
സര്‍ക്കാര്‍ സര്‍വീസിലേക്ക് പിഎസ് സി നടത്തുന്ന പരീക്ഷകള്‍ക്കും നിയമനങ്ങള്‍ക്കും പുറമെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള പ്രവേശനത്തിനും നിയമനത്തിനുമായി 1970ലാണ് വ്യാപം സ്ഥാപിച്ചത്. 90കളില്‍ വ്യാപത്തിനെതിരേ വ്യാപകപരാതി ഉയര്‍ന്നെങ്കിലും അന്നത് കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. കുംഭകോണത്തിനു ചുക്കാന്‍ പിടിച്ചവരുടെ രാഷ്ട്രീയസ്വാധീനമായിരുന്നു കാരണം. 2009ല്‍ കഥാപാത്രങ്ങള്‍ക്കു മാറ്റമുണ്ടായില്ലെങ്കിലും കഥ മാറി. കുംഭകോണവുമായി ബന്ധമുളളവരുടെ ദൂരുഹമരണങ്ങള്‍ വ്യാപത്തെ മാധ്യമ ശ്രദ്ധയിലെത്തിച്ചു. 1995ലെ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് 2000ല്‍ ആദ്യ കേസെടുത്തു. 2004ല്‍ ഏഴ് കേസുകള്‍കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങി. ഫുഡ് ഇന്‍സ്പെക്ടർ സെലക്ഷന്‍ ടെസ്റ്റ്, മില്‍ക്ക് ഫെഡറേഷന്‍ പരീക്ഷ, സുബേദാര്‍ സബ് ഇന്‍സ്പെക്റ്റര്‍- പ്ലാറ്റൂണ്‍ കമാന്‍ഡര്‍ സെലക്ഷന്‍ ടെസ്റ്റ്, പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനപരീക്ഷ എന്നിവയിലും വ്യാപക ക്രമക്കേടുണ്ടായി.
2003-2007 പഠനകാലത്ത് മെഡിക്കല്‍ പ്രവേശനപരീക്ഷകളിലുണ്ടായ ക്രമക്കേടുകളെക്കുറിച്ചുളള അന്വേഷണം ആനന്ദ് റായിയെ എത്തിച്ചത് ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക്. 2009ല്‍ റായ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തുറന്നുവിട്ടത് വലിയൊരു അഴിമതി ഭൂതത്തെയായിരുന്നു. പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്റ്റര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. 2011ല്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷയില്‍ തട്ടിപ്പുനടത്തിയ 280ലേറെ പേര്‍ അറസ്റ്റിലായി. കുംഭകോണത്തിന് ദേശീയശ്രദ്ധ ലഭിക്കുകയും പ്രതിഷേധം വ്യാപമാകുകയും ചെയ്തതോടെ 2012ല്‍ കേസ് അന്വേഷിക്കാന്‍ ടാസ്‌ക് ഫോഴ്സിനു സര്‍ക്കാര്‍ രൂപം നല്‍കി. 2013ല്‍ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ ജഗദീഷ് സാഗര്‍ അറസ്റ്റിലായി. ഇതോടെ പരീക്ഷയെഴുത്തിന്റെ ഉളളുകളികള്‍ പുറത്തായി.
