പത്മജയ്ക്ക് മുന്നില്‍ കാവി പുതച്ച വഴി

#ജേക്കബ് ജോര്‍ജ്
പത്മജ വേണുഗോപാല്‍ ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍/ മാതൃഭൂമി
പത്മജ വേണുഗോപാല്‍ ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍/ മാതൃഭൂമി

ത്മജയ്ക്ക് മുരളിയേട്ടന്‍ എല്ലാമെല്ലാമായിരുന്നു. മുരളിയേട്ടാ എന്ന പത്മജയുടെ വിളിയില്‍ രണ്ടു കൂടപ്പിറപ്പുകള്‍ തമ്മിലുള്ള മുഴുവന്‍ സ്‌നേഹവും ബഹുമാനവും തെളിഞ്ഞുനിന്നു. ഒരു കുഞ്ഞനുജത്തിയുടെ കൊഞ്ചലും നിര്‍മലമായ സ്‌നേഹവായ്പും ആ വിളിക്കു മധുരം കൂട്ടി.  ആത്മാര്‍ത്ഥമായ ബന്ധം തന്നെയായിരുന്നു അത്. ഒരു കലര്‍പ്പുമില്ലാത്ത സ്‌നേഹം. പ്രകടമായി സ്‌നേഹവും ഇഷ്ടവും കാണിക്കുന്ന ആളല്ല മുരളി. അമ്മയോടായിരുന്നു കൂടുതല്‍ സ്‌നേഹവും അടുപ്പവും. 1991-95 കാലഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ മക്കളായ കെ. മുരളീധരനും പത്മജാ വേണുഗോപാലും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ ഊഷ്മളത നേരിട്ടു കണ്ട ആളെന്ന നിലയ്ക്കാണ് ഈ വരികള്‍ കുറിക്കുന്നത്. 

1991 - ല്‍ കോഴിക്കോട്ട് നിന്നുള്ള ലോക്‌സഭാംഗമായി മുരളീധരന്‍. മുഖ്യമന്ത്രി കണ്ണോത്ത് കരുണാകരന്റെ മകന്‍ കണ്ണോത്ത് മുരളീധരന്‍. കരുണാകരന്‍ കൈപിടിച്ചു വളര്‍ത്തിക്കൊണ്ടുവന്ന ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിങ്ങനെ ഐ ഗ്രൂപ്പിലെ വമ്പന്മാര്‍ ശത്രുവാക്കിക്കഴിഞ്ഞിരുന്ന മുരളീധരന്‍.

1989-ല്‍ സി.പി.എമ്മിന്റെ കരുത്തനായ നേതാവ് ഇ.കെ.  ഇമ്പിച്ചിവാവയെ തോല്‍പ്പിച്ചാണ് മുരളി ആദ്യം ലോക്‌സഭയിലെത്തിയത്. 1991-ല്‍ കോഴിക്കോട്ടു തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി നിന്നു ജയിച്ചു. ഇത്തവണ തോല്‍പ്പിച്ചത് ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറിനെ. ഞാന്‍ 'മാതൃഭൂമി' വിട്ട് 'ഇന്ത്യാ ടുഡേ'യില്‍ ചേര്‍ന്നത് 1990 ജനുവരിയിലായിരുന്നു. 1989 ഡിസംബര്‍ രണ്ടാം തീയതി വലിയ പ്രതീക്ഷകളുമായി വി.പി. സിങ്ങ് എന്ന കോണ്‍ഗ്രസുകാരന്‍ ജനതാദള്‍ നേതാവായി പ്രധാനമന്ത്രിയായ സമയം. ദേശീയ രാഷ്ട്രീയം സംഭവബഹുലമാവുകയായിരുന്നു.

