ലളിതസത്യം ഉറക്കെ വിളിച്ചുപറഞ്ഞു; ചെന്നിത്തല ഓർമിപ്പിക്കുന്നത്| വഴിപോക്കൻ

ചേരാനല്ലൂരിലെ കാർ അപകടക്കേസിൽ പോലിസിന് തുടക്കത്തിൽ വീഴ്ച പറ്റിയെന്ന് പറഞ്ഞത് കേരള സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ്. പൊതുവേ നമ്മുടെ ഭരണാധികാരികൾ കുറ്റം ഏറ്റു പറയാറില്ല. സ്വന്തം വകുപ്പിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ അതിനെ എങ്ങിനെ ന്യായീകരിക്കാം എന്നാണ് ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവർ ആലോചിക്കുക. പോലീസിന്റെ മനോവീര്യം തകരും എന്ന നിലപാടിന്റെ മറയിൽ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും പോലീസിന്റെ എത്രയോ നിർദ്ദയ പ്രവൃത്തികൾ ന്യായീകരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ പങ്കെടുത്തിരുന്ന പൊതുയോഗങ്ങളിൽ കറുത്ത മാസ്ക് ധരിച്ചെത്തുന്നവരെപ്പോലും പുറത്താക്കുന്ന പോലീസ് നടപടിക്കെതിരെ ഒരു വാക്ക് പോലും അന്നത്തെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നക്സൽ സാഹിത്യം കയ്യിലുണ്ടായിരുന്നു എന്ന കുറ്റത്തിന് രണ്ട് ചെറുപ്പക്കാരെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തപ്പോഴും അതിനെ ന്യായീകരിക്കാനായിരുന്നു ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന പിണറായി വിജയൻ ഉത്സാഹിച്ചത്.
1958 ജൂലായിൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുമ്പോൾ കൊല്ലം ചന്ദനത്തോപ്പിൽ സമരം ചെയ്യുകയായിരുന്ന കശുവണ്ടിത്തൊഴിലാളികൾക്ക് നേരെ പോലിസ് വെടിവെച്ചപ്പോൾ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. തിരുവനന്തപുരത്ത് പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ചേരുന്നതിനിടെയാണ് ഈ ദാരുണ വാർത്ത കേട്ടതെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് കെ. ദാമോദരൻ എഴുതിയിട്ടുണ്ട്. തൊഴിലാളിവർഗ്ഗ പാർട്ടി ഭരിക്കുമ്പോൾ തൊഴിലാളികളെ പോലിസ് വെടിവെച്ചു കൊല്ലുന്നത് ആലോചിക്കാൻ പോലും ആവുമായിരുന്നില്ല. പക്ഷേ, പാർട്ടിയും ഭരണകൂടവും എടുത്ത നിലപാട് പോലിസിന്റെ മനോവീര്യം തകർക്കുന്ന ഒരു നടപടിയും തത്ക്കാലം വേണ്ടെന്നായിരുന്നു. വെടിവെപ്പ് ന്യായീകരിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ഒരാൾ ദാമോദരനായിരുന്നു. ഒരൊറ്റത്തവണയേ തനിക്കാ വെടിവെപ്പിനെ ന്യായീകരിക്കാനായുള്ളു എന്നും അതിനുശേഷം തനിക്കനുഭവപ്പെട്ട ആത്മനിന്ദ പറഞ്ഞറിയിക്കാനാവില്ലായിരുന്നു എന്നും ദാമോദരൻ എഴുതിയിട്ടുണ്ട്.
Content Highlights: Kerala Home Minister Ramesh Chennithala asserted accountability and addressed police lapses in the Cheranalloor accident case, emphasizing that no one is above the law.