പ്രീമെഡിക്കല്‍ പ്രവേശന പരീക്ഷാക്രമക്കേട് അന്വേഷിക്കാന്‍ 2009ല്‍ പ്രത്യേകസമിതി രൂപീകരിച്ചതോടെ ദുരൂഹമരണങ്ങളാരംഭിച്ചെന്ന് ആനന്ദ് റായ് പറഞ്ഞു. പ്രതികള്‍, ആരോപണവിധേയര്‍, സാക്ഷികള്‍, ഇടനിലക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍. ദുരൂഹമരണങ്ങളുടെ പട്ടിക നീണ്ടു. കുംഭകോണവുമായി ബന്ധമുളളവരെ തെളിവ് നശിപ്പിക്കാൻ അദൃശ്യശക്തികള്‍ വകവരുത്തി എന്നായിരുന്നു അന്വേഷണ ഉദ്യോഗസഥരുടെ നിഗമനം. എന്നാൽ കൊലപാതകികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. റോഡ് അപകടങ്ങള്‍, മദ്യം, വിഷം. മരണകാരണങ്ങള്‍ വ്യത്യസ്തം. സ്വയം ജീവനൊടുക്കി ചിലര്‍ വിസ്മൃതിയിലായി. ഉദ്യോഗാര്‍ഥികള്‍ക്കും വ്യാപത്തിനുമിടയില്‍ ദല്ലാളായി പ്രവര്‍ത്തിച്ച വികാസ് സിങ്ങിന്റെ മരണമായിരുന്നു തുടക്കമെന്ന് ആനന്ദ് റായ് പറഞ്ഞു. 2009 നവംബറില്‍ മദ്യംകഴിച്ച് കുഴഞ്ഞുവീണ വികാസ് സിങ്ങ് മരിച്ചു. മരുന്നിന്റെ റിയാക്ഷനാണ് മരണകാരണമെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതി. പിന്നീടിങ്ങോട്ട് റോഡ് അപകടങ്ങളും ആത്മഹത്യകളും 40ലധികം പേരുടെ ജീവനെടുത്തു. മധ്യപ്രദേശ് മരണപ്രദേശായി.
സംശയാസ്പദമായ സാഹചര്യത്തിലായിരുന്നു 18പേരുടെ മരണമെന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ അജയ് ദുബെ സംശയത്തിനിടയില്ലാതെ പറഞ്ഞു. ആനന്ദ് റായിക്കൊപ്പം വ്യാപം കേസില്‍ സത്യം തേടിയുളള യാത്രയിലെ മറ്റൊരു കണ്ണിയായിരുന്നു അജയ് ദുബെ. 11 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. മദ്യം കഴിച്ചായിരുന്നു മൂന്ന് പേരുടെ മരണം. അഞ്ചിലധികമാളുകള്‍ ആത്മഹത്യ ചെയ്തു. 25നും 30നും ഇടയില്‍ പ്രായമുളളവരാണ് മരിച്ചവരില്‍ ഏറെയും. മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുപ്രകാരം 32 പേരുടേത് ദുരൂഹ മരണമായിരുന്നു. 2013ല്‍ പ്രത്യേക ദൗത്യസംഘം ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്ന് തെളിയിക്കാനായില്ല. കുംഭകോണത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-മന്ത്രി-മാഫിയ സംഘവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളാണ് കൂടുതലും ദുര്‍മരണപ്പെട്ടത്. പ്രവേശനപരീക്ഷാക്രമക്കേടിന്റെ നിരവധി തെളിവുകള്‍ കയ്യിലുണ്ടായിരുന്ന ജബല്‍പൂര്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡി.കെ സകല്ലെ, ഡോക്ടർ അരുണ്‍ ശര്‍മ്മ, ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവ് എന്നിവരാണ് മരിച്ചവരില്‍ പ്രമുഖര്‍.