വി.പി. സിങ്ങ് കൊണ്ടുവന്ന മണ്ഡല്‍ കമ്മീഷനും എസ്.സി/എസ്.ടി. ബില്ലും വലിയ സംഘര്‍ഷമുണ്ടാക്കിയ കാലം. ബിജെപിയുടെ പിന്തുണയോടെയായിരുന്നു വി.പി. സിങ്ങിന്റെ ഭരണം. രഥയാത്ര തുടങ്ങുന്നതിന്റെ പേരില്‍ ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് വി.പി. സിങ്ങ് സര്‍ക്കാര്‍ നിലംപൊത്തി. പിന്നെ ചന്ദ്രശേഖര്‍ ഗവണ്‍മെന്റ്. അതും രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ. അതേ രാജീവ് ഗാന്ധി പിന്നീട് പിന്തുണ പിന്‍വലിക്കുകയും ചെയ്തു.

പിന്നെ 1991 - ലെ പൊതു തിരഞ്ഞെടുപ്പ്. പ്രചാരണത്തിനിടെ രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ  ശ്രീപെരുംപുത്തൂരില്‍ ശ്രീലങ്കന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. പി.വി. നരസിംഹറാവു പ്രധാനമന്ത്രി. റാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസില്‍ നിര്‍ണായകമായ നീക്കങ്ങള്‍ നടത്തിയതിന്റെ പേരില്‍ 'കിങ്ങ് മേക്കര്‍' എന്ന ഖ്യാതിയുമായി അതേ സമയം തന്നെ കേരളത്തില്‍ കരുണാകരന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. 1991 - ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പും.

1987-ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് പാര്‍ട്ടി സെക്രട്ടറി വി.എസ്. അച്യുതാനന്ദന്റെ ചെയ്തികളും നീക്കങ്ങളും ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഇടതുപക്ഷം തൂത്തുവാരിയതും അത് കണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തയാക്കിയതും അതിനു പിന്നിലെ വി.എസിന്റെ മുഖ്യമന്ത്രി മോഹവുമൊക്കെ 'ഇന്ത്യാ ടുഡേ' മലയാളം പതിപ്പില്‍ ചൂടോടെ ചുരുള്‍ നിവര്‍ത്തുകയായിരുന്നു. 
തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ മുഖ്യമന്ത്രിയായതോടെ കേരള രാഷ്ട്രീയം തിരിഞ്ഞുമറിഞ്ഞു. ഞങ്ങള്‍ തിരുവനന്തപുരത്തെ പത്രക്കാര്‍ക്ക് കരുണാകര ഭരണകാലം ചൂടന്‍ വാര്‍ത്തകളുടെ കാലം തന്നെയാണ്.

കെ.കരുണാകരനും കുടുംബവും രാജീവ് ഗാന്ധിക്കൊപ്പം | ഫയല്‍ചിത്രം | മാതൃഭൂമി

പതിവുപോലെ ആന്റണിപക്ഷം കരുണാകരനെതിരെ തിരിഞ്ഞു. മുരളീധരന് 1989-ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റ് കൊടുത്തത് എ.കെ. ആന്റണി കണ്ണടച്ചു കൊടുത്തതുകൊണ്ടാണെന്നതുള്‍പ്പെടെ മുരളീധരനെപ്പറ്റി കഥകള്‍ പ്രചരിച്ചു. തന്നെ കാണാന്‍ വരുന്നവരോട് എം.പി.യെ കൂടി കണ്ടേക്കൂ എന്നു പറയുക കരുണാകരനും പതിവാക്കി. മുരളി ഒരധികാര കേന്ദ്രമായി വളരുകയായിരുന്നു. 
കാറപകടത്തില്‍ മുഖ്യമന്ത്രി കരുണാകരന് പരിക്കേറ്റതും വിദഗ്ദ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയതും പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കി. കരുണാകരന്റെ അരുമകളായിരുന്ന അനുയായികള്‍ തിരുത്തല്‍വാദികള്‍ എന്ന പേരില്‍ കരുണാകരനെ വെല്ലുവിളിച്ചു. ജി. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസും 'കൊട്ടാര വിപ്ലവ'മെന്നു പത്രങ്ങള്‍ വിശേഷിപ്പിച്ച ഈ നീക്കത്തിന്റെ ശില്‍പ്പികളായിരന്നു.

