തൊടുപുഴ ഇടുക്കിയിലോ മൂവാറ്റുപുഴയിലോ; ചർച്ച ഓൺ എയർ

ഡീന്‍ കുര്യാക്കോസ്, പ്രൊഫ. എം.ജെ. ജേക്കബ്, റെജി കുന്നംകോട്ട്, കെ.പി. മേരി
ഡീന്‍ കുര്യാക്കോസ്, പ്രൊഫ. എം.ജെ. ജേക്കബ്, റെജി കുന്നംകോട്ട്, കെ.പി. മേരി

തൊടുപുഴ: മൂവാറ്റുപുഴ ജില്ലയെപ്പറ്റി സർക്കാർ ഗൗരവമായി ചിന്തിക്കുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തൊടുപുഴയെ മൂവാറ്റുപുഴയ്ക്ക് വിട്ടുകൊടുക്കണോ അതോ ഇടുക്കിയിൽതന്നെ നിലനിർത്തുമോ എന്ന ചർച്ചകൾ സജീവമായി.

മൂവാറ്റുപുഴ ജില്ലയിൽ ഏതൊക്കെ പ്രദേശങ്ങൾ ചേർക്കും എന്ന കാര്യത്തിൽ പ്രാഥമിക ചർച്ചപോലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പക്ഷേ, പണ്ടുമുതൽ മൂവാറ്റുപുഴ ജില്ലയ്‌ക്കൊപ്പം തൊടുപുഴയുടെ പേരും ചേർത്തുവായിച്ചിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചയ്ക്ക് ഇടയാക്കിയത്. സാമൂഹികമാധ്യമങ്ങളിൽ ഒരു വിഭാഗം, തൊടുപുഴയെ മൂവാറ്റുപുഴയോട് ചേർക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ, കേരള കോൺഗ്രസ് അടക്കമുള്ള ജില്ലയിലെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികളെല്ലാം ഇതിന് എതിരാണ്. തൊടുപുഴ ഇടുക്കിയുടെ നട്ടെല്ലാണെന്നും വിട്ടുകൊടുക്കാനാകില്ലെന്നുമാണ് കേരള കോൺഗ്രസ് നിലപാട്.

1982-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മൂവാറ്റുപുഴ ജില്ലയെന്ന ആശയം ഉയർന്നത്. മൂവാറ്റുപുഴയ്‌ക്കൊപ്പം എറണാകുളം ജില്ലയുടെ ഭാഗമായ കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ചില പ്രദേശങ്ങളും കൂട്ടിച്ചേർക്കാമെന്നായിരുന്നു അന്നത്തെ ആശയം. പിന്നീട് സർക്കാരുകളുടെ ഭാഗത്തുനിന്ന് കാര്യമായ ചലനമുണ്ടായില്ല. ജില്ല വിഭജിക്കുന്നതിനെപ്പറ്റി പഠിക്കാൻ ഡി ലിമിറ്റേഷൻ കമ്മിഷൻ രൂപവത്കരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാൽ, തൊടുപുഴയെ ഇടുക്കിജില്ലയുടെ ഭാഗമായി തന്നെ നിലനിർത്താനും, ഇടുക്കിക്കാരനെന്ന് അറിയപ്പെടാനുമാണ് ആഗ്രഹമെന്നും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് വ്യക്തമാക്കി. തൊടുപുഴ ഇടുക്കിയുടെ ആത്മാവും ഹൃദയുമാണെന്നും അത് പറിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നും മന്ത്രി മോൻസ് ജോസഫും നിലപാടറിയിച്ചിരുന്നു.

സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ല

മൂവാറ്റുപുഴജില്ല എന്ന ആശയം നല്ലതാണ്. അതിനോട് വിയോജിപ്പില്ല. എന്നാൽ തൊടുപുഴയെ പുതിയ ജില്ലയോടു ചേർക്കണോ എന്നതിൽ തീരുമാനമെടുക്കുമ്പോൾ ഭാഷാപരമായ സന്തുലിതാവസ്ഥയും സാമ്പത്തിക സാമൂഹിക കാരണങ്ങളും സമഗ്രമായി പഠിച്ചുവേണം തീരുമാനിക്കാൻ. മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ കാലത്ത് പ്രാരംഭചർച്ചകൾ നടന്നിരുന്നു തൊടുപുഴയെ പുതിയ ജില്ലയിൽ ചേർക്കണോ എന്ന ചർച്ചയും ഉൾപ്പെട്ടിരുന്നു അന്ന് അത് ഉപേക്ഷിക്കാൻ എടുത്ത കാരണങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.- പ്രൊഫ: എം.ജെ. ജേക്കബ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്

നയംവ്യക്തമാക്കേണ്ട സമയത്ത് പറയും

മൂവാറ്റുപുഴ ജില്ലാ രൂപവത്കരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ തൊടുപുഴയെ നിർദിഷ്ട ജില്ലയുമായി ചേർക്കണോ എന്ന കാര്യത്തിൽ തീരുമാനിക്കേണ്ട സമയം ഇപ്പോഴായിട്ടില്ല. ജില്ലാ രൂപവത്കരണത്തിന് മുന്നോടിയായി വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ യോഗം സർക്കാർ വിളിക്കും. അപ്പോൾ പാർട്ടിയുടെ നയംവ്യക്തമാക്കും. കെ.പി.മേരി, സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം

ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും

തൊടുപുഴ ഇടുക്കിയുടെ ഭാഗമായി തുടരണം. ഇല്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. മുല്ലപ്പെരിയാർ ഡാം അടക്കമുള്ള വിഷയങ്ങളിൽ വലിയ പ്രതിസന്ധി രൂപപ്പെടും. ഇതിന് പുറമേ കാലങ്ങളായി ജില്ലയിൽ നിശ്ശബ്ദമായി കിടക്കുന്ന ഭാഷാവാദവും വംശീയപ്രശ്‌നങ്ങളും തലപൊക്കും.

ജില്ലയിൽ ഭൂപ്രശ്നം ഇല്ലാത്തത് തൊടുപുഴയിലാണ്. ഇടുക്കി ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗങ്ങൾ സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. മൂവാറ്റുപുഴയിൽ ജില്ല വന്നോട്ടെ പക്ഷേ തൊടുപുഴയതിൽ വേണ്ട. - റെജി കുന്നംകോട്ട്, കർഷകയൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ്.

സർക്കാരിന്റെ നയപരമായ തീരുമാനം

തൊടുപുഴയെ മൂവാറ്റുപുഴ ജില്ലയിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. പുതിയ ജില്ലയിൽ ഏതൊക്കെ താലൂക്കുകൾ ഉൾപ്പെടുത്തണമെന്നത് തീരുമാനിച്ചിട്ടില്ല. ഡീലിമിറ്റേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കുമിത്. എന്നും തൊടുപുഴക്കാരുടെ വികാരത്തിന് ഒപ്പമായിരിക്കും നിലകൊള്ളുക- ഡീൻ കുര്യാക്കോസ്, എം.പി.