കൊല്ലപ്പെട്ട നമ്രത ദാമോദറിന്റെ കുടുംബത്തെ തേടിയാണ് ജാബുവയിലെത്തിയത്. ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ജില്ല. മൊട്ടക്കുന്നുകളും വനവും കടന്നുവേണം ജാബുവയിലെത്താന്‍. വിജനമായ വഴികളിലൂടെയായിരുന്നു യാത്ര. ഏറെ സമയത്തെ അലച്ചിലിനുശേഷം നമ്രതയുടെ പിതാവ് മെഹ്ത്താബ് ദാമോദറിനെ കണ്ടെത്തി. 2012 ജനുവരി 7നു വീട്ടില്‍ നിന്നും കാണാതായ നമ്രതയുടെ മൃതദേഹം പിറ്റേന്ന് ഉജ്ജയിനിലെ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് നമ്രതയുടെ ഫോണിലേക്ക് വ്യാപവുമായി ബന്ധമുളളവരുടെ കോളുകള്‍ വന്നത് ദൂരൂഹത വര്‍ധിപ്പിച്ചിരുന്നു. നമ്രത ബലാത്സംഗത്തിന് ഇരയായെന്നും മരണം കൊലപാതകമാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായിരുന്നെങ്കിലും ഇതെല്ലാം പൊലീസ് അവഗണിച്ചു. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ക്രമക്കേട് നടത്തിയതിന് നമ്രതക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ കോളേജില്‍ നിന്നും അവരെ പുറത്താക്കി. നമ്രത പണത്തിനായി മാഫിയയ്‌ക്കൊപ്പം ചേര്‍ന്ന മറ്റൊരാള്‍ക്കു വേണ്ടി പ്രവേശന പരീക്ഷ എഴുതി എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പഠിക്കാന്‍ മിടുക്കിയായ നമ്രത കഠിനാധ്വാനത്തിലൂടെയാണ് മെഡിക്കല്‍ പ്രവേശനപരീക്ഷ പാസായതെന്ന് ദാമോദര്‍ പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഗ്വാളിയോറിലെ നാരായണ്‍ സിങ് ബദൂരിയേയും വീട്ടിൽ പോയി കണ്ടു. ബദൂരിയയ്ക്ക് വ്യാപം നഷ്ടമാക്കിയത് സ്വന്തം മകനേയും ഭാര്യയേയുമായിരുന്നു. മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ തട്ടിപ്പുനടത്തിയെന്ന് ആരോപണം നേരിട്ട മകന്‍ രാമേന്ദ്രസിങ് ആത്മഹത്യ ചെയ്തു. പിന്നാലെ ഇയാളുടെ ഭാര്യയും ജീവനൊടുക്കി. രാമേന്ദ്ര സിങ്ങിന് കുംഭകോണത്തില്‍ പങ്കില്ലെന്ന് തെളിഞ്ഞെങ്കിലും കണ്ണീരണിഞ്ഞ ഓര്‍മ്മകളില്‍ ജീവിക്കാൻ തന്നെയായിരുന്നു അറുപതുകാരനായ നാരായണ്‍ സിങ്ങിന്റെ വിധി. ഗ്വാളിയോറില്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ ആശിഷ് ചതുര്‍വേദിയുടെ ഇടപെടല്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പടെ 450ഓളം ഉദ്യോഗസ്ഥരെ അഴിക്കുളളിലാക്കി. അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധിക്കുന്ന ഡോക്റ്ററുടെ കഴിവിലും വൈദഗധ്യത്തിലുമുണ്ടായ സംശയം 26കാരനെ വ്യാപത്തിന്റെ ചുരളഴിക്കാന്‍ പ്രേരിപ്പിച്ചു. ചതുർവേദിയുടെ മെഡിക്കൽ ചോദ്യങ്ങൾക്കു മുന്നിൽ ഡോക്ടർ വിയർത്തു.
പ്രശാന്ത് പാണ്ഡെ എന്ന സോഫ്റ്റ്വെയര് വിദഗ്ധനും അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചു. എസ്ടിഎഫിനെ സഹായിക്കുകയും വിദ്യാഭ്യാസമന്ത്രി ലക്ഷ്മീകാന്ത് ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതിനു തെളിവുകള്‍ ശേഖരിക്കുകയും ചെയ്തത് പ്രശാന്ത് പാണ്ഡെയായിരുന്നു. കുംഭകോണത്തിലെ വന്‍കിടക്കാരെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നില്‍ പാണ്ഡെയാണെന്ന് ആരോപിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ജയിലിലടച്ചെങ്കിലും കോടതി പാണ്ഡെയ്ക്കു ജാമ്യം അനുവദിച്ചു. അഴിമതി വിരുദ്ധ പ്രവര്‍ത്തനം എത്രമാത്രം ദുര്‍ഘടമാണെന്ന് നാലുപേരും തിരിച്ചറിഞ്ഞു. ജീവനു ഭീഷണി ഉയര്‍ന്നതോടെ പൊലീസ് സംരക്ഷണയിലാണ് ഇപ്പോള്‍ ഇവരുടെ ജീവിതം.