തിരുത്തല്‍ വാദികള്‍ ആന്റണി പക്ഷവുമായി ചേര്‍ന്നതോടെ കരുണാകര വിരുദ്ധ ചേരിക്ക് ശക്തിയേറി. അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയ കരുണാകരന്‍ തന്ത്രങ്ങള്‍ പുറത്തെടുത്തു തിരിച്ചടിക്കാന്‍ തുടങ്ങി. എ.കെ. ആന്റണിയെ നരസിംഹറാവു ഗവണ്‍മെന്റില്‍ മന്ത്രിയാക്കിയത് അതില്‍ പ്രധാനപ്പെട്ട നീക്കം. കരുണാകരനെതിരായി 'ഇന്ത്യാ ടുഡേ' ഒന്നിനു പുറകെ മറ്റൊന്നായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 'ഭരണം മൂവര്‍ സംഘത്തിന്റെ കൈയില്‍', 'കൊട്ടാര വിപ്ലവം' എന്നിങ്ങനെ തീകത്തുന്ന തലക്കെട്ടുകളില്‍ ചൂടന്‍ റിപ്പോര്‍ട്ടുകള്‍. കരുണാകരന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, ഡി.ജി.പി. മധുസൂദനന്‍, കെ. മുരളീധരന്‍ എം.പി. എന്നിവരുടെ മൂവര്‍ സംഘമാണ് ഭരണം നിയന്ത്രിച്ചിരുന്നതെന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. 'ഇന്ത്യാ ടുഡേ'യുടെ സുവര്‍ണ കാലമായിരുന്നു അത്. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെയും. കാറപകടം ഉണ്ടാക്കിയ അസ്വാസ്ഥ്യങ്ങളില്‍ നിന്ന് നല്ല മുക്തി നേടിത്തന്നെയാണ് കരുണാകരന്‍ തിരിച്ചെത്തിയത്. വീണ്ടും കരുത്തോടെ മുഖ്യമന്ത്രി കസേരയില്‍. ഇതിനിടയ്ക്ക് തിരുത്തല്‍വാദികളും ആന്റണി പക്ഷവും ഒന്നിച്ച് കരുണാകരനു നേരെ ആക്രമണം ശക്തമാക്കി.

ഈ കൂട്ടുകെട്ട് അപകടമാണെന്ന് കരുണാകരന്‍ മനസ്സിലാക്കി. അദ്ദേഹം പ്രധാനമന്ത്രിയെ സ്വാധീനിച്ച് എ.കെ. ആന്റണിയെ കേന്ദ്രമന്ത്രിസഭയിലേക്കെത്തിച്ചു. സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയാക്കി. കരുണാകരന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ആന്റണി തിരുത്തല്‍വാദികളെ തള്ളിപ്പറഞ്ഞു. ആന്റണി പക്ഷവും തിരുത്തല്‍ വാദികളും തമ്മിലുള്ള ബന്ധം ശിഥിലമായി. ആന്റണിയുടെ നീക്കത്തെ അതിശക്തമായി വിമര്‍ശിച്ച് കൊണ്ട് ഞാനെഴുതിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കുക തന്നെ ചെയ്തു. 'അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ കാണിച്ചാല്‍ ആന്റണിയും വീഴുമെന്ന് കരുണാകരനു നന്നായി അറിയാമായിരുന്നു' എന്നായിരുന്നു ആ റിപ്പോര്‍ട്ടിലെ ഒരു വാചകം. സ്വാഭാവികമായും ഈ വാചകം ആന്റണിയെ വല്ലാതെ ക്ഷുഭിതനാക്കി. 
കാലചക്രം പിന്നെയും തിരഞ്ഞുമറിഞ്ഞു. പഞ്ചസാര ഇറക്കുമതിയുടെ പേരിലുണ്ടായ ആരോപണം കാരണമാക്കി ആന്റണി കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. തിരുത്തല്‍വാദികളുമായി വീണ്ടും സഖ്യമുണ്ടാക്കിയ ആന്റണി മുഖ്യമന്ത്രി കരുണാകരനെതിരെ തിരിഞ്ഞു.

