വണ്ടികൾ കൊണ്ടുവരൂ... മൂന്നാർ വൃത്തിയാകട്ടെ...

വാഹനങ്ങളില്ലാത്തതിനാൽ മൂന്നാറിലെ മാലിന്യനിർമാർജനം അവതാളത്തിൽ

മൂന്നാർ : സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാർ. അവിടിപ്പോൾ ചീഞ്ഞുനാറുകയാണ്.

ശുചീകരണ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾ എത്താത്തതാണ് പ്രശ്‌നം. മാലിന്യനിർമാർജനം ആകെ അവതാളത്തിലായി. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് മാസമായി മാലിന്യങ്ങൾ കെട്ടിക്കിടപ്പുണ്ട്.

മൂന്നാർ ടൗൺ, കോളനി ഭാഗങ്ങളിലാണ് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത്.

ഇതിൽനിന്ന് ഉയരുന്ന ദുർഗന്ധം അസഹ്യമാണ്. സമീപവാസികൾ വലിയ ദുരിതത്തിലാണ്. വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ടാണ്.

വണ്ടികൾ എവിടെ..

വിവിധ ഇടങ്ങളിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ പഞ്ചായത്തിന്റെ വാഹനത്തിൽ കയറ്റി നല്ലതണ്ണി മാലിന്യ നിർമാർജന പ്ലാന്റിൽ എത്തിക്കുകയാണ് പതിവ്. രണ്ട് വണ്ടികളുണ്ട്. ഇപ്പോൾ രണ്ടും കാണാനില്ല.

ഒരെണ്ണം പരിശോധനകൾക്കായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുമ്പിൽ ഹാജരാക്കി എന്ന് പറയുന്നു.

എന്നാൽ, രണ്ടോ മൂന്നോ ദിവസം വേണ്ടിവരുന്ന പരിശോധനകൾക്കായി ആഴ്ചകളോളം വാഹനങ്ങൾ കാണാൻ ഇല്ലെന്ന ചോദ്യത്തിന് പഞ്ചായത്ത് അധികൃതർക്ക് കൃത്യമായ മറുപടി ഇല്ല. രണ്ടാമത്തെ വാഹനം എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല.

വലിയ നാണക്കേട്

വിദേശികൾ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്. മാലിന്യങ്ങൾ ഇങ്ങനെ കെട്ടിക്കിടക്കുന്നത് കാരണം അവരുടെ ഉള്ളിൽ അവമതിപ്പുണ്ടാക്കും. ഇത് വിനോദസഞ്ചാരത്തിന് തിരിച്ചടിയാകും.

എല്ലാവർക്കും ഉത്തരവാദിത്വം

മൂന്നാറിലെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് മൂന്നാർ പഞ്ചായത്ത് തന്നെ നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്. ആവശ്യത്തിനുള്ള വാഹനങ്ങൾ വാങ്ങിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിസ്തൃതമായ മൂന്നാർ പഞ്ചായത്തിലുടനീളം എത്തി മാലിന്യങ്ങൾ ശേഖരിക്കാൻ രണ്ടോ മൂന്നോ വാഹനങ്ങൾകൂടി ആവശ്യമായി വരുന്നുണ്ട്.

കൂടാതെ സഞ്ചാരികളും പ്രദേശവാസികളും വേണ്ട രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സഞ്ചാരികൾ വലിയ തോതിൽ മൂന്നാറിൽ മാലിന്യം തള്ളുന്നുണ്ട്. പ്രദേശവാസികളും. മൂന്നാർ സുന്ദരമായി തന്നെ നിലനിർത്താൻ എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് ഓർക്കണം. ഇല്ലെങ്കിൽ അഭിമാനകേന്ദ്രം നശിക്കും.