പ്രധാനമായും നാല് രീതിയിലാണ് പരീക്ഷയില്‍ കൃത്രിമം നടന്നത്. ഉദ്യോഗാര്‍ഥിക്കുപകരം മറ്റൊരാള്‍ പരീക്ഷ എഴുതും. ഇതിനായി ഉദ്യോഗാര്‍ഥിയുടേയും വ്യാജന്റേയും ഫോട്ടോകള്‍ മാറ്റി ഒട്ടിക്കും. പണം നല്‍കിയ ഉദ്യോഗര്‍ഥികള്‍ക്കു കോപ്പിയടിക്കാന്‍ അവസരം ഒരുക്കുന്നതാണ് മറ്റൊരു രീതി. ഒഎംആര്‍ ഷീറ്റ് ഉത്തരം എഴുതാതെ തിരിച്ചേല്‍പ്പിക്കുകയും പിന്നീട് ഉദ്യോഗസ്ഥരോ ഏജന്റുമാരോ പൂരിപ്പിക്കുന്നതും പതിവായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തിയും കുംഭകോണ മാഫിയ തഴച്ചുവളര്‍ന്നു.
എസ്ടിഎഫ് സമര്‍പ്പിച്ച പ്രഥമ കുറ്റപത്രത്തില്‍ പേരുണ്ടായിരുന്ന 34 പേരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളും രക്ഷിതാക്കളുമായിരുന്നു. ആദ്യം വേഗത്തിലായിരുന്ന അന്വേഷണം രാഷ്ട്രീയനേതാക്കളിലേക്കും മന്ത്രിമാരിലേക്കും നീണ്ടതോടെ വഴിമുട്ടി. കേസില്‍ സിബിഐ അന്വേഷണം തളളിയ മധ്യപ്രദേശ് ഹൈക്കോടതി എസ്ടിഎഫ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ എസ്ഐടിക്ക് രൂപം നല്‍കി. 2012 ജൂണില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ലഷ്മികാന്ത് ശര്‍മ്മ അറസ്റ്റിലായി. അധ്യാപക- പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തില്‍ ശര്‍മ്മ കോഴ വാങ്ങിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനു കുംഭകോണത്തില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമായി. അന്ന് ശിവ് രാജ് സിങ് ചൗഹാനായിരുന്നു മുഖ്യമന്ത്രി.
ഉന്നത ഉദ്യോഗസ്ഥന്‍ ഒപി ശുക്ല, കംട്രോളര്‍ പങ്കജ് ത്രിവേദി, ഖനന വ്യവസായി സുധീര്‍ ശര്‍മ്മ, ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍ കെ ഷിവാരെ, റവന്യു ജോയിന്റ് കമ്മീഷണര്‍ രവികാന്ത് ദ്വിവേദി എന്നിവരും അറസ്റ്റിലായി. പ്രോഗ്രാമര്‍ സി കെ മിശ്ര, സിസ്റ്റം അസിസ്റ്റന്റ് നിതിന്‍ മഹീന്ദ്ര തുടങ്ങി വ്യാപത്തിലെ ഉദ്യോഗസ്ഥര്‍, ഡോക്റ്റര്‍മാര്‍, പരീക്ഷയെഴുതിയ അപരന്മാര്‍, നിയമനം നേടിയ ഉദ്യോഗാര്‍ഥികള്‍, പൊലീസുകാര്‍, അധ്യാപകര്‍, ക്രിമിനലുകള്‍ തുടങ്ങി ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്തു. ഫോറസ്റ്റ് ഗാര്‍ഡ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ അന്നത്തെ ഗവര്‍ണര്‍ രാംനരേഷ് യാദവിന് പങ്കുണ്ടെന്ന് എസ്ടിഎഫ് കണ്ടെത്തി. യാദവ് ഉദ്യോഗാര്‍ഥികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും തെളിഞ്ഞിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഗവര്‍ണറെന്ന