കെ.മുരളീധരന്‍, കെ.കരുണാകരന്‍, പത്മജ വേണുഗോപാല്‍ | ഫയല്‍ചിത്രം | മാതൃഭൂമി 
 

നിലപാടു മാറ്റം വിശദീകരിക്കാന്‍ ആന്റണി തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഞാനും പങ്കെടുത്തു. പത്രസമ്മേളനം കഴിഞ്ഞ് 'ഇന്ത്യാ ടുഡേ'യ്ക്ക് വേണ്ടി ഒരു ചോദ്യം ചോദിക്കാന്‍ തുനിഞ്ഞ എന്നോട് പെട്ടെന്ന് ആന്റണി ക്ഷുഭിതനായി. അതു വഴക്കും വാക്കേറ്റവുമായി വളര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ ചെറിയാന്‍ ഫിലിപ്പും ജി.എസ്. ബാബുവും ഇടപെട്ട് രംഗം ശാന്തമാക്കി. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഒരു വലിയ വിവാദമാവുന്നതും അതില്‍ പോലീസ് ഐ.ജി. രമണ്‍ശ്രീവാസ്തവയ്ക്ക് പങ്കുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വന്നതും ആ സമയത്തായിരുന്നു. തൃശൂര്‍ എസ്.പി. ആയിരിക്കുമ്പോള്‍ മുതലേ കരുണാകരന്റെ കുടുംബവുമായി അടുത്ത ബന്ധത്തിലായിരുന്നു ശ്രീവാസ്തവ. അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന ആരോപണവുമായി ആന്റണി - തിരുത്തല്‍വാദി കൂട്ടുകെട്ട് സമ്മര്‍ദം മുറുക്കിയതോടെ ഭരണമുന്നണി രാഷ്ട്രീയം കലുഷിതമായി.

ചാരക്കേസ് സംബന്ധിച്ച് തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ക്കു കിട്ടിക്കൊണ്ടിരുന്ന വിവരങ്ങള്‍ അത്രയ്ക്ക് ശരിയല്ലെന്ന് എനിക്ക് തോന്നി. എന്റെ പത്രാധിപര്‍ ശേഖര്‍ ഗുപ്തയുടെ സഹായത്തോടെ വിശദമായ അന്വേഷണം നടത്തിയ എനിക്ക് തികച്ചും വിഭിന്നമായ വസ്തുതകളാണ് കിട്ടിയത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ മാത്യു ജോണും ആര്‍.ബി. ശ്രീകുമാറും നേരിട്ടുകണ്ട് ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കരുണാകരന്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസില്‍ സംഘര്‍ഷം മുറുകി. കരുണാകരന്റെ നിലപാടു തന്നെയാണ് ശരിയെന്ന് എനിക്ക് തോന്നി. പതിയെ ഞാന്‍ അദ്ദേഹവുമായി അടുത്തു. പെട്ടെന്ന് അതൊരു വലിയ സൗഹൃദമായി വളര്‍ന്നു. ക്ലിഫ് ഹൗസില്‍ എപ്പോഴും ആശങ്കയുടെ ഒരു നിഴലാട്ടം ഞാന്‍ കണ്ടു. കരുണാകരനു കൂട്ടായി എപ്പോഴുമുണ്ടായിരുന്നത് പത്മജയായിരുന്നു. മുരളീധരന്‍ വരുന്നത് വല്ലപ്പോഴും.

പത്മജയുമായും എനിക്ക് അടുത്ത സൗഹൃദമായി. മുരളിയും പത്മജയും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പവും ഞാന്‍ കണ്ടു. മുരളിക്ക് എപ്പോഴും അരുമയായ കുഞ്ഞനുജത്തി തന്നെയായിരുന്നു പത്മജ. 

