‘പടയപ്പ’യെ തകർത്ത് കൊമ്പൻ പടയപ്പ

‘പടയപ്പ ടീ സ്റ്റാൾ’ ഉൾപ്പെടെ ആറ് വഴിയോരസ്ഥാപനങ്ങൾ തകർത്തു
മൂന്നാർ : കടയ്ക്ക് തന്റെ പേരാണെന്നോ, മുമ്പിൽ തന്റെ ഫോട്ടോ ഉണ്ടന്നോ എന്നോന്നും പടയപ്പ നോക്കിയില്ല. അതങ്ങ് തകർത്തു. ഇതുകൂടാതെ മറ്റ് അഞ്ച് വഴിയോര കടകളും. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡനു സമീപത്തുള്ള ആറ് വഴിയോരക്കടകളാണ് പടയപ്പ തകർത്തത്. അതിൽ ഒന്ന് ‘പടയപ്പ ടീ സ്റ്റാളാ’യിരുന്നു. കടയുടെ ഒരുഭാഗമാണ് തകർത്തത്.
ഗതഗാത തടസ്സം സൃഷ്ടിക്കുന്നതിനാൽ മൂന്നാറിലെ വഴിയോരക്കടകൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി പലപ്രാവശ്യം നിർദേശം നൽകിയിരുന്നു. ഇവ ഒഴിപ്പിക്കാനുള്ള നടപടി പഞ്ചായത്തും റവന്യു വകുപ്പും സ്വീകരിക്കുന്നതിനിടെയാണ് ആ കടകളിലേക്ക് പടയപ്പയുടെ പരാക്രമം.
പടയപ്പയുടെ ശല്യം ഇപ്പോൾ മൂന്നാർ മേഖലയിൽ രൂക്ഷമാണ്. ബുധനാഴ്ച പുലർച്ചെ ഗ്രാംസ്ലാൻഡ് എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിച്ചിരുന്ന വീട് തകർത്ത് അകത്തുകടക്കാൻ പടയപ്പ ശ്രമിച്ചിരുന്നു. ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ പുതപ്പും വലിച്ചെടുത്തു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടത്. ഇതിനുശേഷം വീടിന്റെ പുറത്തുള്ള കൃഷികളും നശിപ്പിച്ചശേഷമാണ് കാട്ടാന മടങ്ങിയത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാംസ്ലാൻഡ്. കൊരണ്ടക്കാട്, മാട്ടുപ്പെട്ടി എന്നീ സ്ഥലങ്ങളിലെ ജനവാസമേഖലകളിലാണ് കാട്ടാന സ്ഥിരമായി എത്തുന്നത്. ഗൂഡാർവിള, സൈലന്റ് വാലി, എല്ലപ്പെട്ടി, ലോക്കാട്, ദേവികുളം എന്നീ എസ്റ്റേറ്റുകളിലെ ജനവാസ മേഖലകളിലും പടയപ്പ നിരന്തരം ഭീഷണി ഉയർത്തുകയാണ്. റോഡുകളിൽ ഓടുന്ന വാഹനങ്ങൾക്കുസമീപം പാഞ്ഞടുക്കുന്നുണ്ട്.