നിലയിലുളള നിയമപരിരക്ഷ യാദവിനെതിരായ നടപടികള്‍ക്കു തടസമായി. എസ്ഐടിയുടെ കണക്കുപ്രകാരം 125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിങ്ങിന്റെ മരണമാണ് വ്യാപം കുംഭകോണത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാക്കിയത്. ജൂലായ് 4ന് നമ്രതാദാമോറിന്റെ കുടുംബാംഗങ്ങളുമായി അഭിമുഖം നടത്താനാണ് അക്ഷയ് സിങ്ങ് ജാബുവയിലെത്തിയത്. നമ്രതയുടെ വീട്ടിലേക്കുളള യാത്രാമധ്യേ അക്ഷയ് സിങ് ഒരു ചായ കുടിച്ചിരുന്നു. നമ്രതയുടെ പിതാവുമായി സംസാരിച്ചു കൊണ്ടിരിക്കെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. മരണസമയത്ത് ശരീരം വിയര്‍ക്കുകയും വായില്‍ നിന്നും നുരയും പതയും വന്നിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അക്ഷയ് സിങ്ങിനെ കൊലപ്പെടുത്തി എന്നാണ് പൊതുവെയുളള അടക്കം പറച്ചില്‍. ശരീരത്തെ സാവധാനത്തില്‍ ബാധിക്കുന്ന വിഷം അക്ഷയ് സിങ്ങിന്റെ ശരീരത്തിനുളളില്‍ ചെന്നിരിക്കാമെന്നു കരുതുന്നവരും നിരവധി. എന്നാല്‍ നാടന്‍ ചാരായം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. വ്യാപം കുംഭകോണത്തിന്റെ ഉളളറകള്‍ തേടിയുളള യാത്രയിലായിരുന്നു അക്ഷയ് സിങ്. ചില മന്ത്രിമാര്‍ക്കെതിരായ തെളിവുകള്‍ അക്ഷയ് സിങ്ങിന്റെ പക്കലുണ്ടായിരുന്നുവെന്നും ഇത് പുറത്തുവരാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നും ആരോപണമുയർന്നിരുന്നു. 'സൂക്ഷിക്കണം' നമ്രതയുടെ വീട് തേടി പോകുമ്പോൾ അയൽക്കാർ ഞങ്ങൾക്കു നൽകിയ മുന്നറിയിപ്പ് നൽകിയിരുന്നു. അക്ഷയ് സിങ്ങിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. ജാബുവയിലെ ആ വീട്ടു മുറ്റത്ത് നിൽക്കുമ്പോൾ ഭയം തോന്നാതിരുന്നില്ല.
മാധ്യമ പ്രവർത്തകന്റെ ദുരൂഹ മരണത്തിനു പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പ്രതിപക്ഷപാര്‍ട്ടികള്‍ തെരുവിലിറങ്ങി. ബിജെപി സംസ്ഥാന ഘടകത്തിലും പ്രതിഫലനമുണ്ടായി. ശിവ് രാജ് സിങ് ചൗഹാനെതിരേ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. സുപ്രീംകോടതി ഇടപെടുമെന്ന ഘട്ടം വന്നപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ദുരൂഹ മരണങ്ങളും എസ്ഐടി അന്വേഷണത്തിലെ പോരായ്കളും തിരിച്ചറിഞ്ഞ സുപ്രീംകോടതി കേസ് സിബിഐയോട് ഏറ്റെടുക്കാൻ നിർദേശിച്ചു. നാലംഗ അഴിമതിവിരുദ്ധസംഘത്തിന്റെ പോരാട്ടം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹന്‍, ഭാര്യ സാധാന സിങ്ങ് എന്നിവര്‍ക്കൊപ്പം ആര്‍എസ്എസ്, ബിജെപി നേതാക്കളെയും മുള്‍മുനയിലാക്കി.