രാഷ്ട്രീയത്തില്‍ മുരളിയേക്കാള്‍ പത്മജയ്ക്കായിരന്നു താല്‍പ്പര്യം എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പിതാവിന്റെ രാഷ്ട്രീയ നീക്കങ്ങളൊക്കെ ക്ലിഫ് ഹൗസിലിരുന്നു നേരിട്ടു കണ്ടവളാണ് പത്മജ. രാഷ്ട്രീയത്തിലിറങ്ങാനും പത്മജ ഏറെ കൊതിച്ചു. കരുണാകരന്റെ പൈതൃകം തനിക്കാണെന്നും പത്മജ കരുതിയിട്ടുണ്ടാവും. പക്ഷേ, തന്റെ പിന്‍ഗാമിയായി കരുണാകരന്‍ കണ്ടത് ആദ്യജാതനായ മുരളിയെ തന്നെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള പാര്‍ട്ടി യോഗത്തില്‍ കോഴിക്കോട് പരിഗണനയ്ക്ക് വന്നപ്പോള്‍ കരുണാകരന്‍
തെല്ലുനേരത്തേക്ക് പുറത്തിറങ്ങിയതും ആന്റണിയുടെ സാന്നിധ്യത്തില്‍ ആ സമയത്ത് മുരളീധരന്റെ പേര് അംഗീകരിക്കപ്പെട്ടതും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഒരു ചരിത്രം തന്നെയാണ് ഇന്നും. രാഷ്ട്രീയത്തിന്റെ വ്യാകരണമൊന്നുമറിയാതെ എം.പി.യായ മുരളീധരന്‍ പിന്നീട് വളരെ വേഗം ഒരു മികച്ച രാഷ്ട്രീയക്കാരനായി വളര്‍ന്നു. ഇന്നു കേരളത്തിലെ മുന്‍നിര രാഷ്ട്രീയക്കാരിലൊരാള്‍ തന്നെയാണ് മുരളി.

പത്മജ വേണുഗോപാല്‍ | ഫോട്ടോ: വി.കെ.അജി/ മാതൃഭൂമി

ക്ലിഫ് ഹൗസില്‍ അതിശക്തനായ പിതാവ് കെ. കരുണാകരനോടൊപ്പം കഴിഞ്ഞ് എല്ലാ നീക്കങ്ങളും തന്ത്രങ്ങളും നേരിട്ടുകണ്ട് കേരള രാഷ്ട്രീയം ശരിക്ക് പഠിച്ച പത്മജ എങ്ങുമെത്തിയതുമില്ല. തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും മത്സരിച്ച ഇടങ്ങളിലൊക്കെ തോറ്റു. പ്രഗത്ഭയായ ഒരു രാഷ്ട്രീയക്കാരി എന്ന പേരെടുക്കാനുമായില്ല. രാഷ്ട്രീയ മോഹങ്ങള്‍ ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന പത്മജയ്ക്ക് വീട്ടിലിരുന്നിട്ട് ഇരിപ്പുറയ്ക്കാത്ത സ്ഥിതി. ജ്യേഷ്ഠന്‍ കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുന്നു. ക്ലിഫ് ഹൗസില്‍ കഴിയവേ മനസ്സില്‍ കുരുത്ത രാഷ്ട്രീയ മോഹങ്ങള്‍ ഇനിയും എങ്ങുമെത്താതെ നില്‍ക്കുന്നു.

ബിജെപി തുറന്നിട്ട വാതിലിലൂടെ പത്മജ രാഷ്ട്രീയത്തിലിറങ്ങുകയാണ്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂരമ്പലനടയിലെത്തി തൊഴുതു നിന്ന്, ഒരു വിശ്വാസിയായി ഉയര്‍ന്നുനിന്ന്, കോണ്‍ഗ്രസിനെ ഹിന്ദുത്വ ശക്തികളില്‍ നിന്നു സംരക്ഷിച്ചു നിര്‍ത്തിയ കരുണാകരന്‍ എന്ന വടവൃക്ഷത്തെ പത്മജ മറന്നുകഴിഞ്ഞു. മുരളിയേട്ടാ എന്ന വിളിയിലൂടെ കൊഞ്ചി വിളിച്ച സ്വന്തം ഏട്ടന്‍ മുരളിയെ തള്ളിപ്പറയുകയും ചെയ്തു. ഇനി പത്മജയ്ക്ക് കാവി പുതച്ച താമരയുടെ വഴി.


 

Content Highlights: padmaja venugopal entry to bjp