ദിഗ് വിജയ് സിങ്ങിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപം നല്‍കിയ വ്യാപത്തിലൂടെ നേട്ടം കൊയ്യാന്‍ ഭാഗ്യമുണ്ടായത് ബിജെപിക്കാണ്. ഉമാഭാരതിക്കു പകരം ശിവരാജ് സിങ്ങ് ചൗഹാന്‍ മുഖ്യമന്ത്രിയായതോടെ വ്യാപം പടര്‍ന്നു പന്തലിച്ചു. മുഖ്യമന്ത്രിയുടെ ഭാര്യ സാധന സിങ്ങിനെ കേന്ദ്രീകരിച്ചുളള ഉപജാപകസംഘം ഇതിനു വളമിട്ടുവെന്നായിരുന്നു പൊതുവെയുളള ആരോപണം. ബിജെപി നേതാവായിരുന്ന സാധന സിങ് പ്രമോദ് മഹാജന്റെ അടുത്ത ആളായിരുന്നു. സാധാന സിങ് ജീവിതത്തിലേക്ക് വന്നതോടെ ശിവരാജ് സിങ്ങ് ചൗഹാന്റെ ഭാഗ്യം തെളിഞ്ഞു. കുറ്റാരോപിതര്‍ നല്‍കിയ വിവരപ്രകാരം എസ്ടിഎഫ് തയ്യാറാക്കിയ എഫ്ഐആറില്‍ സൂചിപ്പിച്ചിരുന്ന മന്ത്രാണി സാധാന സിങ്ങാണെന്നും പറയപ്പെടുന്നു. മന്ത്രാണി ആരാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നില്ല. സാധാന സിങ്ങിനും ആര്‍എസ്എസ് നേതാവ് സുരേഷ് സോണിക്കും കുംഭകോണത്തില്‍ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുധീര്‍ ശർമ്മയുമായി സംഘപരിവാര്‍ നേതാക്കള്‍ക്കു ബന്ധമുണ്ടെന്ന തെളിവു പുറത്തു വന്നതും ബിജെപിയെ പ്രതിരോധത്തിലാക്കി. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രഭാത് ഝാ, രാജ്യസഭാംഗം എ.പി ദാവേ എന്നിവര്‍ക്കെതിരായ തെളിവുകള്‍ ആദായനികുതി വകുപ്പാണ് പുറത്തുവിട്ടത്. കുംഭകോണം പാര്‍ട്ടി സംസ്ഥാനഘടകത്തിലും പുതിയ ചേരിപ്പോരിനു വഴിവച്ചു. മന്ത്രി കൈലാഷ് വിജയ് വര്‍ഗീയയുടെ നേതൃത്വത്തിലുളള നരേന്ദ്രമോദി പക്ഷം ഒളിഞ്ഞും തെളിഞ്ഞും ചൗഹാനെതിരേ രംഗത്തെത്തി. എന്നാല്‍ ആര്‍എസ്എസിന്റെ ആശിര്‍വാദം മുഖ്യമന്ത്രിക്ക് ആശ്വാസമായി. ജനപ്രിയനായ മറ്റൊരു നേതാവില്ലാത്തത് ചൗഹാനു ഗുണംചെയ്തു എന്നു വേണം പറയാൻ.
വ്യാപം കുംഭകോണം കേവലമൊരു അഴിമതിയായി ഒതുക്കാനാവില്ല. നരഹത്യയും മനുഷ്യനു നേരെയുളള ദയാരഹിതമായ കടന്നുകയറ്റവുമുണ്ടാക്കിയ ഭീതിദമായ അവസ്ഥയാണിത്. തെളിവു നശിപ്പിക്കാനായി മരണങ്ങള്‍ സൃഷ്ടിക്കുന്നവരുടെ സമ്പത്തിനോടുളള ആര്‍ത്തിയും ചൂക്ഷണ മനോഭാവവും മധ്യപ്രദേശിന്റെ വിദ്യാഭ്യാസ- തൊഴില്‍ മേഖലയ്ക്കു കളങ്കമായി. വ്യാപത്തിന്റെ പരീക്ഷയിലൂടെ പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടിയ നിരപരാധികള്‍ ഉള്‍പ്പടെയുളള വിദ്യാര്‍ഥികള്‍ ഇന്നും സംശയത്തിന്റെ നിഴലിലാണ്. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും തൊഴില്‍ തേടുന്നവര്‍ക്കു വ്യാപമെന്ന അവിശ്വാസം വിനയുമായി.
സിബിഐ അന്വേഷിക്കുന്ന വ്യാപം കേസ് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ശിവ് രാജ് സിങ് ചൗഹാൻ മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലുണ്ട്. 2018ൽ കോഴിക്കോട് നിന്നും ഡൽഹിയിലേക്കുളള യാത്രാമധ്യേ വ്യാപം കേസ് അന്വേഷിക്കുന്ന മലയാളി സിബിഐ ഉദ്യോഗസ്ഥനെ ട്രെയിനിൽവെച്ച് പരിചയപ്പെടാനിടയായി. തെളിവുകൾ നശിപ്പിക്കപ്പെട്ട കേസിൽ സിബിഐ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നുവെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.
Content Highlights: vyapam scam madhya pradesh shivraj singh chauhan cbi bjp